നിര്‍മിത ബുദ്ധിയുടെ സാധ്യതകള്‍ മനുഷ്യ നന്മയ്ക്കായി ഉപയോഗിക്കുക; എഐ മേഖലയിലെ ആഗോള നേതൃത്വത്തിന് ഇന്ത്യയും അമേരിക്കയും ഒന്നിക്കുന്നു

നിര്‍മിത ബുദ്ധിയുടെ സാധ്യതകള്‍ മനുഷ്യ നന്മയ്ക്കായി ഉപയോഗിക്കുക; എഐ മേഖലയിലെ ആഗോള നേതൃത്വത്തിന് ഇന്ത്യയും അമേരിക്കയും ഒന്നിക്കുന്നു

വാഷിങ്ടണ്‍: ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് (എഐ) രംഗത്തെ ആഗോള നേതൃത്വം ലക്ഷ്യമിട്ട് ഇന്ത്യയും അമേരിക്കയും സംയുക്ത പ്രസ്താവനയില്‍ ഒപ്പു വച്ചു. സാങ്കേതിക വിദ്യയിലെ നവീന ആശയങ്ങളെ പ്രോത്സാഹിപ്പിക്കുന്ന 'പ്രോ ഇന്നൊവേഷന്‍' സമീപനമാണ് ഇരു രാജ്യങ്ങളും സ്വീകരിക്കുന്നതെന്ന് യു.എസ് സ്റ്റേറ്റ് അണ്ടര്‍ സെക്രട്ടറി ജേക്കബ് എസ്. ഹെല്‍ബര്‍ഗ് വ്യക്തമാക്കി.

നിര്‍മിത ബുദ്ധിയുടെ അനന്ത സാധ്യതകള്‍ പ്രയോജനപ്പെടുത്തുന്നതിനൊപ്പം നിക്ഷേപങ്ങളെ പ്രോത്സാഹിപ്പിക്കുന്ന നിയന്ത്രണ ചട്ടക്കൂടുകള്‍ നടപ്പിലാക്കാനും ഇരു രാജ്യങ്ങളും പ്രതിജ്ഞാബദ്ധമാണെന്ന് അദേഹം സോഷ്യല്‍ മീഡിയയില്‍ കുറിച്ചു.

അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡിയും ചേര്‍ന്ന് ആവിഷ്‌കരിച്ച 'ട്രസ്റ്റ്' പദ്ധതിയുടെ ഭാഗമായാണ് പുതിയ നീക്കം. എഐ സാങ്കേതിക വിദ്യയെ പേടിയോടെ കാണുന്നതിന് പകരം, അവ നല്‍കുന്ന വലിയ അവസരങ്ങള്‍ മനുഷ്യന്റെ നന്മയ്ക്കായി ഉപയോഗിക്കാനാണ് ലക്ഷ്യമിടുന്നത്.

ഇതിനായി എഐ മേഖലയിലെ ഗവേഷകര്‍ക്കും സ്റ്റാര്‍ട്ടപ്പുകള്‍ക്കും തടസമില്ലാതെ പ്രവര്‍ത്തിക്കാന്‍ കഴിയുന്ന ഒരു അന്തരീക്ഷം സൃഷ്ടിക്കും. പുതിയ സാങ്കേതിക വിദ്യകള്‍ അതിവേഗം വികസിപ്പിക്കാനും സുരക്ഷിതമായ എഐ ഇക്കോസിസ്റ്റം കെട്ടിപ്പടുക്കാനും സ്റ്റാര്‍ട്ടപ്പുകളെയും ഡെവലപ്പര്‍മാരെയും ഈയൊരു പങ്കാളിത്തത്തോടെ സഹായിക്കും.

ഭാവിയിലെ വിതരണ സംവിധാനങ്ങള്‍ കുറ്റമറ്റതാക്കാന്‍ 'പാക്‌സ് സിലിക്ക' എന്ന പുതിയ കരാറിലൂടെ ഇരുരാജ്യങ്ങളും സഹകരിക്കും. ഇതിലൂടെ സുരക്ഷിതമായ രീതിയില്‍ സെമികണ്ടക്ടറുകള്‍ നിര്‍മിക്കുക, അടിസ്ഥാന സൗകര്യങ്ങള്‍ മെച്ചപ്പെടുത്തുക, ആവശ്യമായ ധാതുക്കള്‍ ഖനനം ചെയ്‌തെടുക്കുക, ഈ മേഖലയില്‍ പ്രാവീണ്യമുള്ള തൊഴിലാളികളെ പരിശീലിപ്പിച്ചെടുക്കുക എന്നിവയാണ് ലക്ഷ്യമിടുന്നത്.

നിര്‍മിത ബുദ്ധി സ്വകാര്യ കമ്പനികളുടെ പുതിയ ആശയങ്ങളിലൂടെയും കണ്ടെത്തലുകളിലൂടെയും ആയിരിക്കണം മുന്നോട്ട് പോകേണ്ടതെന്ന് ഇന്ത്യയും അമേരിക്കയും കരുതുന്നു. സംരംഭകര്‍ക്ക് നിക്ഷേപം നടത്താനുള്ള സൗകര്യങ്ങള്‍ വര്‍ധിപ്പിക്കാനും, ഭാവിയിലേക്കാവശ്യമായ ഡാറ്റാ സെന്ററുകള്‍, പ്രോസസറുകള്‍ എന്നിവ വികസിപ്പിക്കാനും ഇരു രാജ്യങ്ങളും സംയുക്തമായി പ്രവര്‍ത്തിക്കും.

പ്രതിരോധ, വാണിജ്യ, സാങ്കേതിക പങ്കാളിത്തം ലക്ഷ്യമിട്ടുള്ള ഇന്ത്യ-അമേരിക്ക 'കോംപാക്ട്' പദ്ധതിയുടെ ഭാഗമായാണ് സഹകരണം. ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യങ്ങള്‍ എന്ന നിലയില്‍ സ്വാതന്ത്ര്യം സംരക്ഷിക്കുന്നതിനൊപ്പം ജനങ്ങളുടെ ഐശ്വര്യത്തിനും സമൃദ്ധിക്കും വേണ്ടി സാങ്കേതിക വിദ്യയെ ഉപയോഗപ്പെടുത്താന്‍ ഈ പങ്കാളിത്തത്തിലൂടെ സാധിക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.