ടെഹ്‌റാന്‍: ഇസ്ലാമിക വിശ്വാസത്തില്‍ നിന്ന് ക്രൈസ്തവ വിശ്വാസത്തിലേക്ക് നിരവധി പേര്‍ കടന്നു വരുന്ന ഒരു രാജ്യമാണ് ഇറാന്‍. എന്നാല്‍ ഇറാനിലെ ക്രൈസ്തവര്‍ ഭരണകൂടത്തിന്റെ ക്രൂരമായ പീഡനങ്ങള്‍ക്ക് ഇരയാകുന്നു എന്ന വാര്‍ത്തകളാണ് ഇപ്പോള്‍ പുറത്തു വരുന്നത്.
ഇറാനില്‍ കഴിഞ്ഞ വര്‍ഷം മാത്രം 254 ക്രിസ്ത്യാനികള്‍ അവരുടെ വിശ്വാസത്തിന്റെ പേരില്‍ അറസ്റ്റിലായതായി ആര്‍ട്ടിക്കിള്‍ 18, ഓപ്പണ്‍ ഡോര്‍സ്, സിഎസ്ഡബ്ല്യു, മിഡില്‍ ഈസ്റ്റ് കണ്‍സേണ്‍ എന്നീ സംഘടനകള്‍ സംയുക്തമായി പുറത്തിറക്കിയ റിപ്പോര്‍ട്ടില്‍ പറയുന്നു.
രാഷ്ട്രീയ സംഘര്‍ഷങ്ങള്‍ക്കിടയില്‍ ഭരണകൂടം ക്രൈസ്തവരെ ലക്ഷ്യം വയ്ക്കുകയും അവരെ ബലിയാടുകളാക്കി മാറ്റുകയാണെന്നും റിപ്പോര്‍ട്ടില്‍ പരാമര്‍ശമുണ്ട്. 'ബലിയാടുകള്‍: ഇറാനിലെ ക്രിസ്ത്യാനികള്‍ക്കെതിരായ അവകാശ ലംഘനങ്ങള്‍' എന്ന തലക്കെട്ടോടെയാണ് വാര്‍ഷിക റിപ്പോര്‍ട്ട് പുറത്തു വിട്ടിരിക്കുന്നത്.
കഴിഞ്ഞ ജൂണില്‍ ഇറാനും ഇസ്രയേലും തമ്മിലുള്ള 12 ദിവസത്തെ യുദ്ധത്തെ തുടര്‍ന്ന് അഞ്ച് ക്രിസ്ത്യാനികള്‍ക്കെതിരെ ചാരവൃത്തി കുറ്റം ചുമത്തി 40 വര്‍ഷത്തെ തടവ് ശിക്ഷ വിധിച്ചു. രാജ്യത്തെ വിയോജിപ്പുള്ള ശബ്ദങ്ങളെയോ അഭിപ്രായങ്ങളെയോ വിശ്വാസങ്ങളെയോ ക്രൂരമായി ഇല്ലാതാക്കുന്ന സര്‍ക്കാരിന് കീഴിലാണ് രാജ്യത്തെ ന്യൂനപക്ഷ സമൂഹം കഴിയുന്നതെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.
കഴിഞ്ഞ വര്‍ഷം ഇറാനില്‍ അറസ്റ്റിലായ മിക്ക ക്രിസ്ത്യാനികള്‍ക്കെതിരെയും 'ഇസ്ലാമിന്റെ വിശുദ്ധ മതത്തിന് വിരുദ്ധമായ പ്രചാരണം' എന്ന പേരിലാണ് കുറ്റം ചുമത്തിയിട്ടുള്ളത്. ഇവരില്‍ 43 പേര്‍ ഇപ്പോഴും ശിക്ഷ അനുഭവിക്കുന്നുണ്ടെന്നും മറ്റ് 16 പേര്‍ വിചാരണയ്ക്ക് മുമ്പുള്ള തടങ്കലില്‍ ആണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
തടവ്, നാടുകടത്തല്‍ അല്ലെങ്കില്‍ നിര്‍ബന്ധിത ജോലിക്ക് ശിക്ഷിക്കപ്പെട്ട ക്രിസ്ത്യാനികളുടെ എണ്ണം 57 ആണെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. 92 ദശലക്ഷത്തിലധികം ജനസംഖ്യയുള്ള ഇറാനില്‍, ഏകദേശം എട്ട് ലക്ഷം ക്രിസ്ത്യാനികള്‍ മാത്രമാണുള്ളത്. രാജ്യത്തെ മനുഷ്യാവകാശത്തിന് വേണ്ടി സ്വരമുയര്‍ത്തുന്ന ക്രൈസ്തവ വിശ്വാസം പിന്തുടരുന്നവരെ കൃത്യമായി ലക്ഷ്യം വെച്ചാണ് ഭരണകൂട വേട്ടയാടല്‍ തുടരുന്നത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.