മഞ്ഞുമലകളേക്കാൾ മനോഹരം: സ്വിസ് ജീവിതദർശനം

മഞ്ഞുമലകളേക്കാൾ മനോഹരം: സ്വിസ് ജീവിതദർശനം

“Tujhe dekha to yeh jaana sanam” എന്ന പ്രണയഗാനം ഇന്നും മുഴങ്ങുമ്പോൾ, മഞ്ഞുപുതച്ച ആൽപ്സ് മലനിരകൾക്കിടയിലൂടെ കൈകോർത്ത് നടക്കുന്ന രാജും സിമ്രാനും മനസ്സിന്റെ കോണുകളിൽ നിശ്ശബ്ദമായി വന്ന് നിൽക്കും. ഷാരൂഖ് ഖാനും കാജോളും അനശ്വരമാക്കിയ ദിൽവാലേ ദുൽഹനിയാ ലേ ജയേംഗേ (DDLJ) ഒരു സിനിമ മാത്രമായിരുന്നില്ല; ഇന്ത്യക്കാർ സ്വിറ്റ്‌സർലാൻഡിനെ കാണുന്ന രീതിയെ തന്നെ മാറ്റിമറിച്ച ഒരു സാംസ്കാരിക പ്രതിഭാസമായിരുന്നു അത്.

നമ്മളിൽ പലരെയും പോലെ, ഞാനും ആദ്യം സ്വിറ്റ്‌സർലാൻഡിനെ കണ്ടത് സിനിമയിലൂടെയായിരുന്നു. മഞ്ഞുമലകളും പച്ചപ്പാർന്ന താഴ്‌വരകളും പ്രണയഗാനങ്ങളും ചേർന്ന ഒരു സ്വപ്നലോകം. ആ സ്വപ്നത്തിന് നിറം പകർന്നത് യാഷ് ചോപ്രയുടെ സിനിമകളായിരുന്നു. അദ്ദേഹത്തിന്റെ ചിത്രങ്ങൾ സ്വിറ്റ്‌സർലാൻഡിനെ ഒരു മനോഹര രാജ്യത്തിൽ നിന്ന് ഇന്ത്യൻ സഞ്ചാരികളുടെ സ്വപ്നലക്ഷ്യമായി മാറ്റി.

ഇന്ന് ഓരോ വർഷവും ആയിരക്കണക്കിന് ഇന്ത്യൻ വിനോദസഞ്ചാരികളാണ് സ്വിറ്റ്‌സർലാൻഡിലെത്തുന്നത്. അവരിൽ പലർക്കും അത് ഒരു സാധാരണ വിനോദയാത്രയല്ല; ‘ദിൽവാലേ ദുൽഹനിയാ ലേ ജയേംഗേ’ (DDLJ) എന്ന സിനിമയുടെ ഓർമ്മകളെ തേടിയുള്ള ഒരു വികാരയാത്രയാണ്. രാജും സിമ്രാനും (ഷാരൂഖ് ഖാനും കാജോളും) അനശ്വരമാക്കിയ സ്വിറ്റ്‌സർലാൻഡിന്റെ ആ മനോഹര കാഴ്ചകൾ നേരിൽ അനുഭവിക്കണമെന്ന ആഗ്രഹം അനേകം ഇന്ത്യക്കാരെ ഇന്നും ആ രാജ്യത്തേക്ക് ആകർഷിക്കുന്നു. ഒരു സിനിമയുടെ ദൃശ്യഭംഗിക്ക് ഒരു രാജ്യത്തിന്റെ വിനോദസഞ്ചാരചരിത്രം തന്നെ മാറ്റിമറിക്കാൻ കഴിയുമെന്നതിന്റെ ഏറ്റവും മനോഹരമായ ഉദാഹരണമായി സ്വിറ്റ്‌സർലാൻഡ് ഇന്നും നിലകൊള്ളുന്നു.

ആ സംഭാവനയെ ആദരിച്ച് 2011-ൽ യാഷ് ചോപ്രയെ ഇന്റർലാക്കൻ നഗരം Honorary Ambassador of Interlaken ആയി പ്രഖ്യാപിക്കുകയും അദ്ദേഹത്തിന്റെ വെങ്കലപ്രതിമ സ്ഥാപിക്കുകയും ചെയ്തു. എന്നാൽ, സ്വിറ്റ്‌സർലാൻഡിൽ ജീവിക്കാൻ തുടങ്ങിയപ്പോഴാണ് സിനിമയിൽ കണ്ട രാജ്യത്തിനപ്പുറം മറ്റൊരു സ്വിറ്റ്‌സർലാൻഡിനെ ഞാൻ കണ്ടെത്തിയത്. ഈ നാടിന്റെ മനോഹരമായ പ്രകൃതിഭംഗിയേക്കാൾ ഏറെ എന്നെ ആകർഷിച്ചത്

ഇവിടുത്തെ മനുഷ്യരെയും അവരുടെ ജീവിതരീതിയെയുമായിരുന്നു. സമ്പത്തിനേക്കാൾ മൂല്യങ്ങളെ വിലമതിക്കുന്ന, നിയമങ്ങളെ ഭയന്നല്ല ബഹുമാനിച്ച് പാലിക്കുന്ന, വൈവിധ്യത്തെ വിഭജനമല്ല ശക്തിയായി കാണുന്ന ഒരു സമൂഹം. ലോകം ബാങ്കുകളുടെ നാടായി വിശേഷിപ്പിക്കുന്ന ഈ രാജ്യത്തിന്റെ യഥാർഥ സമ്പത്ത് അതിന്റെ മനുഷ്യരും അവർ കാത്തുസൂക്ഷിക്കുന്ന ജീവിതമൂല്യങ്ങളുമാണെന്ന് ഇവിടെ ജീവിച്ചുതുടങ്ങിയപ്പോഴാണ് ഞാൻ പതിയെ തിരിച്ചറിഞ്ഞത്.

CH എന്ന രണ്ടക്ഷരങ്ങളിൽ ഒളിഞ്ഞിരിക്കുന്ന ഒരു രാജ്യത്തിന്റെ ആത്മാവ്

അങ്ങനെ ഇവിടത്തെ ജീവിതത്തെ അടുത്തറിഞ്ഞപ്പോൾ എന്നെ ആദ്യം ആകർഷിച്ച ചെറിയൊരു കാര്യമുണ്ടായിരുന്നു. സ്വിറ്റ്‌സർലാൻഡിലെ പല സ്ഥാപനങ്ങളുടെയും വാഹനങ്ങളുടെയും വെബ് വിലാസങ്ങളുടെയും ഒടുവിൽ കാണുന്ന .ch. ഇന്ത്യയ്ക്ക് .in, ബ്രിട്ടന് .uk, ജർമ്മനിക്ക് .de എന്നിരിക്കെ, എന്തുകൊണ്ടാണ് സ്വിറ്റ്‌സർലാൻഡിന് .ch എന്ന ചോദ്യം സ്വാഭാവികമായി മനസ്സിൽ ഉയർന്നു.

ആദ്യനോട്ടത്തിൽ അത് ഒരു സാങ്കേതിക കാര്യമായി തോന്നുമെങ്കിലും, അതിന്റെ പിന്നിൽ ഈ രാജ്യത്തിന്റെ സ്വഭാവത്തെക്കുറിച്ച് പറയുന്ന മനോഹരമായ ഒരു കഥയുണ്ട്. ജർമ്മൻ ഭാഷയിൽ സ്വിറ്റ്‌സർലാൻഡിനെ Schweiz എന്നും, ഫ്രഞ്ചിൽ Suisse എന്നും, ഇറ്റാലിയനിൽ Svizzera എന്നും, റൊമാൻഷ് ഭാഷയിൽ Svizra എന്നും വിളിക്കുന്നു. നാല് ഔദ്യോഗിക ഭാഷകളും നാല് പേരുകളും ഉള്ളപ്പോൾ, ഏത് ഭാഷയിലെ പേരാണ് രാജ്യത്തിന്റെ ഔദ്യോഗിക പ്രതീകമാക്കേണ്ടത്? ഇവിടെയാണ് സ്വിസ് ജനത തിരഞ്ഞെടുത്ത വഴി ലോകത്തിന് മാതൃകയാകുന്നത്.

ഒരു ഭാഷയ്ക്കും പ്രത്യേക മുൻഗണന നൽകാതെ, എല്ലാവർക്കും ഒരുപോലെ സ്വീകാര്യമായ 'Confoederatio Helvetica' എന്ന ലാറ്റിൻ നാമം അവർ നെഞ്ചേറ്റി. അതിൽ നിന്നാണ് 'CH' എന്ന വിശ്വപ്രസിദ്ധമായ ചുരുക്കപ്പേര് പിറവിയെടുത്തത്. ഇന്ന് ആ രണ്ടക്ഷരങ്ങൾ ഒരു ഇന്റർനെറ്റ് ഡൊമെയ്ൻ മാത്രമല്ല; വൈവിധ്യത്തിനിടയിലും ഒരുമ കണ്ടെത്താൻ ശ്രമിച്ച ഒരു രാജ്യത്തിന്റെ ചിന്താഗതിയുടെ അടയാളം കൂടിയാണ്. കറൻസികളിലും നാണയങ്ങളിലും, ഔദ്യോഗിക രേഖകളിലും, ഡിജിറ്റൽ ലോകത്തെ '.ch' എന്ന ഡൊമെയ്‌നിലും ഈ രണ്ടക്ഷരങ്ങൾ കാണാം. വ്യത്യസ്ത ഭാഷകളും സംസ്കാരങ്ങളും ഒരേ ദേശീയബോധത്തിന്റെ ചരടിൽ എങ്ങനെ കോർത്തിണക്കാമെന്നതിന്റെ നിശ്ശബ്ദ വിപ്ലവം കൂടിയാണത്. സ്വിറ്റ്‌സർലാൻഡിനെ അടുത്തറിയാൻ ആഗ്രഹിക്കുന്ന ഒരാൾക്ക് ഈ രണ്ടക്ഷരങ്ങൾ മികച്ചൊരു ആമുഖമാണ്.

സ്വപ്നങ്ങളിൽ കണ്ട സ്വിറ്റ്‌സർലാൻഡ്, ജീവിതത്തിൽ കണ്ട സ്വിറ്റ്‌സർലാൻഡ്

ഏതാനും ദിവസത്തെ സന്ദർശനത്തിനെത്തുന്ന സഞ്ചാരി കാണുന്ന ബാഹ്യസൗന്ദര്യത്തിനപ്പുറമാണ് ഇവിടെ ജീവിക്കുന്നവർ അനുഭവിക്കുന്ന യാഥാർത്ഥ്യം. കാരണം, സ്വിറ്റ്‌സർലാൻഡിന്റെ യഥാർത്ഥ മനോഹാരിത പ്രകൃതിദൃശ്യങ്ങളിൽ മാത്രം ഒതുങ്ങുന്നില്ല; അത് അവിടുത്തെ ജനങ്ങളുടെ ജീവിതരീതിയിലും അടിയുറച്ച സാമൂഹികബോധത്തിലുമാണ് സ്പന്ദിക്കുന്നത്.

ഇന്ന് ലോകം അതിവേഗ മാറ്റങ്ങളുടെയും കനത്ത അനിശ്ചിതത്വങ്ങളുടെയും കനൽപ്പാതയിലൂടെയാണ് കടന്നുപോകുന്നത്. യുദ്ധങ്ങൾ, സാമ്പത്തിക തകർച്ചകൾ, അഭയാർത്ഥി പ്രവാഹങ്ങൾ, കാലാവസ്ഥാ വ്യതിയാനം, കൃത്രിമ ബുദ്ധിയുടെ കടന്നുകയറ്റം എന്നിവ മനുഷ്യരാശിയെ പുതിയ ചോദ്യങ്ങൾക്കു മുന്നിൽ നിർത്തി ശ്വാസം മുട്ടിക്കുന്നു. എന്നാൽ ഈ ആഗോള കൊടുങ്കാറ്റുകൾക്കിടയിലും പതറാതെ, ശാന്തതയോടെയും കണിശമായ യുക്തിബോധത്തോടെയും മുന്നേറുന്ന ഒരു സമൂഹമായി സ്വിറ്റ്‌സർലാൻഡ് വേറിട്ടുനിൽക്കുന്നു.

വെറും തൊണ്ണൂറ് ലക്ഷത്തോളം മാത്രം ജനസംഖ്യയുള്ള ഈ കൊച്ചു രാജ്യം, ഒരു ട്രില്യൺ അമേരിക്കൻ ഡോളറിനോടടുക്കുന്ന മൊത്ത ആഭ്യന്തര ഉൽപ്പാദനമുള്ള ശക്തമായൊരു സമ്പദ്‌വ്യവസ്ഥയാണ് കെട്ടിപ്പടുത്തിരിക്കുന്നത്. ലോകത്തിലെ ഏറ്റവും സുസ്ഥിരമായ സാമ്പത്തിക ചാലകശക്തികളിലൊന്നാണിത്. എന്നാൽ സ്വിസ് സമൂഹത്തിന്റെ മഹത്വം ഈ സാമ്പത്തിക നേട്ടങ്ങളിൽ മാത്രം അളക്കാനാവില്ല. സമ്പത്ത് എങ്ങനെ ഉത്തരവാദിത്വത്തോടെ കൈകാര്യം ചെയ്യാം, അത് പൊതുനന്മയ്ക്കായി എങ്ങനെ വിനിയോഗിക്കാം എന്നതിന്റെ ഉത്തമ പാഠപുസ്തകം കൂടിയാണ് ഈ രാജ്യം.

സാമ്പത്തിക ശക്തിക്കപ്പുറം, മൂല്യങ്ങളാലും സമ്പന്നമായൊരു സമൂഹം

ഒരു രാജ്യത്തിന്റെ യഥാർഥ ശക്തി അതിന്റെ ഭദ്രമായ ബാങ്കുകളിലോ, ആകാശമുട്ടുന്ന കെട്ടിടങ്ങളിലോ, അത്യാധുനിക സാങ്കേതികവിദ്യയിലോ മാത്രമല്ല തിരയേണ്ടത്. ഒരു സമൂഹത്തെ യുഗങ്ങളോളം ദീർഘകാലം നിലനിർത്തുകയും മുന്നോട്ട് നയിക്കുകയും ചെയ്യുന്നത് പൗരന്മാരുടെ മൂല്യബോധമാണ്.
സ്വിറ്റ്‌സർലാൻഡിന്റെ പരീക്ഷണശാല വിജയകരമായി തെളിയിക്കുന്നത് ഇതാണ്. ഇവിടെ പരസ്പരവിശ്വാസം, വ്യക്തിഗത ഉത്തരവാദിത്വം, കണിശമായ സമയനിഷ്ഠ, നിയമങ്ങളോടുള്ള ആദരവ്, പൊതുനന്മയോടുള്ള പ്രതിബദ്ധത എന്നിവ വായുവും വെളിച്ചവും പോലെ സമൂഹജീവിതത്തിന്റെ ഭാഗമാണ്. അവ പുസ്തകത്താളുകളിലെ മനോഹരമായ ആശയങ്ങളല്ല; ദൈനംദിന ജീവിതത്തിൽ അവർ പ്രാവർത്തികമാക്കുന്ന സംസ്കാരമാണ്.

ഒരു സ്വിസ് ട്രെയിൻ കൃത്യസമയത്ത് സ്റ്റേഷനിലെത്തുന്നതും, പൊതുസ്ഥലങ്ങൾ കാത്തുസൂക്ഷിക്കപ്പെടുന്നതും, പൊതുസമ്പത്ത് സ്വന്തം ജീവൻ പോലെ സംരക്ഷിക്കപ്പെടുന്നതും, ഭരണസംവിധാനങ്ങളിൽ ജനങ്ങൾക്ക് അടിയുറച്ച വിശ്വാസമുള്ളതും യാദൃശ്ചികമല്ല. തലമുറകളിലൂടെ അവർ പകർന്നു നൽകിയ സാമൂഹിക മൂല്യങ്ങളുടെയും അച്ചടക്കത്തിന്റെയും ഫലമാണവ.

ഇന്ന് ലോകം കേവല സാമ്പത്തിക വളർച്ചയെക്കുറിച്ച് മാത്രം വാചാലരാകുമ്പോൾ, സ്വിറ്റ്‌സർലാൻഡ് മറ്റൊരു വലിയ സത്യം ഓർമ്മിപ്പിക്കുന്നു: സമ്പത്ത് ഒരുപക്ഷേ പെട്ടെന്ന് സൃഷ്ടിക്കാൻ കഴിഞ്ഞേക്കും; എന്നാൽ വിശ്വാസം, സാമൂഹിക ഉത്തരവാദിത്വം, പൗരബോധം തുടങ്ങിയ മൂല്യങ്ങൾ ഒരു സമൂഹത്തിൽ വേരുറപ്പിക്കാൻ തലമുറകളുടെ നിരന്തരമായ പരിശ്രമം വേണം. അതുകൊണ്ടുതന്നെ, സ്വിറ്റ്‌സർലാൻഡിന്റെ ഏറ്റവും വലിയ നിധി അവിടുത്തെ പൗരന്മാർ പങ്കുവെക്കുന്ന ഈ പൊതുമൂല്യങ്ങളാണ്. ആ മൂല്യങ്ങളാണ് ഈ രാജ്യത്തിന്റെ സ്ഥിരതയ്ക്കും സമൃദ്ധിക്കും സാമൂഹിക ഐക്യത്തിനും കാവൽനിൽക്കുന്ന ശക്തമായ അടിത്തറ.

കരാറുകളിൽ പിറന്ന രാഷ്ട്രം

ഇന്നത്തെ സ്വിറ്റ്‌സർലാൻഡ് ഏതെങ്കിലും വലിയ സാമ്രാജ്യത്തിന്റെ അധിനിവേശത്തിലോ യുദ്ധങ്ങളിലോ രൂപപ്പെട്ടതല്ല. 1291-ൽ Uri, Schwyz,Unterwalden എന്നീ മൂന്ന് ചെറിയ കാന്റണുകൾ പരസ്പര വിശ്വാസത്തോടെ ഒപ്പുവെച്ച ഒരു പ്രതിരോധ കൂട്ടായ്മയാണ് പിന്നീട് 1848-ൽ ലോകം ആദരിക്കുന്ന സ്വിസ് ഫെഡറേഷനായി മാറിയത്

വ്യത്യസ്ത ഭാഷകളും സംസ്കാരങ്ങളുമുള്ള ജനങ്ങൾക്ക് പരസ്പര ബഹുമാനത്തോടെ എങ്ങനെ ഒന്നിച്ച് ജീവിക്കാമെന്ന് ഈ രാജ്യം ലോകത്തിന് കാണിച്ചുതരുന്നു. ജർമ്മൻ, ഫ്രഞ്ച്, ഇറ്റാലിയൻ, റൊമാൻഷ് എന്നീ നാല് ദേശീയ ഭാഷകളുള്ള ഈ മണ്ണിൽ ഐക്യം നിലനിർത്തുന്നത് ആയുധബലമോ കേന്ദ്രീകൃതമായ ഭരണാധികാരമോ കൊണ്ടല്ല; മറിച്ച് പരസ്പര ബഹുമാനവും പങ്കുവെച്ച ഉത്തരവാദിത്വബോധവും കൊണ്ടാണ്.

ജനങ്ങളാണ് അവസാന വാക്ക്: സ്വിസ് ജനാധിപത്യത്തിന്റെ ശക്തി

സ്വിറ്റ്‌സർലാൻഡിന്റെ രാഷ്ട്രീയ സംവിധാനത്തെ ലോകത്തിന് മുന്നിൽ വേറിട്ടു നിർത്തുന്നത് അവിടുത്തെ നേരിട്ടുള്ള ജനാധിപത്യ (Direct Democracy) രീതിയാണ്. മിക്ക രാജ്യങ്ങളിലും തിരഞ്ഞെടുപ്പുകൾ കഴിഞ്ഞാൽ ഭരണവും പ്രധാന തീരുമാനങ്ങളും ജനപ്രതിനിധികളുടെ കൈകളിലേക്ക് മാറുന്നു. എന്നാൽ സ്വിറ്റ്‌സർലാൻഡിൽ രാജ്യത്തിന്റെ ഭാവിയെ സ്വാധീനിക്കുന്ന സുപ്രധാന വിഷയങ്ങളിൽ അന്തിമ തീരുമാനം എടുക്കാനുള്ള അധികാരം ജനങ്ങളിൽ തന്നെയാണ്.
നേരിട്ടുള്ള ജനാധിപത്യം എന്നത് ജനപ്രതിനിധികളെ തിരഞ്ഞെടുക്കുന്നതിൽ മാത്രം ഒതുങ്ങുന്ന സംവിധാനമല്ല.

പ്രധാന നിയമങ്ങൾ, ഭരണഘടനാ ഭേദഗതികൾ, പൊതുജനജീവിതത്തെ ബാധിക്കുന്ന നിർണായക വിഷയങ്ങൾ എന്നിവയിൽ പൗരന്മാർക്ക് നേരിട്ട് വോട്ട് ചെയ്ത് അഭിപ്രായം രേഖപ്പെടുത്താനും തീരുമാനമെടുക്കാനും ഇവിടെ അവസരമുണ്ട്. ഇത്തരം വിഷയങ്ങൾ ജനഹിത പരിശോധനകൾ (Referendum/Abstimmung) മുഖേന ജനങ്ങളുടെ വിധിക്കായി സമർപ്പിക്കപ്പെടുന്നു.

അതുപോലെ, പൗരന്മാർക്ക് പുതിയ ആശയങ്ങളോ നിർദേശങ്ങളോ മുന്നോട്ടുവയ്ക്കാനും കഴിയും. അവർ ഒപ്പുശേഖരിച്ച് ഒരു നിർദേശം സമർപ്പിച്ചാൽ, അത് രാജ്യവ്യാപക വോട്ടെടുപ്പിലേക്ക് കൊണ്ടുപോകാൻ സാധിക്കും. സ്വിറ്റ്‌സർലാൻഡിലെ നേരിട്ടുള്ള ജനാധിപത്യത്തിന്റെ ഏറ്റവും ശക്തമായ ഒരു ആയുധമാണ് പോപ്പുലർ ഇനിഷ്യേറ്റീവ് (Popular Initiative / Volksinitiative).

ഇതിലൂടെ സ്വിസ് പൗരന്മാർ വെറും വോട്ടർമാരായി മാത്രം തുടരുന്നില്ല; രാജ്യത്തിന്റെ നയരൂപീകരണത്തിലും ഭരണദിശ നിർണയിക്കുന്നതിലും സജീവ പങ്കാളികളായി മാറുന്നു. വിവിധ വിഷയങ്ങളിൽ നടക്കുന്ന വോട്ടെടുപ്പുകൾ ജനാധിപത്യത്തെ ഒരു രാഷ്ട്രീയ സംവിധാനമെന്നതിലുപരി ജനങ്ങളുടെ ദൈനംദിന ജീവിതത്തിന്റെ ഭാഗമാക്കി മാറ്റിയിരിക്കുന്നു.
ഈ സംവിധാനം ജനങ്ങളിൽ അവകാശബോധം വളർത്തുന്നതിനോടൊപ്പം ശക്തമായ ഉത്തരവാദിത്വബോധവും സൃഷ്ടിക്കുന്നു.

രാജ്യം മുന്നോട്ട് നയിക്കേണ്ടത് ഭരണകൂടത്തിന്റെ മാത്രം ഉത്തരവാദിത്വമല്ലെന്നും, രാജ്യത്തിന്റെ ഭാവി രൂപപ്പെടുത്തുന്നതിൽ ഓരോ പൗരനും പങ്കുണ്ടെന്നും സ്വിസ് ജനാധിപത്യം ഓർമ്മിപ്പിക്കുന്നു. അതുകൊണ്ടുതന്നെ സ്വിറ്റ്‌സർലാൻഡിൽ ജനാധിപത്യം ഒരു രാഷ്ട്രീയ ആശയം മാത്രമല്ല; ജനങ്ങളുടെ ജീവിതവുമായി ഇഴചേർന്ന ഒരു ജീവിക്കുന്ന യാഥാർഥ്യമാണ്.


വെല്ലുവിളികളെ അവസരങ്ങളാക്കി മാറ്റുന്ന സ്വിസ് മാതൃക

സ്വിറ്റ്‌സർലാൻഡ് ഒരു കുറ്റമറ്റ ജനാധിപത്യ സമൂഹമാണെന്ന അവകാശവാദങ്ങളില്ല. ലോകത്തെ ഏത് വികസിത രാജ്യത്തെയും പോലെ ഉയർന്ന ആരോഗ്യ ഇൻഷുറൻസ് ചെലവുകൾ, ഭവനലഭ്യതയിലെ പ്രതിസന്ധികൾ, വർധിച്ചുവരുന്ന കുടിയേറ്റം, ജനസംഖ്യയിലെ പ്രായാധിക്യം, തൊഴിൽ വിപണിയിലെ ഘടനാപരമായ മാറ്റങ്ങൾ, കൃത്രിമ ബുദ്ധിയുടെ (AI) കടന്നുവരവ് തുടങ്ങിയ നിരവധിയായ വെല്ലുവിളികൾ സ്വിസ് സമൂഹവും അഭിമുഖീകരിക്കുന്നുണ്ട്.

എന്നാൽ, ഈ പ്രതിസന്ധികളെ അവർ നേരിടുന്ന രീതിയാണ് സ്വിറ്റ്‌സർലാൻഡിനെ ലോകത്തിനു മുന്നിൽ വേറിട്ടു നിർത്തുന്നത്. പ്രശ്നങ്ങളെ വെറും രാഷ്ട്രീയ വിവാദങ്ങളാക്കി മാറ്റുന്നതിലുപരി, ആരോഗ്യകരമായ സംവാദങ്ങളിലൂടെയും ആഴത്തിലുള്ള ഗവേഷണങ്ങളിലൂടെയും വിപുലമായ ജനപങ്കാളിത്തത്തിലൂടെയും ദീർഘകാലാടിസ്ഥാനത്തിലുള്ള പരിഹാരങ്ങൾ കണ്ടെത്താനാണ് അവർ ശ്രമിക്കുന്നത്.

സമൂഹത്തിലെ ഭിന്നസ്വരങ്ങളെ വിഭജനത്തിനുള്ള ആയുധമാക്കാതെ, പുതിയ പരിഹാരങ്ങളിലേക്കുള്ള വഴിവിളക്കായി കാണുന്ന സവിശേഷമായൊരു രാഷ്ട്രീയ സംസ്കാരം ഇവിടെയുണ്ട്. അതുകൊണ്ടുതന്നെ, ആഗോളതലത്തിൽ വലിയ മാറ്റങ്ങൾ സംഭവിക്കുമ്പോഴും സാമൂഹികവും സാമ്പത്തികവുമായ സ്ഥിരത (Social Stability) നിലനിർത്താൻ ഈ രാജ്യത്തിന് സാധിക്കുന്നു.

ലോകത്തിന് നൽകുന്ന പാഠം

സ്വിറ്റ്‌സർലാൻഡ് ലോകത്തിന് നൽകുന്ന ഏറ്റവും വലിയ സന്ദേശം അതിന്റെ സാമ്പത്തിക സമൃദ്ധിയല്ല; മറിച്ച് അത് മുന്നോട്ടുവെക്കുന്ന ഉദാത്തമായ ജീവിതദർശനമാണ്. സ്വാതന്ത്ര്യം ഉത്തരവാദിത്വത്തോടെയും, സമൃദ്ധി സാമൂഹികബോധത്തോടെയും, പുരോഗതി മനുഷ്യാന്തസ്സോടെയും കൈകോർക്കുമ്പോഴാണ് ഒരു സമൂഹം യഥാർത്ഥത്തിൽ മഹത്തരമാകുന്നത്.

ആൽപ്സ് പർവതനിരകളുടെ നിശ്ശബ്ദത പോലെ, സ്വിസ് ജീവിതത്തിന്റെ ഈ മൂല്യങ്ങളും ലോകത്തോട് നിശ്ശബ്ദമായി സംവദിച്ചുകൊണ്ടിരിക്കുന്നു. സ്വിറ്റ്സർലാൻഡിന്റെ തടാകങ്ങളുടെ നിറഞ്ഞ പ്രതിഫലനം പോലെ, അവിടത്തെ ജനത സ്വന്തം പാരമ്പര്യത്തെ സംരക്ഷിക്കുന്നതിൽ അതേ ശ്രദ്ധയോടെ ഭാവിയെയും കെട്ടിപ്പടുക്കുന്നു. ക്ലോക്കുകളുടെ കൃത്യതയിൽ അവിടത്തെ ജനത തങ്ങളുടെ വാക്കുകളുടെയും പ്രവൃത്തികളുടെയും വിശ്വസനീയത പ്രതിഫലിപ്പിക്കുന്നു. മഞ്ഞുമൂടിയ ശിഖരങ്ങളുടെ സ്ഥിരതയിൽ നിന്ന് ലോകം പഠിക്കേണ്ടത്, മാറ്റങ്ങളുടെ കാലത്തും അടിസ്ഥാന മൂല്യങ്ങൾ ഉയർത്തിപ്പിടിക്കുന്നതിന്റെ പ്രാധാന്യമാണ്.

പ്രത്യേക നന്ദി: ഈ രചനയുടെ രൂപീകരണത്തിൽ വിലപ്പെട്ട നിർദേശങ്ങളും അഭിപ്രായങ്ങളും പങ്കുവെച്ച് സഹകരിച്ച ഡൊമിനിക് കളത്തിപറമ്പിലിന് ഹൃദയം നിറഞ്ഞ നന്ദി



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.