വത്തിക്കാനിലെ ആഫ്രിക്കൻ കരുത്ത്; കർദിനാൾ പോളികാർപോ പെങ്കോ ദിവംഗതനായി

വത്തിക്കാനിലെ ആഫ്രിക്കൻ കരുത്ത്; കർദിനാൾ പോളികാർപോ പെങ്കോ ദിവംഗതനായി

ഡാർ-എസ്-സലാം: ടാൻസാനിയയിലെ ഡാർ-എസ്-സലാം മുൻ ആർച്ച് ബിഷപ്പും വത്തിക്കാനിലെ നിർണായക ചുമതലകൾ വഹിച്ചിരുന്ന പ്രമുഖ സഭാ നേതാവുമായ കർദ്ദിനാൾ പോളികാർപോ പെങ്കോ (81) അന്തരിച്ചു. സഭയുടെ സുപ്രധാനമായ വിവിധ ഉത്തരവാദിത്വങ്ങൾ നിർവ്വഹിച്ചിരുന്ന അദേഹത്തിന്റെ വിയോഗത്തിൽ ലിയോ മാർപാപ്പ അനുശോചനം രേഖപ്പെടുത്തി.

ആഫ്രിക്കൻ സഭയെയും പരിശുദ്ധ സിംഹാസനത്തെയും ഒരുപോലെ സേവിച്ച ജ്ഞാനിയും ദയയുള്ള ഇടയനുമായിരുന്നു കർദ്ദിനാളെന്ന് പാപ്പ തന്റെ സന്ദേശത്തിൽ അനുസ്മരിച്ചു.

1944 ഓഗസ്റ്റ് അഞ്ചിന് ടാൻസാനിയയിലെ മ്വാസിയിൽ ജനിച്ച പെങ്കോ 1971 ലാണ് വൈദികനായി അഭിഷിക്തനായത്. 1984 ൽ വിശുദ്ധ ജോൺ പോൾ രണ്ടാമൻ മാർപാപ്പയിൽ നിന്ന് മെത്രാൻ പട്ടം സ്വീകരിച്ച അദേഹം 1992-ൽ ഡാർ-എസ്-സലാം ആർച്ച് ബിഷപ്പായി ചുമതലയേറ്റു. 1998 ൽ കർദിനാൾ പദവിയിലേക്ക് ഉയർത്തപ്പെട്ടു. ബെനഡിക്ട് പതിനാറാമൻ (2005), ഫ്രാൻസിസ് പാപ്പ (2013) എന്നിവരെ തിരഞ്ഞെടുത്ത ചരിത്രപരമായ കോൺക്ലേവുകളിൽ പങ്കാളിയായിരുന്നു.

പരിശുദ്ധ സിംഹാസനത്തിന്റെ സാമ്പത്തികവും സംഘടനാപരവുമായ പ്രശ്‌നങ്ങൾ പഠിക്കുന്ന കർദിനാൾമാരുടെ കൗൺസിലിൽ അംഗമായിരുന്നു. ഇതിനു പുറമെ ജനതകളുടെ സുവിശേഷവൽക്കരണത്തിനായുള്ള തിരുസംഘം, വിശ്വാസ തിരുസംഘം, മതാന്തര സംവാദം, സംസ്കാരം എന്നിവയ്ക്കായുള്ള പൊന്തിഫിക്കൽ കൗൺസിലുകൾ തുടങ്ങി നിരവധി സമിതികളിൽ തന്റെ വ്യക്തിമുദ്ര പതിപ്പിച്ചു.

കർദിനാളിന്റെ ഭൗതികദേഹം ഫെബ്രുവരി 28 ശനിയാഴ്ച രാവിലെ 10 മണിക്ക് ഡാർ-എസ്-സലാമിലെ പുഗു തീർത്ഥാടന കേന്ദ്രത്തിൽ സംസ്കരിക്കും.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.