ധാക്ക : ബംഗ്ലാദേശിൽ താരിഖ് റഹ്മാന്റെ നേതൃത്വത്തിൽ പുതിയ സർക്കാർ ചൊവ്വാഴ്ച സത്യപ്രതിജ്ഞ ചെയ്യും. ചടങ്ങിലേക്ക് ഇന്ത്യ, പാക് പ്രധാനമന്ത്രിമാരെ ക്ഷണിച്ചതായി ബംഗ്ലാദേശ് നാഷണൽ പാർട്ടി അറിയിച്ചു. ഫ്രഞ്ച് പ്രസിഡൻറ് ചൊവ്വാഴ്ച ഇന്ത്യയിലെത്തുന്നതിനാൽ പ്രധാനമന്ത്രി നരേന്ദ്ര മോഡി സത്യപ്രതിജ്ഞാ ചടങ്ങിൽ പങ്കെടുത്തേക്കില്ല.
ചൈനീസ് പ്രസിഡന്‍റിനെയും ചടങ്ങിലേക്ക് ക്ഷണിച്ചിട്ടുണ്ട്. മോഡിക്ക് പകരം ഉപരാഷ്ട്രപതിയോ വിദേശകാര്യമന്ത്രിയോ ചടങ്ങിൽ പങ്കെടുത്തേക്കും. പാക് പ്രധാനമന്ത്രിക്കൊപ്പം വേദി പങ്കിടണോയെന്നതിലും ഇന്ത്യ ആലോചനയിലാണ്. സാർക്ക് രാജ്യങ്ങളുടെ പ്രാതിനിധ്യം ചടങ്ങിലുറപ്പിക്കാനാണ് ബംഗ്ലാദേശിന്‍റെ തീരുമാനം.
അതിനിടെ രാജ്യ താൽപര്യങ്ങൾ മുൻനിർത്തിയാകും ഇന്ത്യയടക്കമുള്ള രാജ്യങ്ങളുമായുള്ള വിദേശകാര്യ നയമെന്ന് താരിഖ് റഹ്മാൻ വ്യക്തമാക്കി. സത്യപ്രതിജ്ഞയ്ക്ക് മുന്നോടിയായി ജമാ അത്തെ ഇസ്ലാമിയടക്കമുള്ള പ്രതിപക്ഷ പാർട്ടി നേതാക്കളുമായി താരിഖ് റഹ്മാൻ ഇന്ന് കൂടിക്കാഴ്ച നടത്തും.
വ്യാഴാഴ്ച നടന്ന പൊതു തിരഞ്ഞെടുപ്പിൽ 300 ൽ 209 സീറ്റുകളും സ്വന്തമാക്കിയാണ് താരിഖ് റഹ്മാൻ നയിക്കുന്ന ബംഗ്ലാദേശ് നാഷണലിസ്റ്റ് പാർട്ടി ഭരണം പിടിച്ചെടുത്തത്. പ്രവചനങ്ങൾ എല്ലാം മറികടന്ന വമ്പൻ വിജയമാണ് ബംഗ്ലാദേശ് നാഷണലിസ്റ്റ് പാർട്ടിക്ക് ലഭിച്ചത്.
ഷെയ്ഖ് ഹസീന പുറത്തായശേഷമുള്ള ആദ്യ പൊതു തിരഞ്ഞെടുപ്പിലാണ് ബംഗ്ലാദേശ് നാഷണലിസ്റ്റ് പാർട്ടിക്ക് മൂന്നിൽ രണ്ട് ഭൂരിപക്ഷം ലഭിച്ചത്. പ്രധാനമന്ത്രി സ്ഥാനാർത്ഥിയും ബിഎൻപി അധ്യക്ഷനുമായ താരിഖ് റഹ്മാൻ മത്സരിച്ച രണ്ട് മണ്ഡലങ്ങളിലും വൻ ഭൂരിപക്ഷത്തിൽ വിജയിച്ചു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.