ജരന്‍വാല കലാപത്തിന് മൂന്നാണ്ട് തികയുമ്പോഴും ഇരകളായവരോട് മുഖം തിരിച്ച് സര്‍ക്കാര്‍; നീതി തേടി പാകിസ്ഥാനിലെ ക്രൈസ്തവ സമൂഹം

ജരന്‍വാല കലാപത്തിന് മൂന്നാണ്ട് തികയുമ്പോഴും ഇരകളായവരോട് മുഖം തിരിച്ച് സര്‍ക്കാര്‍; നീതി തേടി പാകിസ്ഥാനിലെ ക്രൈസ്തവ സമൂഹം

ലാഹോര്‍: പാകിസ്ഥാനിലെ പഞ്ചാബ് പ്രവിശ്യയിലുള്ള ജരന്‍വാലയില്‍ ക്രൈസ്തവ ദൈവാലയങ്ങള്‍ക്കും വീടുകള്‍ക്കും നേരെയുണ്ടായ അതിക്രൂരമായ കലാപം നടന്ന് മൂന്ന് വര്‍ഷം പിന്നിട്ടിട്ടും ഇരകളായവര്‍ക്ക് അര്‍ഹമായ നഷ്ട പരിഹാരമോ, പ്രതികള്‍ക്ക് തക്കതായ ശിക്ഷയോ ലഭിച്ചിട്ടില്ല.

2023 ഓഗസ്റ്റ് 16 നായിരുന്നു വ്യാജ മതനിന്ദ ആരോപിച്ച് അക്രമി സംഘം ജരന്‍വാലയിലെ ക്രൈസ്തവ മേഖലകള്‍ ആക്രമിച്ചത്. കലാപത്തില്‍ ഇരുപതിലധികം ദേവാലയങ്ങളും നൂറിലധികം വീടുകളുമാണ് അഗ്നിക്കിരയാക്കുകയും തകര്‍ക്കപ്പെടുകയും ചെയ്തത്. ആയിരക്കണക്കിന് ആളുകള്‍ക്ക് സ്വന്തം വീടുകള്‍ ഉപേക്ഷിച്ച് ഓടിപ്പോകേണ്ടി വന്നു.

കലാപത്തിന്റെ മൂന്നാം വാര്‍ഷികത്തില്‍ നീതിയും സുരക്ഷയും ആവശ്യപ്പെട്ട് ക്രൈസ്തവ സമൂഹം പ്രതിഷേധത്തിലാണ്. ഇരകളായവര്‍ക്ക് ഇപ്പോഴും അര്‍ഹമായ നഷ്ട പരിഹാരമോ, പ്രതികള്‍ക്ക് അര്‍ഹമായ ശിക്ഷയോ ലഭിച്ചിട്ടില്ലെന്ന് പ്രാദേശിക സഭാ നേതൃത്വം ചൂണ്ടിക്കാണിക്കുന്നു.

കലാപത്തിന് ഇരയായ കുടുംബങ്ങളെ അനുസ്മരിക്കുന്നതിനും സമാധാനത്തിനായി പ്രാര്‍ഥിക്കുന്നതിനുമായി പ്രത്യേക പ്രാര്‍ഥനാ ശുശ്രൂഷകളും അനുസ്മരണ ചടങ്ങുകളും പ്രദേശത്ത് സംഘടിപ്പിച്ചു. വന്‍തോതിലുള്ള നാശനഷ്ടങ്ങള്‍ സംഭവിച്ചിട്ടും ചില ദേവാലയങ്ങളുടെ പുനരുദ്ധാരണം മാത്രമാണ് ഭാഗികമായി പൂര്‍ത്തിയായതെന്നും ഭൂരിഭാഗം കുടുംബങ്ങളും ഇപ്പോഴും സാമ്പത്തികവും മാനസികവുമായ പ്രയാസങ്ങളിലൂടെയാണ് കടന്നു പോകുന്നതെന്നും സഭാ നേതാക്കള്‍ വ്യക്തമാക്കുന്നു.

പാക്കിസ്ഥാനില്‍ ന്യൂനപക്ഷങ്ങള്‍ക്കെതിരെ നടക്കുന്ന ഇത്തരം അതിക്രമങ്ങള്‍ തടയുന്നതിനും മതനിന്ദ നിയമങ്ങളുടെ ദുരുപയോഗം അവസാനിപ്പിക്കുന്നതിനും സര്‍ക്കാര്‍ ശക്തമായ നിയമനടപടികള്‍ സ്വീകരിക്കണമെന്ന് മനുഷ്യാവകാശ പ്രവര്‍ത്തകരും ക്രിസ്ത്യന്‍ സംഘടനകളും ആവശ്യപ്പെട്ടു.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.