ഖലിസ്ഥാന്‍ വാദികളെ രൂക്ഷമായി വിമര്‍ശിച്ചിരുന്ന ഇന്ത്യക്കാരിയായ യൂട്യൂബര്‍ കാനഡയില്‍ കുത്തേറ്റു മരിച്ചു

ഖലിസ്ഥാന്‍ വാദികളെ രൂക്ഷമായി വിമര്‍ശിച്ചിരുന്ന ഇന്ത്യക്കാരിയായ യൂട്യൂബര്‍ കാനഡയില്‍ കുത്തേറ്റു മരിച്ചു

ഒന്റാറിയോ: ഇന്ത്യന്‍ വംശജയായ യൂട്യൂബറെ കാനഡയില്‍ അജ്ഞാതര്‍ കുത്തിക്കൊലപ്പെടുത്തി. പഞ്ചാബ് സ്വദേശിയായ നാന്‍സി ഗ്രെവാള്‍ (45) ആണ് ഇക്കഴിഞ്ഞ ചൊവ്വാഴ്ച രാത്രി കാനഡയിലെ ഒന്റാറിയോയില്‍ കൊല്ലപ്പെട്ടത്. പ്രാദേശിക സമയം രാത്രി 9:30 ഓടെ ടോഡ് ലെയ്‌നില്‍ ഒരാള്‍ക്ക് കുത്തേറ്റതായി ലാസാലെ പൊലീസിന് വിവരം ലഭിക്കുകയായിരുന്നു.

പൊലീസും മെഡിക്കല്‍ സംഘവും സ്ഥലത്തെത്തുമ്പോള്‍ ഗുരുതരമായി പരിക്കേറ്റ അവസ്ഥയിലായിരുന്നു നാന്‍സി. ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. സംഭവ സ്ഥലത്തെ രണ്ട് വീടുകള്‍ പൊലീസ് സീല്‍ ചെയ്തിട്ടുണ്ട്.

തെളിവുകള്‍ ശേഖരിക്കുന്നതിനായി പ്രദേശത്തെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചു വരികയാണ്. ഇതൊരു ഒറ്റപ്പെട്ട സംഭവമാണെന്നും പൊതുജനങ്ങള്‍ക്ക് ആശങ്ക വേണ്ടെന്നും ലാസാലെ പൊലീസ് അറിയിച്ചു. സോഷ്യല്‍ മീഡിയയില്‍ സജീവമായിരുന്ന നാന്‍സി പഞ്ചാബിലെ രാഷ്ട്രീയ-സാമൂഹിക വിഷയങ്ങളിലും തന്റെ കൃത്യമായ നിലപാടുകള്‍ തുറന്നു പറഞ്ഞിരുന്നു.

കാനഡയിലെ ഖലിസ്ഥാന്‍ വാദികളെ നാന്‍സി രൂക്ഷമായി വിമര്‍ശിച്ചിരുന്നു. ഇന്ത്യയും കാനഡയും തമ്മിലുള്ള നയതന്ത്ര ബന്ധത്തെക്കുറിച്ചും വീഡിയോകള്‍ പങ്കുവച്ചിരുന്നു. നാന്‍സിയുടെ രാഷ്ട്രീയ നിലപാടുകളാണോ കൊലപാതകത്തിന് പിന്നിലെന്ന് പൊലീസ് അന്വേഷിക്കുന്നുണ്ട്.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.