നിരീശ്വരവാദത്തിന്റെ നിരാശയ്ക്കുള്ള പിതാവായ ദൈവത്തിൻ്റെ ഉത്തരമാണ് പുത്രനായ രക്ഷകൻ; നാസ്തികതയുടെ ഏകാന്തതയിൽ നിന്ന് പരിശുദ്ധാത്മാവ് നമുക്ക് വിടുതൽ നൽകുന്നു: മാർപാപ്പ

നിരീശ്വരവാദത്തിന്റെ നിരാശയ്ക്കുള്ള പിതാവായ ദൈവത്തിൻ്റെ ഉത്തരമാണ് പുത്രനായ രക്ഷകൻ; നാസ്തികതയുടെ ഏകാന്തതയിൽ നിന്ന് പരിശുദ്ധാത്മാവ് നമുക്ക് വിടുതൽ നൽകുന്നു: മാർപാപ്പ

വത്തിക്കാൻ സിറ്റി: ദിവ്യരക്ഷകനായ ക്രിസ്തു ചരിത്രത്തിൻ്റെ മുറിവുകളെ രൂപാന്തരപ്പെടുത്തുകയും ദൈവീക ദാനമായ രക്ഷയെ വെളിപ്പെടുത്തുകയും ചെയ്യുന്നുവെന്ന് ലിയോ പതിനാലാമൻ മാർപാപ്പ. നോമ്പിൻ്റെ രണ്ടാം ഞായറാഴ്ച, യേശുവിൻ്റെ രൂപാന്തരീകരണം എന്ന ദിവ്യരഹസ്യത്തെക്കുറിച്ചുള്ള ധ്യാനചിന്തകളാണ് മാർപാപ്പ പങ്കുവച്ചത്.

സുവിശേഷ വായനയിൽ വിവരിച്ചിരിക്കുന്ന യേശുവിൻ്റെ രൂപാന്തരീകരണം ഉത്ഥാനത്തിന്റെ വെളിച്ചത്തെ മുൻകൂട്ടി വെളിപ്പെടുത്തുന്നതാണ്. അക്രമങ്ങളാൽ തകർക്കപ്പെടുകയും കഠിന വേദനയിൽ കുരിശിൽ തറയ്ക്കപ്പെടുകയും അതിദാരുണമായി ഉപേക്ഷിക്കപ്പെടുകയും ചെയ്യുന്ന ശരീരങ്ങളിൽ ക്രിസ്തു തൻ്റെ പുനരുത്ഥാനത്തിന്റെ വെളിച്ചം പ്രസരിപ്പിക്കുന്നു - ലിയോ പാപ്പ പറഞ്ഞു.

യേശുവിനോടൊപ്പമുണ്ടായിരുന്ന ശിഷ്യന്മാർ അവിടുത്തെ മഹത്വം ദർശിച്ചെങ്കിലും തങ്ങൾ കണ്ടതിന്റെ അർത്ഥം ഗ്രഹിക്കാൻ അവർക്ക് കൂടുതൽ സമയം വേണ്ടിവന്നു. വചനം കേൾക്കാനും ഗ്രഹിക്കാനും വേണ്ടിയുള്ള നിശബ്ദമായ സമയവും കർത്താവിൻ്റെ സഹവാസം ആസ്വദിക്കാൻ വേണ്ടിയുള്ള മാനസാന്തരത്തിൻ്റെ സമയവും ആയിരുന്നു അത്.

ശിഷ്യന്മാർ വചനം മാംസമായ യേശുവിനെ കണ്ടത് മോശ, ഏലിയാ എന്നീ രണ്ടുപേർ പ്രതിനിധീകരിക്കുന്ന നിയമത്തിനും പ്രവാചകന്മാർക്കും ഇടയിലാണെന്ന് പാപ്പാ വ്യക്തമാക്കി. ജോർദാനിലെ അവിടുത്തെ ജ്ഞാനസ്നാന വേളയിലെന്നപോലെ, 'ഇവൻ എന്റെ പ്രിയ പുത്രൻ ആകുന്നു' എന്ന പിതാവിൻ്റെ സ്വരവും നാം കേൾക്കുന്നു. ശോഭയേറിയ മേഘത്തിൻ്റെ രൂപത്തിൽ പരിശുദ്ധാത്മാവ് യേശുവിനെ ആവരണം ചെയ്യുന്നു.

ദൈവത്തിൻ്റെ 'മാനുഷിക തേജസ്' വെളിപ്പെട്ടപ്പോൾ പത്രോസിനും യാക്കോബിനും യോഹന്നാനും അവിടെ ദർശിക്കാനായത് എളിമയാർന്ന മഹത്വത്തിൻ്റെ പ്രത്യക്ഷീകരണമാണ്. ഇത് വെളിപ്പെട്ടത് ജനക്കൂട്ടത്തിനു മുമ്പിലെ ഒരു വിസ്മയക്കാഴ്ചയായിട്ടല്ല, ഗാഢമായ സ്നേഹബന്ധത്തിൻ്റെ ഒരനുഭവമായിട്ടാണ്.

ലോകത്തിലെ തിന്മകൾക്കിടയിലും, ദൈവ മഹത്വത്തിൻ്റെ തേജസ്സിനാൽ പ്രശോഭിച്ച യേശുവിൻ്റെ രൂപാന്തരീകരിക്കപ്പെട്ട ശരീരം നമ്മോട് പറയുന്നത്, ചരിത്രത്തിൻ്റെ മുറിവുകൾ രൂപാന്തരപ്പെടുത്തുന്ന ദിവ്യരക്ഷകനാണ് അവിടുന്ന് എന്നാണ്. ദൈവത്തിൻ്റെ ദാനമായ ഈ രക്ഷ നമ്മുടെ ഹൃദയങ്ങളെയും മനസ്സുകളെയും പ്രകാശിപ്പിക്കുന്നു.

'ഇക്കാര്യം നമ്മെ ആകർഷിക്കുന്നുണ്ടോ? ദൈവത്തിൻ്റെ ഈ യഥാർത്ഥ മുഖം അത്ഭുതത്തോടും സ്നേഹത്തോടും കൂടിയാണോ നാം കാണുന്നത്?' - ലിയോ പാപ്പ ചോദിച്ചു.

'നിരീശ്വരവാദത്തിന്റെ നിരാശയ്ക്കുള്ള പിതാവായ ദൈവത്തിൻ്റെ ഉത്തരമായാണ് അവിടുന്ന് തൻ്റെ പുത്രനെ രക്ഷകനായി നമുക്ക് തന്നത്. അവിടുത്തെ പരിശുദ്ധാത്മാവ് തന്റെ നിരന്തരമായ സഹവാസത്തിലൂടെ ജീവനും കൃപയും പകർന്നുതന്ന് നാസ്തികതയുടെ ഏകാന്തതയിൽനിന്ന് നമുക്ക് വിടുതൽ നൽകുന്നു. നമ്മുടെ ദുർബലമായ വിശ്വാസത്തിന് പകരമായി ഭാവിയിലെ പുനരുത്ഥാനത്തിന്റെ വാഗ്ദാനം അവിടുന്ന് നമ്മോട് പ്രഖ്യാപിക്കുന്നു' - ഈ വാക്കുകളോടെ പാപ്പാ തൻ്റെ സന്ദേശം ഉപസംഹരിച്ചു.

മാർപാപ്പമാരുടെ ഇതുവരെയുള്ള സന്ദേശങ്ങൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.