'ഇമ്രാന്‍ ഖാനെ ഉടന്‍ ആശുപത്രിയിലേക്ക് മാറ്റണം'; സര്‍ക്കാരിന്റെ എതിര്‍പ്പ് തള്ളി പാക് സുപ്രീം കോടതി

'ഇമ്രാന്‍ ഖാനെ ഉടന്‍ ആശുപത്രിയിലേക്ക് മാറ്റണം'; സര്‍ക്കാരിന്റെ എതിര്‍പ്പ് തള്ളി പാക് സുപ്രീം കോടതി

ഇസ്ലമാബാദ്: പാകിസ്ഥാന്‍ മുന്‍ പ്രധാനമന്ത്രിയും പാക് തഹ്രീക്കെ ഇന്‍സാഫ് (പി.ടി.ഐ) അധ്യക്ഷനുമായ ഇമ്രാന്‍ ഖാനെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റാന്‍ ഉത്തരവിട്ട് പാക് സുപ്രീം കോടതി.

പാകിസ്ഥാനിലെ ജയിലില്‍ കഴിയുന്ന ഇമ്രാന്‍ ഖാന്റെ ആരോഗ്യനില വഷളാണെന്ന വാര്‍ത്തകള്‍ക്കിടെയാണ് കോടതിയുടെ നിര്‍ണായക ഇടപെടല്‍. സര്‍ക്കാരിന്റെ എതിര്‍പ്പ് തള്ളിയ കോടതി 48 മണിക്കൂറിനുള്ളില്‍ ഖാനെ ഷിഫ ഇന്റര്‍നാഷണല്‍ ആശുപത്രിയിലേക്ക് മാറ്റാനും സെപ്റ്റംബര്‍ 16 വരെ അവിടെ തുടരാന്‍ അനുവദിക്കാനും നിര്‍ദേശിച്ചു.

ഇമ്രാന്‍ ഖാന്റെ ആരോഗ്യനില വിലയിരുത്താന്‍ ഒരു മെഡിക്കല്‍ ബോര്‍ഡും രൂപീകരിക്കും. ഇതില്‍ ഖാന്റെ സഹോദരി ഡോ. അലീമ ഖാനെയും ഉള്‍പ്പെടുത്തും.

മെഡിക്കല്‍ റിപ്പോര്‍ട്ടുകള്‍ മുന്‍നിര്‍ത്തി ഇമ്രാന്റെ കുടുംബവും പാര്‍ട്ടി നേതാക്കളും ഉന്നയിച്ച ദീര്‍ഘകാലമായുള്ള ആവശ്യത്തിലാണ് നടപയെന്ന് പി.ടി.ഐ വക്താവ് നഈം ഹൈദര്‍ പന്‍ജുത പറഞ്ഞു.

കോടതി ഉത്തരവ് സ്വാഗതാര്‍ഹമാണെന്നും ഇത് മുന്‍പേ വന്നിരുന്നെങ്കില്‍ ഇമ്രാന്റെ കാഴ്ചശക്തിയും ആരോഗ്യവും ഇത്ര മോശമാകില്ലായിരുന്നെന്നും പി.ടി.ഐ നേതാവ് സുല്‍ഫിക്കര്‍ ബുഖാരി പറഞ്ഞു.

2022 ല്‍ അധികാരത്തില്‍ നിന്ന് പുറത്തായതിനെ തുടര്‍ന്ന് രാഷ്ട്രീയ പ്രേരിതമായി ചുമത്തിയ കേസിലാണ് ഇമ്രാന് ശിക്ഷ ലഭിക്കുന്നത്. ഔദ്യോഗികമായി ലഭിച്ച സമ്മാനങ്ങള്‍ വിറ്റ കേസും നിയമവിരുദ്ധ വിവാഹക്കേസും ഉള്‍പ്പെടെ നിരവധി കേസുകളിലാണ് ഇമ്രാനെ പ്രതിചേര്‍ത്തത്.

ഇതില്‍ ചില കേസുകളിലെ ശിക്ഷ തടയുകയോ റദ്ദാക്കുകയോ ചെയ്തിട്ടുണ്ടെങ്കിലും അപ്പീലുകള്‍ നിലനില്‍ക്കുന്നു. തനിക്കെതിരായ ആരോപണങ്ങളെല്ലാം അദ്ദേഹം നിഷേധിച്ചിട്ടുണ്ട്.

2023 ഓഗസ്റ്റ് മുതല്‍ ജയിലിലാണ്. കഴിഞ്ഞ വര്‍ഷം മുതല്‍ ഇമ്രാന്റെ ആരോഗ്യത്തില്‍ മക്കള്‍ ആശങ്കയറിയിച്ചിരുന്നു. വലതു കണ്ണിന് കാഴ്ച കുറഞ്ഞതായി അദേഹത്തിന്റെ അഭിഭാഷകരും വ്യക്തമാക്കിയിരുന്നു.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.