സുരക്ഷ ശക്തമാക്കാന്‍ പുതിയ ആധാര്‍: കാര്‍ഡില്‍ പേരും നമ്പരുമില്ല; ഫോട്ടോയും ക്യുആര്‍ കോഡും മാത്രം

സുരക്ഷ ശക്തമാക്കാന്‍ പുതിയ ആധാര്‍: കാര്‍ഡില്‍ പേരും  നമ്പരുമില്ല; ഫോട്ടോയും ക്യുആര്‍ കോഡും മാത്രം

ന്യൂഡല്‍ഹി: ആധാര്‍ കാര്‍ഡില്‍ അടിമുടി മാറ്റത്തിനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍. സുരക്ഷാ മാനദണ്ഡങ്ങള്‍ മുന്‍നിര്‍ത്തിയാണ് യുഐഡിഎഐ പുതിയ പരിഷ്‌കാരങ്ങള്‍ നടപ്പിലാക്കുന്നത്.

നിലവിലുള്ള കാര്‍ഡുകളില്‍ നിന്ന് പേര്, വിലാസം, ആധാര്‍ നമ്പര്‍ തുടങ്ങിയ വിവരങ്ങള്‍ ഒഴിവാക്കി പകരം ഉടമയുടെ ഫോട്ടോയും സുരക്ഷിതമായ ഒരു ക്യുആര്‍ കോഡും മാത്രം ഉള്‍പ്പെടുത്തിയുള്ള പുതിയ ഡിസൈനാണ് പരിഗണനയിലുള്ളത്. ഇതിനോടൊപ്പം കൂടുതല്‍ ഫീച്ചറുകളുള്ള പുതിയ ആധാര്‍ ആപ്പ് കേന്ദ്രമന്ത്രി ജിതിന്‍ പ്രസാദ പുറത്തിറക്കി.

കാര്‍ഡിന്റെ മുന്‍വശത്ത് ഫോട്ടോയും ക്യുആര്‍ കോഡും മാത്രമേ ഉണ്ടാകൂ. ഓഫ്ലൈനായി വിവരങ്ങള്‍ വായിക്കുന്നത് നിരുത്സാഹപ്പെടുത്താനാണ് ഈ നീക്കം. ആധാര്‍ കാര്‍ഡിന്റെ ഫോട്ടോ കോപ്പികള്‍ ഹോട്ടലുകളിലും മറ്റും നല്‍കുന്നത് വഴി വിവരങ്ങള്‍ ചോരുന്നത് ഒഴിവാക്കാന്‍ ക്യുആര്‍ കോഡ് അധിഷ്ഠിത വെരിഫിക്കേഷന്‍ സഹായിക്കും.

ആധാര്‍ നമ്പര്‍ ഉപയോഗിച്ചുള്ള സിം കാര്‍ഡ് തട്ടിപ്പുകള്‍, അനധികൃത ലോണുകള്‍, ആധാര്‍ എനേബിള്‍ഡ് പേയ്മെന്റ് സിസ്റ്റം വഴിയുള്ള പണം തട്ടല്‍ എന്നിവ തടയാന്‍ പുതിയ മാറ്റം ലക്ഷ്യമിടുന്നു.

കേന്ദ്ര ഐടി സഹമന്ത്രി ജിതിന്‍ പ്രസാദ പുറത്തിറക്കിയ പുതിയ ആധാര്‍ ആപ്പ് പൗരന്മാര്‍ക്ക് കൂടുതല്‍ സുരക്ഷയും എളുപ്പവും നല്‍കുന്നു. ബയോമെട്രിക് വിവരങ്ങള്‍ക്ക് പകരം മുഖം തിരിച്ചറിഞ്ഞ് പരിശോധന പൂര്‍ത്തിയാക്കാം.

ആവശ്യമായ വിവരങ്ങള്‍ മാത്രം ക്യുആര്‍ കോഡ് വഴി പങ്കിടാം. മുഴുവന്‍ വിവരങ്ങളും കൈമാറേണ്ടതില്ല. ഒരു ആപ്പില്‍ അഞ്ച് കുടുംബാംഗങ്ങളുടെ വരെ ആധാര്‍ പ്രൊഫൈലുകള്‍ കൈകാര്യം ചെയ്യാം. ആധാര്‍ കേന്ദ്രങ്ങളില്‍ പോകാതെ തന്നെ രജിസ്റ്റര്‍ ചെയ്ത മൊബൈല്‍ നമ്പറും വിലാസവും ആപ്പ് വഴി പുതുക്കാം.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.