'കേരളത്തിലെ മത്സരം യുഡിഎഫും സിപിഎം-ബിജെപി സഖ്യവും തമ്മില്‍': രാഹുല്‍ ഗാന്ധി

'കേരളത്തിലെ മത്സരം യുഡിഎഫും സിപിഎം-ബിജെപി സഖ്യവും തമ്മില്‍': രാഹുല്‍ ഗാന്ധി

പത്തനംതിട്ട: നിയമസഭാ തിരഞ്ഞെടുപ്പില്‍ ഒരു ഭാഗത്ത് യുഡിഎഫും മറുഭാഗത്ത് എല്‍ഡിഎഫ് - ബിജെപി സംയുക്ത സഖ്യവുമാണെന്ന് ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി. അടൂരില്‍ തിരഞ്ഞെടുപ്പ് പ്രചാരണ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദേഹം.

ബിജെപിയുടെ പൂര്‍ണ പിന്തുണയുള്ള ഇടതുപക്ഷ ജനാധിപത്യ മുന്നണിയോടാണ് യുഡിഎഫ് മത്സരിക്കുന്നത്. ഈ പോരാട്ടത്തില്‍ ഒരു ഭാഗത്ത് യുഡിഎഫും മറുഭാഗത്ത് എല്‍ഡിഎഫ് - ബിജെപി സഖ്യവുമാണ്. കേരളത്തിലെ തിരഞ്ഞെടുപ്പില്‍ ബിജെപിയുടെ അദൃശ്യമായ കരമുണ്ട്.

കേരളത്തില്‍ യുഡിഎഫ് അധികാരത്തില്‍ വരരുത് എന്നാണ് ബിജെപി ആഗ്രഹിക്കുന്നത്. കാരണം അവരെ വെല്ലുവിളിക്കുന്ന മുന്നണി യുഡിഎഫ് ആണ്. ബിജെപിയോടും ആര്‍.എസ്.എസിനോടും അടിസ്ഥാനപരമായ അഭിപ്രായ വ്യത്യാസമുണ്ട്. ദേശീയ തലത്തില്‍ ഇവിടത്തെ എല്‍ഡിഎഫിന് ബിജെപിയെ ഒരിക്കലും വെല്ലുവിളിക്കാനുള്ള ശക്തിയില്ലെന്ന് അവര്‍ക്കു തന്നെ അറിയാമെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു.

'ഞാന്‍ പറയുന്നതിന് തെളിവുണ്ടോ എന്ന് നിങ്ങള്‍ ചിന്തിച്ചേക്കാം. അതിന് ഏറ്റവും വലിയ തെളിവ് ബിജെപിയെ എതിര്‍ക്കുന്നവര്‍ക്കെതിരെ കേസെടുക്കും എന്നതാണ്. എന്റെ പേരില്‍ 36 കേസുകളുണ്ട്. 55 മണിക്കൂര്‍ എന്നെ ചോദ്യം ചെയ്തിട്ടുണ്ട്. കേരളത്തിലെ മുഖ്യമന്ത്രിക്കെതിരെ ബിജെപിയുടെ ഒരു ആക്രമണവും നടക്കുന്നില്ല. ഇതുതന്നെയാണ് ഏറ്റവും വലിയ തെളിവ്. അവര്‍ക്ക് നേരെ അന്വേഷണം നടക്കുന്നുണ്ടെങ്കിലും ബിജെപി അവര്‍ക്ക് ഭീഷണിയാകുന്നില്ല'- രാഹുല്‍ പറഞ്ഞു.

ഇന്നലെ പ്രധാനമന്ത്രി കേരളത്തില്‍ എത്തിയിരുന്നു. അദേഹം എവിടെ പോയാലും സംസാരിക്കുന്നത് ക്ഷേത്രങ്ങളെപ്പറ്റിയാണ്. എന്നാല്‍, കേരളത്തിലെത്തുമ്പോള്‍ അദേഹം ശബരിമലയെ മറക്കുന്നു. അയ്യപ്പന്റെ സ്വര്‍ണം കട്ട ഇടത് നേതാക്കള്‍ക്കെതിരെ ഒരു വാക്ക് പോലും പറയുന്നില്ല.

ഇതിലും ബിജെപിയും എല്‍ഡിഎഫും ഒന്നാണെന്ന് വ്യക്തമാവുകയാണ്. വോട്ട് ലഭിക്കുമെങ്കില്‍ മാത്രമാണ് മോഡി ക്ഷേത്രങ്ങളെക്കുറിച്ച് സംസാരിക്കുന്നത്. എന്നാല്‍, എല്‍ഡിഎഫിന് വേണ്ടിയാണെങ്കില്‍ അദേഹം മിണ്ടില്ല. യുഡിഎഫ് അധികാരത്തില്‍ വന്നാല്‍ അയ്യപ്പന്റെ സ്വര്‍ണം കട്ടവരെയെല്ലാം നിയമത്തിന് മുന്നില്‍ കൊണ്ടുവരുമെന്നും രാഹുല്‍ ഗാന്ധി വ്യക്തമാക്കി.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.