വത്തിക്കാൻ സിറ്റി: സമാധാനത്തിൻ്റെ രാജാവായാണ് യേശു സ്വയം വെളിപ്പെടുത്തിയതെന്നും അതിനാൽ അവിടുത്തെ നാമം ഉപയോഗിച്ച് യുദ്ധത്തെ ന്യായീകരിക്കാൻ ആർക്കും സാധിക്കുകയില്ലെന്നും ലിയോ പതിനാലാമൻ മാർപാപ്പ. യേശു യുദ്ധങ്ങൾക്ക് എതിരായിരുന്നു. യുദ്ധക്കൊതിയന്മാരുടെ പ്രാർഥനകൾ അവിടുന്ന് കേൾക്കുകയില്ലെന്നും മാർപാപ്പ കൂട്ടിച്ചേർത്തു. പീഡാനുഭവ വാരത്തിന് ആരംഭം കുറിച്ചുകൊണ്ട് ഓശാന ഞായറാഴ്ച വത്തിക്കാനിലെ സെന്റ് പീറ്റേഴ്സ് സ്ക്വയറിൽ ദിവ്യബലി അർപ്പിച്ച് സന്ദേശം നൽകുകയായിരുന്നു പാപ്പ.
കുരിശിന്റെ വഴിയിലൂടെ നടന്ന യേശുവിനോടൊപ്പം, അവിടുത്തെ പീഡാനുഭവത്തെപ്പറ്റി ധ്യാനിച്ചുകൊണ്ട് നമുക്കും നടക്കാമെന്ന് പാപ്പാ പറഞ്ഞു. മറ്റുള്ളവർ അക്രമം അഴിച്ചുവിട്ടപ്പോൾ അചഞ്ചലമായ സൗമ്യതയോടെ അവിടുന്ന് നിലകൊണ്ടു. വാളുകളും വടികളും ഉയർത്തിയവർക്കുമുമ്പിലും താൻ സ്വീകരിച്ച മനുഷ്യത്വത്തെ അശ്ലേഷിച്ചുകൊണ്ട് അവിടുന്ന് തന്നെത്തന്നെ അർപ്പിച്ചു. അന്ധകാരവും മരണവും വലയം ചെയ്തപ്പോൾ പോലും അവിടുന്ന് ലോകത്തിന് ജീവനും വെളിച്ചവും പകർന്നു നൽകി - പാപ്പാ കൂട്ടിച്ചേർത്തു.
പിതാവിൻ്റെ കരങ്ങളിലേക്ക് ലോകത്തെ തിരികെ കൊണ്ടുവരാനും ദൈവത്തിൽ നിന്നും നമ്മുടെ അയൽക്കാരിൽ നിന്നും നമ്മെ അകറ്റുന്ന എല്ലാ തടസങ്ങളും തകർക്കാനും യേശു ആഗ്രഹിച്ചു. 'സമാധാനത്തിന്റെ രാജാവ്' എന്ന യേശുവിൻ്റെ നാമം പലതവണ ആവർത്തിച്ച പാപ്പാ, പീഡാനുഭവ വേളയിൽ പോലും അവിടുന്ന് എപ്രകാരമാണ് സമാധാനത്തിന് സാക്ഷ്യം നൽകിയത് എന്ന കാര്യം എടുത്തുപറഞ്ഞു.
പ്രധാനാചാര്യന്റെ സേവകന്റെ ചെവി ഛേദിച്ച ശിഷ്യനോട് വാൾ അതിൻ്റെ ഉറയിലെടാൻ ആജ്ഞാപിച്ചുകൊണ്ട് യേശു പറഞ്ഞു: വാളെടുക്കുന്നവൻ വാളാൽ നശിക്കും. മരണത്തിന് വിധിക്കപ്പെടുകയും കുരിശിൽ തറക്കപ്പെടുകയും ചെയ്തപ്പോൾ പോലും അവിടുന്ന് ആയുധം എടുക്കുകയോ സ്വയം പ്രതിരോധിക്കുകയോ ചെയ്തില്ല. പകരം, കൊല്ലാൻ കൊണ്ടുപോകുന്ന കുഞ്ഞാടിനെ പോലെ അവിടുന്ന് സ്വയം മരണത്തിന് വിട്ടുകൊടുത്തു. എല്ലായ്പ്പോഴും അക്രമത്തെ നിരസിക്കുന്ന ദൈവത്തിൻ്റെ സൗമ്യമായ മുഖം അവിടുന്ന് വെളിപ്പെടുത്തി.
'നിങ്ങള്‍ കരങ്ങളുയര്‍ത്തുമ്പോള്‍ ഞാന്‍ നിങ്ങളില്‍ നിന്നു മുഖം മറയ്ക്കും. നിങ്ങള്‍ എത്ര പ്രാര്‍ഥിച്ചാലും ഞാന്‍ കേള്‍ക്കുകയില്ല. നിങ്ങളുടെ കരങ്ങള്‍ രക്തപങ്കിലമാണ്' (ഏശയ്യാ 1 : 15) - ഏശയ്യാ പ്രവാചകൻ്റെ വാക്കുകൾ ഉദ്ധരിച്ചുകൊണ്ട് പരിശുദ്ധ പിതാവ് പറഞ്ഞു. സമാധാനത്തിന്റെ രാജാവായ യേശു ഒരിക്കലും യുദ്ധങ്ങൾ അംഗീകരിക്കുന്നില്ല. യുദ്ധവെറിയന്മാരുടെ പ്രാർഥനകളും അവിടുന്ന് കേൾക്കുകയില്ല - പാപ്പാ പറഞ്ഞു.
അക്രമങ്ങളാൽ അടിച്ചമർത്തപ്പെട്ടവരുടെയും യുദ്ധങ്ങളുടെ ഇരകളായവരുടെയും ദീനരോദനങ്ങൾ ഇന്നത്തെ ലോകത്തിൽ മനുഷ്യകുലത്തിന് ഏൽക്കുന്ന മുറിവുകളാണ്. സമാധാനത്തിന്റെ രാജാവായ ക്രിസ്തു കുരിശിൽ കിടന്ന് ഇന്നും ഇപ്രകാരം നിലവിളിക്കുന്നു: ദൈവം സ്നേഹമാണ്! ആയുധങ്ങൾ താഴെ വയ്ക്കൂ! നിങ്ങൾ സഹോദരീസഹോദരന്മാരാണെന്നോർത്ത് കരുണ കാണിക്കൂ!
കുരിശിൻചുവട്ടിൽ നിന്ന പരിശുദ്ധ കന്യകാമറിയത്തെക്കുറിച്ച് ദൈവദാസനായ ബിഷപ്പ് റ്റോണിനോ ബെല്ലോയുടെ വാക്കുകൾ ഉദ്ധരിച്ചുകൊണ്ട് ലിയോ പാപ്പാ തൻ്റെ സന്ദേശം അവസാനിപ്പിച്ചു: ''പരിശുദ്ധ കന്യകാമറിയമേ, മൂന്നാം ദിനത്തിൻ്റെ സ്ത്രീയേ, മരണത്തിന് ഇനിമേൽ അധികാരമില്ലെന്നും അനീതി പ്രവർത്തിക്കുന്നവരുടെ ദിനങ്ങൾ എണ്ണപ്പെട്ടെന്നും യുദ്ധം ഉയർത്തുന്ന മിന്നൽപിണരുകൾ മങ്ങുകയാണെന്നും ദരിദ്രരുടെ കഷ്ടപ്പാടുകൾ അന്ത്യത്തോടടുക്കുകയാണെന്നും ഞങ്ങൾക്ക് ഉറപ്പുനൽകണമേ." അക്രമത്തിനും വേദനയ്ക്കും ഇരയായ എല്ലാവരുടെയും കണ്ണുനീർ വസന്തകാല സൂര്യനു കീഴിലുള്ള മഞ്ഞുപോലെ വറ്റിപ്പോകട്ടേയെന്നും മാർപാപ്പ പ്രാർഥിച്ചു.
മാർപാപ്പമാരുടെ ഇതുവരെയുള്ള ഞായറാഴ്ച ദിന സന്ദേശങ്ങൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.