ജനീവയില്‍ അമേരിക്കയുമായുള്ള ചര്‍ച്ചകള്‍ തുടരുന്നതിനിടെ ഹോര്‍മുസ് കടലിടുക്കിലേക്ക് മിസൈലുകള്‍ തൊടുത്ത് ഇറാന്റെ പ്രകോപനം

ജനീവയില്‍ അമേരിക്കയുമായുള്ള ചര്‍ച്ചകള്‍ തുടരുന്നതിനിടെ  ഹോര്‍മുസ് കടലിടുക്കിലേക്ക് മിസൈലുകള്‍ തൊടുത്ത് ഇറാന്റെ പ്രകോപനം

ടെഹ്‌റാന്‍: ജനീവയില്‍ അമേരിക്കയുമായി ആണവ ചര്‍ച്ചകള്‍ തുടരുന്നതിനിടെ ഇറാന്റെ അപ്രതീക്ഷിത പ്രകോപന നീക്കം. സൈനികാഭ്യാസത്തിന്റെ ഭാഗമായി ഹോര്‍മുസ് കടലിടുക്കിലേക്ക് ഇറാന്‍ മിസൈലുകള്‍ തൊടുത്തു. ആഗോള എണ്ണ വിപണിയുടെ പ്രധാന ചരക്ക് പാത എന്ന പ്രാധാന്യം ഹോര്‍മുസ് കടലിടുക്കിനുണ്ട്.

ഒമാന്റെ മധ്യസ്ഥതയില്‍ ഐക്യരാഷ്ട്ര സഭയിലെ ഒമാനി അംബാസഡറുടെ ജനീവയിലെ വസതിയിലാണ് അമേരിക്ക-ഇറാന്‍ ആണവ നിര്‍വ്യാപന ചര്‍ച്ച നടക്കുന്നത്.

വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചിയുടെ നേതൃത്വത്തിലുള്ള സംഘമാണ് ഇറാനില്‍ നിന്നുള്ളത്. അമേരിക്കയുടെ ഭാഗത്ത് നിന്ന് നയതന്ത്ര പ്രതിനിധി സംഘം ചര്‍ച്ചയ്ക്കുണ്ട്. താന്‍ നേരിട്ടല്ലെങ്കിലും ചര്‍ച്ചയില്‍ ഭാഗമാകുമെന്നാണ് ഡോണള്‍ഡ് ട്രംപ് വ്യക്തമാക്കിയിട്ടുള്ളത്.

ചര്‍ച്ച തുടങ്ങി മണിക്കൂറുകള്‍ക്കകമാണ് ഇറാന്റെ എലൈറ്റ് റെവല്യൂഷണറി ഗാര്‍ഡുകള്‍ സൈനികാഭ്യാസം നടത്തിയത്. ഇറാനില്‍ നിന്നും വിക്ഷേപിച്ച മിസൈലുകള്‍ ഹോര്‍മുസ് കടലിടുക്കില്‍ നിശ്ചയിച്ച ലക്ഷ്യങ്ങളില്‍ കൃത്യമായി പതിച്ചെന്ന് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. സൈനിക അഭ്യാസങ്ങളുടെ ഭാഗമായി ഇതുവഴിയുള്ള ജലപാതയുടെ ചില ഭാഗങ്ങള്‍ താല്‍കാലികമായി അടച്ചിട്ടിരുന്നു.

ജനീവയില്‍ നടക്കുന്ന നയതന്ത്ര ചര്‍ച്ചകള്‍ പരാജയപ്പെട്ടാല്‍ സൈനിക നീക്കം നടത്തുമെന്നാണ് അമേരിക്ക മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. അമേരിക്ക ആക്രമണം നടത്തിയാല്‍ ഹോര്‍മുസ് കടലിടുക്ക് വഴി വാണിജ്യ കപ്പലുകളുടെ സഞ്ചാരം തടയുമെന്നും പ്രത്യാക്രമണം നടത്തുമെന്നുമാണ് ഇറാനും വ്യക്തമാക്കിയിരിക്കുന്നത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.