ദേശീയ പണിമുടക്ക് ആരംഭിച്ചു: പണിമുടക്കുന്നവർക്ക് ശമ്പളമില്ല; ഇന്നത്തെ പരീക്ഷകളെല്ലാം മാറ്റി

ദേശീയ പണിമുടക്ക് ആരംഭിച്ചു: പണിമുടക്കുന്നവർക്ക് ശമ്പളമില്ല; ഇന്നത്തെ പരീക്ഷകളെല്ലാം മാറ്റി

കൊച്ചി: സംയുക്ത ട്രേഡ് യൂണിയനുകൾ ആഹ്വാനം ചെയ്ത 24 മണിക്കൂർ പണിമുടക്ക് ആരംഭിച്ചു. കേരളത്തിൽ പണിമുടക്ക് പൂർണമാണ്. അവശ്യ സർവീസുകളെ ഒഴിവാക്കിയിട്ടുണ്ടെങ്കിലും പൊതുഗതാഗതം നിലച്ചതോടെ സംസ്ഥാനം ഒരു ബന്ദ് പ്രതീതിയിലേക്ക് നീങ്ങുകയാണ്.

പണിമുടക്ക് നേരിടാൻ സംസ്ഥാന സർക്കാർ കർശന നടപടികളാണ് സ്വീകരിച്ചിരിക്കുന്നത്. ജീവനക്കാർ ജോലിക്ക് ഹാജരാകണമെന്ന് നിർദേശിച്ച സർക്കാർ ഡയസ്നോൺ പ്രഖ്യാപിച്ചു. ജോലിക്ക് വരാത്തവർക്ക് അന്നത്തെ ശമ്പളം ലഭിക്കില്ലെന്നും അച്ചടക്ക നടപടികൾ ഉണ്ടാകുമെന്നും ഉത്തരവിൽ പറയുന്നു.

പണിമുടക്കിന്റെ ഭാഗമായി ജില്ലാ കേന്ദ്രങ്ങളിൽ ഉച്ചവരെ നീളുന്ന യോഗങ്ങളും പ്രകടനങ്ങളും നടക്കും. മഹിളാ, വിദ്യാർത്ഥി, യുവജന സംഘടനകൾ സമരത്തിന് പിന്തുണയുമായി തെരുവിലിറങ്ങും. തലസ്ഥാനത്ത് മ്യൂസിയം ജങ്ഷനിൽ നിന്ന് ആരംഭിക്കുന്ന പ്രധാന പ്രതിഷേധ പ്രകടനം ലോക് ഭവന് മുന്നിൽ സമാപിക്കും.

കേന്ദ്ര സർക്കാർ കൊണ്ടുവന്ന ലേബർ കോഡുകൾ പിൻവലിക്കുക, കർഷക വിരുദ്ധ നിയമങ്ങൾ പിൻവലിക്കുക, മഹാത്മാഗാന്ധി തൊഴിലുറപ്പു പദ്ധതി പുനസ്ഥാപിക്കുക, വൈദ്യുതി നിയമഭേദഗതി പിൻവലിക്കുക തുടങ്ങി വിവിധ ആവശ്യങ്ങളുന്നയിച്ചാണ് പണിമുടക്ക്.

സിഐടിയു, ഐഎൻടിയുസി, എഐടിയുസി തുടങ്ങി പത്ത് തൊഴിലാളി സംഘടനകളും വിവിധ ഫെഡറേഷനുകളുമാണ് പണിമുടക്കിന് ആഹ്വാനം ചെയ്തത്. സിപിഎം, സിപിഐ, കോൺ​ഗ്രസ് ഉൾപ്പെടെയുള്ള രാഷ്ട്രീയ സംഘടനകൾ പണിമുടക്കിന് പൂർണ പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. സംയുക്ത കിസാൻ മോർച്ചയും സമരത്തിൽ പങ്കെടുക്കുന്നുണ്ട്.

ഓട്ടോ, ടാക്സി, ബസ്, ലോറി തൊഴിലാളികൾ പങ്കെടുക്കും. റെയിൽവേ, വിമാനത്താവള തൊഴിലാളികളും പണിമുടക്കിന്റെ ഭാഗമാകും. തുറമുഖം, വൈദ്യുതി, ടെലികോം, ഐടി, ബാങ്കിങ്, ഇൻഷുറൻസ്, ഓൺലൈൻ വ്യാപാരം, തൊഴിലുറപ്പ് മേഖലകളിലെ ജീവനക്കാരും സമരത്തിൽ അണിനിരക്കും. പാൽ, പത്രം, ആശുപത്രി, മരുന്ന് ഷോപ്പുകൾ തുടങ്ങിയ അവശ്യ സർവീസുകളെ പണിമുടക്കിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.

കേരള സർവകലാശാല വ്യാഴാഴ്ച നടത്താൻ നിശ്ചയിച്ചിരുന്ന എംഎഫ്എ (പെയിന്റിങ് & സ്കൾപ്ച്ചർ) 1, 3 സെമസ്റ്ററുകളുടെ പരീക്ഷകൾ യഥാക്രമം 18, 19 തീയതികളിൽ നടത്തും. അഞ്ചാം സെമസ്റ്റർ കരിയർ റിലേറ്റഡ് ബിഎസ്‍സി ഇലക്ട്രോണിക്സിന്റെ ഇന്ന് നടത്താനിരുന്ന പ്രാക്ടിക്കൽ 18ന് ന‌ടത്തും. കരിയർ റിലേറ്റ‍ഡ് ബിസിഎ (റെഗുലർ - 2023 അഡ്മിഷൻ, സപ്ലിമെന്ററി – 2021 & 2022 അഡ്മിഷൻ, മേഴ്സിചാൻസ് - 2019 അഡ്മിഷൻ), 2025 ഡിസംബർ പരീക്ഷയുടെ ഇന്ന് നടത്താൻ നിശ്ചയിച്ചിരുന്ന പ്രാക്ടിക്കൽ 16ന് നടത്തും

എംജി സർവകലാശാല വ്യാഴാഴ്ച നടത്താൻ നിശ്ചയിച്ചിരുന്ന എല്ലാ പരീക്ഷകളും മാറ്റി വച്ചു. പുതുക്കിയ തീയതി പിന്നീട് അറിയിക്കും. ഇന്ന് നടക്കാനിരുന്ന പിഎസ്‌സി ഓൺലൈൻ പരീക്ഷകളും മാറ്റിയിട്ടുണ്ട്. പിഎസ്‌സി കോഴിക്കോട് ഓൺലൈൻ പരീക്ഷാ കേന്ദ്രത്തിൽ ഇന്ന് നടത്താനിരുന്ന ഇൻഡസ്ട്രിയൽ ട്രെയിനിങ് ഡിപ്പാർട്മെൻ്റ് ജൂനിയർ ഇൻസ്ട്രക്ടർ (കംപ്യൂട്ടർ എയ്ഡഡ് എംബ്രോയ്ഡറി ആൻഡ് ഡിസൈനിങ് (കാറ്റഗറി നമ്പർ: 580/2024) തസ്തികയുടെ ഓൺലൈൻ പരീക്ഷ പൊതുപണിമുടക്ക് നടക്കുന്നതിനാൽ ഫെബ്രുവരി 21ലേക്ക് മാറ്റി. പരീക്ഷാ കേന്ദ്രത്തിലോ സമയത്തിലോ മാറ്റമില്ല. നിലവിൽ ഡൗൺലോഡ് ചെയ്ത അഡ്മിഷൻ ടിക്കറ്റുമായി അന്നേ ദിവസം എത്തണം എന്നാണ് നിർദേശം.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.