ആണവ നിര്‍വ്യാപന ചര്‍ച്ചകളില്‍ തീരുമാനമാകാത്ത സാഹചര്യത്തില്‍ ഇറാന് സമീപം തങ്ങളുടെ സൈനിക സാന്നിധ്യം അമേരിക്ക വര്‍ധിപ്പിച്ചുകൊണ്ടിരിക്കുന്നതിനിടെയാണ് പുതിയ സംഭവ വികാസങ്ങള്‍.
ടെഹ്‌റാന്‍: ഇറാനില്‍ വീണ്ടും സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭവുമായി വിദ്യാര്‍ഥികള്‍. ജനുവരിയില്‍ നടന്ന ശക്തമായ പൊതുജന പ്രക്ഷോഭത്തിനും അടിച്ചമര്‍ത്തലുകള്‍ക്കും ശേഷം ഇറാനില്‍ വീണ്ടും പ്രതിഷേധം കനക്കുന്നതിന്റെ സൂചനയാണ് ലഭിക്കുന്നത്.
തലസ്ഥാനമായ ടെഹ്റാനിലെ ഷെരീഫ് യൂണിവേഴ്‌സിറ്റി ഓഫ് ടെക്‌നോളജി കാമ്പസില്‍ ശനിയാഴ്ച പ്രകടനക്കാര്‍ മാര്‍ച്ച് നടത്തുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തു വന്നു. പ്രകടനക്കാര്‍ക്ക് നേരെ സര്‍ക്കാര്‍ അനുകൂലികള്‍ രംഗത്തെത്തിയതോടെ സംഘര്‍ഷമുണ്ടായി.
വടക്കുകിഴക്കന്‍ മേഖലയിലെ രണ്ടാമത്തെ വലിയ നഗരമായ മഷാദില്‍ വലിയൊരു പ്രതിഷേധ റാലി നടന്നതായും റിപ്പോര്‍ട്ടുണ്ട്. ജനുവരിയില്‍ നടന്ന പ്രതിഷേധങ്ങളില്‍ കൊല്ലപ്പെട്ട ആയിരക്കണക്കിന് ആളുകള്‍ക്ക് ആദരമര്‍പ്പിക്കാന്‍ കൂടിയാണ് വിദ്യാര്‍ഥികള്‍ ഒത്തുകൂടിയതെന്നാണ് വിവരം.
പുതിയ സെമസ്റ്റര്‍ ആരംഭിച്ച ശനിയാഴ്ചയാണ് ഷെരീഫ് യൂണിവേഴ്‌സിറ്റി ഓഫ് ടെക്‌നോളജി കാമ്പസില്‍ പ്രതിഷേധം അരങ്ങേറിയത്. ഇറാനിയന്‍ ദേശീയ പതാകകളുമേന്തി നൂറുകണക്കിന് വിദ്യാര്‍ഥികളാണ് മാര്‍ച്ചില്‍ പങ്കെടുത്തതെന്ന് ബിബിസി റിപ്പോര്‍ട്ട് ചെയ്തു.
സമരക്കാര്‍ സര്‍ക്കാര്‍ വിരുദ്ധ മുദ്രാവാക്യങ്ങളും വിളിക്കുന്നുണ്ടായിരുന്നു. ബെഹെഷ്തി യൂണിവേഴ്സിറ്റി, അമീര്‍ കബീര്‍ യൂണിവേഴ്സിറ്റി എന്നിവിടങ്ങളിലും പ്രതിഷേധം അരങ്ങേറി. പലയിടങ്ങളിലും വിദ്യാര്‍ഥികളും സുരക്ഷാ സേനയും തമ്മില്‍ ഏറ്റുമുട്ടി.
ആണവ നിര്‍വ്യാപന ചര്‍ച്ചകളില്‍ തീരുമാനമാകാത്ത സാഹചര്യത്തില്‍ ഇറാന് സമീപം തങ്ങളുടെ സൈനിക സാന്നിധ്യം അമേരിക്ക വര്‍ധിപ്പിച്ചുകൊണ്ടിരിക്കുന്നതിനിടെയാണ് പുതിയ സംഭവ വികാസങ്ങള്‍.
ഇറാനുമായി നേരിട്ടുള്ള സൈനിക ഏറ്റുമുട്ടല്‍ ലക്ഷ്യമിട്ട് പശ്ചിമേഷ്യയിലുടനീളമുള്ള തങ്ങളുടെ സൈനിക താവളങ്ങളില്‍ അമേരിക്ക വന്‍തോതില്‍ അഴിച്ചുപണി ആരംഭിച്ചു. ഖത്തറിലെ അല്‍ ഉദൈദ് താവളത്തില്‍ നിന്ന് നൂറുകണക്കിന് സൈനികരെ രഹസ്യ ദൗത്യങ്ങള്‍ക്ക് മാറ്റിയതായി പെന്റഗണ്‍ ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് ദ ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ട് ചെയ്തു.
ഖത്തറിന് പുറമെ ബഹ്‌റിന്‍, കുവൈറ്റ്, സൗദി അറേബ്യ, ഇറാഖ്, സിറിയ, ജോര്‍ദാന്‍ എന്നിവിടങ്ങളിലെ അമേരിക്കന്‍ താവളങ്ങളിലും വലിയ തോതിലുള്ള അഴിച്ചു പണികള്‍ നടക്കുന്നുണ്ട്.
നിലവില്‍ പശ്ചിമേഷ്യയിലുള്ള 30,000 മുതല്‍ 40,000 വരെ വരുന്ന യു.എസ് സൈനികര്‍ക്ക് ഇറാന്റെ പ്രത്യാക്രമണങ്ങളെ ചെറുക്കാന്‍ ആവശ്യമായ വ്യോമ പ്രതിരോധ സംവിധാനങ്ങള്‍ കുറവാണെന്ന വിലയിരുത്തലില്‍ കൂടുതല്‍ പ്രതിരോധ സംവിധാനങ്ങള്‍ മേഖലയിലേക്ക് എത്തിക്കുന്നുണ്ട്.
ഇറാന്റെ ഭാഗത്തു നിന്നുള്ള മിസൈല്‍ ആക്രമണങ്ങളില്‍ നിന്ന് രക്ഷപ്പെടാനായി രണ്ട് അമേരിക്കന്‍ വിമാന വാഹിനിക്കപ്പലുകളെ ഇറാന്റെ അതിര്‍ത്തിയില്‍ നിന്ന് സുരക്ഷിതമായ അകലത്തിലേക്ക് മാറ്റിയിട്ടുമുണ്ട്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.