വത്തിക്കാൻ വാർത്താ വിഭാഗം തലപ്പത്തേക്ക് വനിതയെ നിയമിച്ച് ലിയോ പാപ്പ; ഡെപ്യൂട്ടി ഡയറക്ടറായി സിസ്റ്റർ നീന ചുമതലയേൽക്കും

വത്തിക്കാൻ വാർത്താ വിഭാഗം തലപ്പത്തേക്ക് വനിതയെ നിയമിച്ച് ലിയോ പാപ്പ; ഡെപ്യൂട്ടി ഡയറക്ടറായി സിസ്റ്റർ നീന ചുമതലയേൽക്കും

വത്തിക്കാൻ സിറ്റി: വത്തിക്കാന്റെ വാർത്താവിനിമയ വിഭാഗത്തിൽ വനിതാ പ്രാതിനിധ്യം ശക്തമാക്കിക്കൊണ്ട് പ്രസ് ഓഫീസ് ഡെപ്യൂട്ടി ഡയറക്ടറായി സിസ്റ്റർ നീന ബെനഡിക്റ്റ ക്രാപിക്കിനെ നിയമിച്ച് ലിയോ പതിനാലാമൻ മാർപാപ്പ. 2019 മുതൽ ഈ പദവിയിലിരുന്ന ക്രിസ്റ്റ്യാനി മുറെ വിരമിക്കുന്നതിനെ തുടർന്നാണ് ക്രൊയേഷ്യയിൽ നിന്നുള്ള സിസ്റ്റർ നീനയെ ലിയോ പാപ്പ പുതിയ ചുമതല ഏൽപ്പിച്ചത്. മാർച്ച് ഒന്ന് മുതൽ സിസ്റ്റർ പുതിയ സ്ഥാനത്ത് സേവനമനുഷ്ഠിച്ചു തുടങ്ങും.

സിസ്റ്റേഴ്സ് ഓഫ് ചാരിറ്റി ഓഫ് സെന്റ് വിൻസെന്റ് ഡി പോൾ' സഭാംഗമാണ് സിസ്റ്റർ നീന. നിയമ ബിരുദധാരിയായ സിസ്റ്റർ നീന റിജേക സർവകലാശാലയിൽ നിന്ന് നിയമത്തിൽ ബിരുദവും സാഗ്രെബ് സർവകലാശാലയിൽ നിന്ന് പബ്ലിക് റിലേഷൻസിൽ ബിരുദാനന്തര ബിരുദവും നേടിയിട്ടുണ്ട്.

മാധ്യമ പ്രവർത്തനത്തിലും പബ്ലിക് റിലേഷൻസിലും വിപുലമായ പ്രവൃത്തിപരിചയമുള്ള ഇവർ 2023 മുതൽ വത്തിക്കാൻ കമ്മ്യൂണിക്കേഷൻ വിഭാഗത്തിൽ ഉദ്യോഗസ്ഥയായി പ്രവർത്തിച്ചുവരികയായിരുന്നു. ഗാർഹിക പീഡനത്തിന് ഇരയായ സ്ത്രീകൾക്കും പാർശ്വവൽക്കരിക്കപ്പെട്ടവർക്കും വേണ്ടി നിയമ ഉപദേഷ്ടാവായും സിസ്റ്റർ പ്രവർത്തിച്ചിട്ടുണ്ട്.

ഫെബ്രുവരി 13 വെള്ളിയാഴ്ച സിസ്റ്റർ നീനയ്ക്ക് മാർപാപ്പ സ്വകാര്യ കൂടിക്കാഴ്ച അനുവദിച്ചിരുന്നു. ഇതിന് പിന്നാലെയാണ് പുതിയ നിയമനം സംബന്ധിച്ച വിവരം പരിശുദ്ധ സിംഹാസനം പുറത്തുവിട്ടത്. വത്തിക്കാൻ പ്രസ് ഓഫീസിന്റെ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിലും വാർത്താവിനിമയ കാര്യങ്ങൾ കൈകാര്യം ചെയ്യുന്നതിലും നിർണായകമായ പങ്ക് ഇവർ വഹിക്കും. വത്തിക്കാൻ ഭരണതലത്തിലെ ഉയർന്ന സ്ഥാനങ്ങളിലേക്ക് കൂടുതൽ വനിതകളെയും സന്യാസിനികളെയും കൊണ്ടുവരുന്ന പാപ്പയുടെ നിലപാടിന്റെ ഭാഗമായാണ് ഈ നിയമനം വിലയിരുത്തപ്പെടുന്നത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.