കാൻബറ: ഐഎസ് ഭീകരരുമായി ബന്ധമുള്ളവരുടെ കുടുംബാംഗങ്ങളെ സഹായിക്കുന്നത് ക്രിമിനൽ കുറ്റമാക്കണമെന്ന ആവശ്യവുമായി ഓസ്‌ട്രേലിയൻ പ്രതിപക്ഷം. പ്രഖ്യാപിത ഭീകരവാദ ഹോട്ട്‌സ്‌പോട്ടുകളിലേക്ക് പോയവരെയോ ഭീകരവാദ കുറ്റം ചെയ്തവരെയോ ഓസ്‌ട്രേലിയയിലേക്ക് തിരിച്ചു വരാൻ സഹായിക്കുന്നത് നിയമ വിരുദ്ധമാക്കണമെന്ന് ലിബറൽ സഖ്യം ആവശ്യപ്പെട്ടു.
ഇതിനായി മാർച്ച് മാസത്തിൽ പാർലമെന്റിൽ സ്വകാര്യ ബിൽ കൊണ്ടുവരുമെന്ന് പ്രതിപക്ഷ നേതാവ് ആംഗസ് ടെയ്‌ലർ വ്യക്തമാക്കി. എന്നാൽ പ്രതിപക്ഷത്തിന്റെ ഈ നീക്കം ഗൗരവകരമല്ലെന്ന് ചൂണ്ടിക്കാട്ടി പ്രധാനമന്ത്രി ആന്റണി ആൽബനീസ് ഈ ആവശ്യം തള്ളിക്കളഞ്ഞു.
പ്രഖ്യാപിത ഭീകരവാദ ഹോട്ട്‌സ്‌പോട്ടുകളിലേക്ക് പോയവരെയോ ഭീകരവാദ കുറ്റകൃത്യങ്ങളിൽ ഏർപ്പെട്ടവരെയോ ഓസ്‌ട്രേലിയയിലേക്ക് തിരിച്ചു വരാൻ സഹായിക്കുന്നത് നിയമ വിരുദ്ധമാക്കണമെന്നതാണ് ബില്ലിലെ പ്രധാന ആവശ്യം. ഓസ്‌ട്രേലിയൻ അതിർത്തി കടന്ന് രാജ്യത്തേക്ക് ആരൊക്കെ വരണമെന്ന കാര്യത്തിൽ സർക്കാരിന് പൂർണമായ തീരുമാനമെടുക്കാനുള്ള അധികാരം ഉറപ്പാക്കണമെന്ന് ലിബറൽ സെനറ്റർ ജെയിൻ ഹ്യൂം ആവശ്യപ്പെട്ടു. വിദേശത്ത് സഹായമെത്തിക്കുന്ന സംഘടനകളെ ലക്ഷ്യമിട്ടല്ല മറിച്ച് ഓസ്‌ട്രേലിയക്കാരെ സുരക്ഷിതരായി നിലനിർത്താനാണ് ഈ നിയമ നിർമ്മാണം എന്ന് പ്രതിപക്ഷം വാദിക്കുന്നു.
ലിബറൽ പാർട്ടി അധികാരത്തിലിരുന്ന കാലത്ത് ഐഎസ് പോരാളികൾ ഉൾപ്പെടെ നാല്പതിലധികം പേരെ രാജ്യത്തേക്ക് തിരിച്ചുവരാൻ അനുവദിച്ചിട്ടുണ്ടെന്ന് പ്രധാനമന്ത്രി ആന്റണി ആൽബനീസ് ഓർമ്മിപ്പിച്ചു. സർക്കാർ നിലവിൽ നിയമോപദേശങ്ങൾക്ക് അനുസരിച്ചാണ് പ്രവർത്തിക്കുന്നതെന്നും ചെയ്യാൻ കഴിയുന്ന കാര്യങ്ങൾക്ക് പരിമിതികളുണ്ടെന്നും അദേഹം പറഞ്ഞു.
പ്രതിപക്ഷത്തിന്റെ നീക്കം യഥാർത്ഥത്തിൽ സന്നദ്ധ സംഘടനകളുടെ പ്രവർത്തനങ്ങളെ കുറ്റകരമാക്കാനുള്ള ശ്രമമാണെന്ന് ആരോഗ്യ മന്ത്രി മാർക്ക് ബട്ട്‌ലർ വിമർശിച്ചു. വരും ദിവസങ്ങളിൽ ഓസ്‌ട്രേലിയൻ പാർലമെന്റിൽ ഈ വിഷയം ശക്തമായ വാദപ്രതിവാദങ്ങൾക്ക് വഴിവെക്കുമെന്ന് ഉറപ്പായി.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.