യുവജനങ്ങളുടെ വിദേശപാലായനം മുതൽ മുനമ്പം വിഷയം വരെ; രാഷ്ട്രീയ പാർട്ടികൾക്ക് മുന്നിൽ പത്ത് ആവശ്യങ്ങൾ വെച്ച് കത്തോലിക്ക കോൺഗ്രസ്

യുവജനങ്ങളുടെ വിദേശപാലായനം മുതൽ മുനമ്പം വിഷയം വരെ; രാഷ്ട്രീയ പാർട്ടികൾക്ക് മുന്നിൽ പത്ത് ആവശ്യങ്ങൾ വെച്ച് കത്തോലിക്ക കോൺഗ്രസ്

കൊച്ചി: വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ രാഷ്ട്രീയ പാർട്ടികളുടെ നിലപാടുകൾ അളക്കാൻ പത്ത് ചോദ്യങ്ങളുമായി കത്തോലിക്ക കോൺഗ്രസ്. യുവജനങ്ങളുടെ വിദേശപാലായനം മുതൽ മുനമ്പം വിഷയം വരെ നീളുന്ന നിർണായക ചോദ്യങ്ങൾക്കാണ് രാഷ്ട്രീയ നേതൃത്വങ്ങൾ മറുപടി നൽകേണ്ടത്. പാർട്ടികൾ സ്വീകരിക്കുന്ന നിലപാട് അനുസരിച്ചായിരിക്കും സമുദായത്തിന്റെ തിരഞ്ഞെടുപ്പ് നയമെന്നും കത്തോലിക്ക കോൺഗ്രസ് വ്യക്തമാക്കി.

പ്രധാന ചോദ്യങ്ങൾ ഇവയാണ്:

1. തൊഴിലില്ലായ്മ,സംരംഭകത്വ സാഹചര്യക്കുറവ് തുടങ്ങിയവ മൂലം യുവജനങ്ങൾ നാട്ടിൽ നിന്നും പാലായനം ചെയ്യപ്പെടുന്നത് തടയുവാൻ നിങ്ങൾ എന്ത് പരിഹാരം ചെയ്യും ?

2. റബ്ബർ,നെല്ല് കർഷകർക്ക് കാർഷിക മേഖലയിൽ നിലനിൽക്കുവാൻ എന്താണ് വിഭാവനം ചെയ്യുന്നത് ?

3. വന്യ ജീവി ആക്രമണം മൂലവും വിവിധ നിയമങ്ങൾ മൂലവും മലയോര മേഖലയിലെ കർഷകർ കുടിയൊഴിപ്പിക്കപ്പെടുമ്പോൾ വനം - വന്യജീവി നിയമ ഭേദഗതിക്ക് നിങ്ങൾ തയ്യാറാകാത്തത് എന്ത് കൊണ്ട് ?

4. 80:20 സംവരണത്തിൽ ജനസംഖ്യാനുപാതികമായ വിതരണം നടത്തപ്പെടുന്നതിനും, ഇ ഡബ്ലിയു എസ് കേരളത്തിലെ സാഹചര്യം അനുസരിച്ചു ക്രമീകരിച്ചു നടപ്പാക്കുന്നതിനും എന്താണ് തടസ്സം ?

5. വർഗീയ ശക്തികളുടെ നേതൃത്വത്തിൽ ന്യൂനപക്ഷ പീഡനങ്ങളും അധിനിവേശങ്ങളും നടക്കുമ്പോൾ രാഷ്ട്രീയ പാർട്ടികൾ പക്ഷം പിടിക്കുന്നത് എന്ത് കൊണ്ട് ?

6. മുനമ്പം പ്രശ്നത്തിൽ രാഷ്ട്രീയ പാർട്ടികൾ നടത്തുന്ന ഇരട്ടത്താപ്പും ജനവഞ്ചനയും നീതീകരിക്കുന്നതാണോ ?

7. ദളിത് ക്രൈസ്തവർക്ക് അർഹമായ സംവരണാനുകൂല്യങ്ങൾ നൽകുന്നതിന് എന്താണ് തടസ്സം ?

8. ഭിന്നശേഷിസംവരണത്തിന്റെ മറവിൽ അധ്യാപക നിയമനം അട്ടിമറിക്കപ്പെടുന്നതിന് എന്ത് നിലപാട് ആണ് ഉള്ളത് ?

9. ജസ്റ്റിസ് ജെ ബി കോശി കമ്മീഷൻ റിപ്പോർട്ട് പ്രസിദ്ധീകരിച്ചു നടപ്പിലാക്കുന്നതിൽ ഭരണ - പ്രതിപക്ഷ പാർട്ടികളുടെ നിലപാട് എന്താണ് ?

10. നിയമ സഭാ തിരഞ്ഞെടുപ്പിൽ ക്രൈസ്തവ സമുദായത്തിന് അർഹമായ സ്ഥാനാർഥിത്വം നൽകുന്നതിന് രാഷ്ട്രീയ പാർട്ടികൾ എത്ര മാത്രം സന്നദ്ധമാണ്?

മേൽസൂചിപ്പിച്ച വിഷയങ്ങളിൽ എല്ലാ രാഷ്ട്രീയ പാർട്ടികളുടെയും നിലപാട് വ്യക്തമാക്കണം. രാഷ്ട്രീയ പാർട്ടികളുടെ നിലപാട് അനുസരിച്ച് തിരഞ്ഞെടുപ്പിൽ രാഷ്ട്രീയ നിലപാട് എടുക്കുവാൻ സമുദായം സജ്ജമാണ്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.