"മൊബൈൽ ഫോൺ മാറ്റിവെക്കാം, ദൈവസ്വരം ശ്രവിക്കാം"; നോമ്പുകാല സന്ദേശവുമായി ലിയോ പാപ്പ


വത്തിക്കാൻ സിറ്റി: ആധുനിക ലോകത്തെ ഡിജിറ്റൽ ബഹളങ്ങളിൽ നിന്ന് മാറിനിന്ന് നോമ്പുകാലം കൂടുതൽ അർത്ഥപൂർണമാക്കാൻ വിശ്വാസികളോട് ആഹ്വാനം ചെയ്ത് ലിയോ പതിനാലാമൻ മാർപാപ്പ. കുറച്ചു നേരത്തേക്കെങ്കിലും മൊബൈൽ ഫോണുകളും ടെലിവിഷനും റേഡിയോയും സ്വിച്ച് ഓഫ് ചെയ്ത് ഹൃദയത്തിൽ ദൈവത്തിനായി നിശബ്ദതയുടെ ഒരിടം കണ്ടെത്തണമെന്ന് പാപ്പ ഓർമ്മിപ്പിച്ചു. വത്തിക്കാനിൽ ത്രികാലജപ പ്രാർത്ഥനയോടനുബന്ധിച്ച് നൽകിയ സന്ദേശത്തിലാണ് പാപ്പയുടെ ഈ വിപ്ലവകരമായ ആഹ്വാനം.

ദൈവ വചനം ധ്യാനിക്കാനും കൂദാശകൾ സ്വീകരിക്കാനും ഹൃദയത്തിൽ പരിശുദ്ധാത്മാവ് സംസാരിക്കുന്നത് കേൾക്കാനും നിശബ്ദത അത്യാവശ്യമാണെന്ന് പാപ്പ പറഞ്ഞു. സാങ്കേതിക വിദ്യയുടെ അതിപ്രസരം ദൈവത്തോടും സഹോദരങ്ങളോടുമുള്ള നമ്മുടെ ആശയ വിനിമയത്തെ ബാധിക്കരുത്. കുടുംബങ്ങളിലും ജോലിസ്ഥലത്തും മറ്റുള്ളവരെ ക്ഷമയോടെ ശ്രവിക്കാൻ സമയം കണ്ടെത്തണം. പ്രത്യേകിച്ച് ഏകാന്തത അനുഭവിക്കുന്നവർക്കും രോഗികൾക്കും ദരിദ്രർക്കുമായി സമയം മാറ്റിവെക്കുന്നത് വലിയൊരു നോമ്പ് ആചരണമാണെന്ന് പാപ്പ കൂട്ടിച്ചേർത്തു.

ജീവിതത്തിലെ ഉപരിപ്ലവമായ ആവശ്യങ്ങൾ ഒഴിവാക്കണം. അനാവശ്യ ചിലവുകൾ കുറച്ച് അതിലൂടെ ലാഭിക്കുന്ന തുക പാവപ്പെട്ടവർക്കും അവശത അനുഭവിക്കുന്നവർക്കും നൽകുന്നതിലൂടെ മാത്രമേ നോമ്പുകാലം പൂർണമാവുകയുള്ളൂ. സമ്പത്ത്, പ്രശസ്തി, അധികാരം എന്നിവ നൽകുന്ന എളുപ്പത്തിലുള്ള സംതൃപ്തിക്ക് പിന്നാലെ പോകുന്നത് അപകടകരമാണ്. യേശു മരുഭൂമിയിൽ നേരിട്ട പ്രലോഭനങ്ങളെ അനുസ്മരിച്ചുകൊണ്ട്, ഇത്തരം ലൗകിക മോഹങ്ങൾ യഥാർത്ഥ സന്തോഷത്തിന് പകരമാവില്ലെന്ന് പാപ്പ വ്യക്തമാക്കി.

പ്രാർത്ഥനയ്ക്കും കാരുണ്യ പ്രവൃത്തികൾക്കുമൊപ്പം പ്രായശ്ചിത്ത പ്രവൃത്തികളും ഉദാരമായി അനുഷ്ഠിക്കണം. പിശാചിന്റെ ചതിക്കുഴികളെ അതിജീവിക്കാൻ യേശു കാണിച്ചുതന്ന വഴി പ്രാർത്ഥനയുടേതാണ്. നമ്മുടെ പാപക്കറകൾ കഴുകിക്കളയാനും മുറിവുകൾ സൗഖ്യപ്പെടുത്താനും ദൈവത്തെ അനുവദിക്കണം. ജീവിതത്തെ ഒരു ഉദാത്ത സൃഷ്ടിയായി മെനഞ്ഞെടുക്കാൻ ഈ നോമ്പുകാലം ഉപകരിക്കട്ടെ എന്ന് ആശംസിച്ച പാപ്പ വിശ്വാസികളുടെ ആത്മീയ യാത്രയെ പരിശുദ്ധ മറിയത്തിന്റെ സംരക്ഷണത്തിന് ഭരമേൽപ്പിച്ചു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.