'ഉപരോധം പിന്‍വലിച്ചാല്‍ ആണവ പദ്ധതിയില്‍ വിട്ടു വീഴ്ച്ചയ്ക്ക് തയ്യാര്‍': പുതിയ ഉപാധി മുന്നോട്ടു വച്ച് ഇറാന്‍

'ഉപരോധം പിന്‍വലിച്ചാല്‍ ആണവ പദ്ധതിയില്‍ വിട്ടു വീഴ്ച്ചയ്ക്ക്  തയ്യാര്‍': പുതിയ ഉപാധി മുന്നോട്ടു വച്ച് ഇറാന്‍

ടെഹ്‌റാന്‍: വര്‍ഷങ്ങളായി തുടരുന്ന ഉപരോധങ്ങള്‍ പിന്‍വലിച്ചാല്‍ അമേരിക്കയുമായുള്ള ആണവ കരാറിലെത്താന്‍ വിട്ടുവീഴ്ചകള്‍ക്ക് തയ്യാറാണെന്ന് ഇറാന്‍ വിദേശകാര്യ ഉപമന്ത്രി മജിദ് തഖ്ത് റവഞ്ചി. ബിബിസിക്ക് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.

'ഞങ്ങളുടെ ആണവ പദ്ധതിയുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ തയ്യാറാണ്, എന്നാല്‍ അവര്‍ ഉപരോധങ്ങളെക്കുറിച്ച് സംസാരിക്കാനും തയ്യാറാകണം. ആ ഉപരോധങ്ങളും ചര്‍ച്ചാ വിഷയമാകേണ്ടതുണ്ട്.

മറുവശത്തുള്ളവര്‍ അവരുടെ ഭാഗം നിര്‍വഹിക്കുമെന്ന് ഉറപ്പു നല്‍കുന്നില്ലെങ്കില്‍, ഇറാന്‍ മാത്രം ചില കാര്യങ്ങള്‍ ചെയ്യണം എന്ന ധാരണ അംഗീകരിക്കാനാവില്ല. പന്ത് ഇനി അമേരിക്കയുടെ കോര്‍ട്ടിലാണ്'- റവഞ്ചി വ്യക്തമാക്കി.

അതേസമയം ആണവ ചര്‍ച്ചകളുടെ രണ്ടാം ഘട്ടം അടുത്ത ചൊവ്വാഴ്ച ജനീവയില്‍ നടക്കും. ഇറാന്റെ ആണവ പദ്ധതിയെക്കുറിച്ച് അടുത്തയാഴ്ച ജനീവയില്‍ നടക്കുന്ന രണ്ടാംഘട്ട ചര്‍ച്ചകള്‍ക്ക് ഒമാന്‍ ആതിഥേയത്വം വഹിക്കുമെന്ന് സ്വിസ് വിദേശകാര്യ മന്ത്രാലയ വക്താവ് നേരത്തെ വ്യക്തമാക്കിയിരുന്നു.

എന്നാല്‍ കൂടുതല്‍ വിവരങ്ങള്‍ നല്‍കാന്‍ വക്താവ് തയ്യാറായില്ല. കഴിഞ്ഞ പതിറ്റാണ്ടുകളായി ഇറാനും അമേരിക്കയും തമ്മിലുള്ള നയതന്ത്ര ബന്ധങ്ങളില്‍ സ്വിറ്റ്‌സര്‍ലന്‍ഡ് നിര്‍ണായക പങ്ക് വഹിച്ചിട്ടുണ്ട്.

ഫെബ്രുവരി ആറിന് ഒമാനിലായിരുന്നു ആദ്യഘട്ട ചര്‍ച്ചകള്‍ നടന്നിരുന്നത്. ഇറാന്‍  വിദേശ കാര്യമന്ത്രി സെയ്ദ് അബ്ബാസ് അരാഗ്ചി, അമേരിക്കന്‍ പ്രതിനിധി സ്റ്റീവ് വിറ്റ്കോഫ്, പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ മരുമകന്‍ ജാരെഡ് കുഷ്‌നര്‍ എന്നിവരാണ് ചര്‍ച്ചയുടെ ഭാഗമായത്. 


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.