കൊച്ചി: ആയുധങ്ങള്‍ സര്‍വനാശവും മരണവും വേദനയും മാത്രമാണ് സമ്മാനിക്കുന്നതെന്നും തുറന്ന ചര്‍ച്ചകളിലൂടെ മാത്രമേ സുസ്ഥിരമായ സമാധാനവും സമാധാനപരമായ സഹവര്‍ത്തിത്വവും സാധ്യമാകൂവെന്നും സീറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ച് ബിഷപ്പ് മാര്‍ റാഫേല്‍ തട്ടില്‍.
പശ്ചിമേഷ്യയില്‍ ആരംഭിച്ച യുദ്ധം അതീവ ഗുരുതരമായി തുടരുകയും വിവിധ രാജ്യങ്ങളില്‍ വലിയ നാശനഷ്ടങ്ങളും അനേകര്‍ക്ക് ജീവഹാനിയും സംഭവിച്ചു കൊണ്ടിരിക്കുകയാണ്. ഈ സാഹചര്യത്തില്‍ യുദ്ധത്തിന്റെ ഇരകളാക്കപ്പെട്ട എല്ലാവരോടും സീറോ മലബാര്‍ സഭയുടെ പ്രാര്‍ഥനാ പൂര്‍ണമായ പിന്തുണ അറിയിക്കുന്നതായി മാര്‍ തട്ടില്‍ പ്രസ്താവനയില്‍ പറഞ്ഞു.
പരിഹരിക്കാനാകാത്ത വിധമുള്ള അഗാധമായ തകര്‍ച്ചയുണ്ടാകുന്നതിന് മുന്‍പ് ഓരോ രാജ്യവും തങ്ങളുടെ ധാര്‍മിക ഉത്തരവാദിത്വത്തെക്കുറിച്ച് ഗൗരവമായി ചിന്തിക്കണമെന്ന പരിശുദ്ധ പിതാവ് ലിയോ പതിനാലാമന്‍ മാര്‍പാപ്പായുടെ ആഹ്വാനം രാഷ്ട്ര നേതാക്കള്‍ തുറന്ന മനസോടെ സ്വീകരിക്കാന്‍ നമുക്ക് തീക്ഷ്ണമായി പ്രാര്‍ഥിക്കാം.
യുദ്ധത്തിലേര്‍പ്പെട്ടിരിക്കുന്ന രാജ്യങ്ങള്‍ സംഭാഷണത്തിന്റെയും സഹവര്‍ത്തിത്വത്തിന്റെയും മാര്‍ഗം തിരഞ്ഞെടുക്കുകയും അതുവഴി പശ്ചിമേഷ്യയില്‍ ശാന്തിയും സമാധാനവും സംജാതമാകുകയും വേണം.
ക്ലേശകരവും ദുരിത പൂര്‍ണവുമായ ഈ സാഹചര്യങ്ങളിലൂടെ കടന്നു പോകുന്ന ഗള്‍ഫ് നാടുകളിലെ സഹോദരങ്ങള്‍ക്ക് വേണ്ടി മാര്‍ച്ച് ആറിന് സീറോ മലബാര്‍ സഭയില്‍ പ്രത്യേക പ്രാര്‍ഥനാ ദിനമായി ആചരിക്കണമെന്നും അദേഹം വിശ്വാസികളെ ആഹ്വാനം ചെയ്തു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.