സൂറിച്ച്: സ്വിറ്റ്‌സർലൻഡിലെ മലയാളി സമൂഹത്തിന് ഈ വർഷത്തെ വിശുദ്ധവാരാചരണം വിശ്വാസത്തിന്റെ ആഴവും നാട്ടിന്റെ മണവുമുള്ള അവിസ്മരണീയ അനുഭവമായി. സൂറിച്ചിലും പരിസര പ്രദേശങ്ങളിലുമുള്ള വിവിധ സെന്ററുകളിൽ നടന്ന ഓശാന ഞായർ തിരുക്കർമ്മങ്ങളിൽ നൂറു കണക്കിന് മലയാളികളാണ് പങ്കുചേർന്നത്.
പ്രാദേശിക തനിമയും കേരളത്തിന്റെ കുരുത്തോലയും

ഇത്തവണത്തെയും ആഘോഷങ്ങൾക്ക് ഗൃഹാതുരമായ നിറമേകിയത് പച്ചക്കരുത്തോലകളായിരുന്നു. എന്നാൽ, യുദ്ധസാഹചര്യങ്ങളും ആഗോള തടസ്സങ്ങളും കാരണം കുരുത്തോലകളുടെ ലഭ്യത കുറഞ്ഞ ചില സ്ഥലങ്ങളിൽ, സ്വിറ്റ്‌സർലൻഡിലെ തദ്ദേശവാസികൾ കാലങ്ങളായി ഉപയോഗിക്കുന്ന തനതായ, പ്രാദേശിക Buchsbaumzweig മായി വിശ്വാസികൾ പ്രദക്ഷിണത്തിൽ പങ്കെടുത്തു. "ഓശാന " ഗീതങ്ങൾ ആലപിച്ച് വിശ്വാസികൾ നടത്തിയ പ്രദക്ഷിണം സ്വിസ് വീഥികളിൽ കേരളത്തിലെ ഓശാനഞായറിന്റെ പ്രതീതി ജനിപ്പിച്ചു.
കോഴിക്കട്ടയുടെ മധുരവുമായി 'സ്നേഹവിരുന്ന്'

ഈ വർഷത്തെ ആഘോഷങ്ങൾക്ക് മറ്റൊരു ഹൃദയസ്പർശിയായ അനുഭവം നൽകിയത് ചില കമ്മ്യൂണിറ്റികളിൽ തിരുക്കർമ്മങ്ങൾക്ക് ശേഷം നടന്ന സ്നേഹവിരുന്നായിരുന്നു. പ്രത്യേകിച്ച് 'കോഴിക്കട്ട പെരുന്നാളിന്റെ' പഴയ ഓർമ്മകളെ ഉണർത്തി, വിശ്വാസികൾ കൊണ്ടുവന്ന കോഴിക്കട്ടയും മറ്റു പരമ്പരാഗത പലഹാരങ്ങളും വിശ്വാസികൾ പങ്കുവെച്ചു.
കുടുംബങ്ങൾ തമ്മിൽ ചേർന്ന്, ആ പലഹാരങ്ങൾ പങ്കിട്ടപ്പോൾ അത് ഒരു നാട്ടിന്റെ ഒത്തൊരുമ്മയുടെ അനുഭവവും, കുടുംബസംഗമത്തിന്റെ സന്തോഷവുമായി മാറി.

ആത്മീയ സന്ദേശം
തിരുക്കർമ്മങ്ങൾക്ക് ഫാ. സെബാസ്റ്റ്യൻ തയ്യിൽ , ഫാ. ജാക്സൺ കുരുശുമ്മൂട്ടിൽ, ഫാ. തോമസ് പ്ലാപ്പിള്ളിൽ എന്നിവർ മുഖ്യകാർമ്മികത്വം വഹിച്ചു. ആഘോഷങ്ങളിൽ നിന്ന് ആത്മത്യാഗത്തിലേക്കുള്ള വിശ്വാസയാത്രയാണ് വിശുദ്ധവാരമെന്ന് പുരോഹിതർ തങ്ങളുടെ സന്ദേശത്തിൽ ഓർമ്മിപ്പിച്ചു. യെരുശലേമിലേക്ക് വിനയത്തിന്റെ അടയാളമായ കഴുതപ്പുറത്ത് പ്രവേശിച്ച യേശുവിന്റെ മാതൃക ഓരോ ക്രൈസ്തവനും ജീവിതത്തിൽ പകർത്തണമെന്നും, വിനയം, സ്നേഹം, സഹിഷ്ണുത, സമാധാനം എന്നിവയാണ് ക്രിസ്തുവിന്റെ വഴിയെന്നും അവർ ഓർമ്മിപ്പിച്ചു.

വരും ദിവസങ്ങളിൽ പെസഹാ വ്യാഴം, ദുഃഖവെള്ളി, ഈസ്റ്റർ തിരുക്കർമ്മങ്ങളും വിവിധ സെന്ററുകളിൽ നടക്കും.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.