വാഷിങ്ടൺ : അപരന് വേണ്ടി ജീവൻ ബലിയർപ്പിക്കുന്നതിനേക്കാൾ വലിയ സ്നേഹമില്ലെന്ന സുവിശേഷ സത്യത്തിന് സാക്ഷ്യം വഹിച്ച് അമേരിക്കൻ വൈറ്റ് ഹൗസ്. യുഎസ് സൈനികനായ മൈക്കിൾ ഒല്ലിസിന് മരണാനന്തര ബഹുമതിയായി 'മെഡൽ ഓഫ് ഓണർ' സമ്മാനിച്ച ചടങ്ങിൽ പോളിഷ് സൈനികനായ കരോൾ സിയർപിക്ക പങ്കുവെച്ച വാക്കുകൾ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഉൾപ്പെടെയുള്ളവരെ വികാരഭരിതരാക്കി.
അഫ്ഗാനിസ്ഥാനിലെ ഗസ്നിയിലുള്ള സൈനിക താവളത്തിന് നേരെ താലിബാൻ ഭീകരർ നടത്തിയ ആക്രമണത്തിനിടെയാണ് മൈക്കിൾ ഒല്ലിസ് എന്ന 24 വയസുകാരൻ രക്തസാക്ഷിയായത്. പോളിഷ് ലഫ്റ്റനന്റായ സിയർപിക്കയ്ക്ക് നേരെ പാഞ്ഞടുത്ത ചാവേറിനും സിയർപിക്കയ്ക്കും ഇടയിൽ മൈക്കിൾ തന്റെ ശരീരം പരിചയാക്കി നിന്നു. സ്‌ഫോടനത്തിൽ മൈക്കിൾ കൊല്ലപ്പെട്ടപ്പോൾ സിയർപിക്ക അത്ഭുതകരമായി രക്ഷപ്പെട്ടു.
തന്റെ ജീവൻ രക്ഷിക്കാൻ മറ്റൊരാൾ മരിച്ചു എന്ന ചിന്ത സിയർപിക്കയെ കടുത്ത മാനസിക തളർച്ചയിലേക്കും നിശബ്ദതയിലേക്കും നയിച്ചു. ആ ഇരുളടഞ്ഞ നാളുകളിൽ അദേഹം ദൈവത്തെ തേടി. ക്രാക്കോവിൽ നടന്ന ഒരു ദിവ്യകാരുണ്യ ആരാധനയ്ക്കിടെ 'കർത്താവേ എന്നെ രക്ഷിക്കണമേ' എന്ന് അദേഹം നിലവിളിച്ചു പ്രാർത്ഥിച്ചു. ആ നിമിഷം മുതൽ ലഭിച്ച അവാച്യമായ സമാധാനം അദേഹത്തിന്റെ ജീവിതത്തെ മാറ്റിമറിച്ചു.
മൈക്കിളിന്റെ മാതാപിതാക്കളായ റോബർട്ടും ലിൻഡയും സിയർപിക്കയെ സ്വന്തം മകനായി സ്വീകരിച്ചു. "ഞങ്ങളുടെ കുടുംബത്തിലേക്ക് സ്വാഗതം" എന്ന് പറഞ്ഞ് ആ കത്തോലിക്കാ മാതാപിതാക്കൾ നടത്തിയ ആലിംഗനം ക്രിസ്തീയ ക്ഷമയുടെയും സ്നേഹത്തിന്റെയും ഉത്തമ ഉദാഹരണമായി.
വിശുദ്ധ പൗലോസ് അപ്പസ്‌തോലന്റെ വാക്കുകൾ ഉദ്ധരിച്ചുകൊണ്ടാണ് സിയർപിക്ക വൈറ്റ് ഹൗസിൽ പ്രസംഗിച്ചത്: "ദാനമായി ലഭിച്ചതല്ലാതെ നിനക്ക് എന്തുണ്ട്?" (1 കോറിന്തോസ് 4:7). തന്റെ ജീവിതം മൈക്കളിലൂടെ ദൈവം നൽകിയ ദാനമാണെന്ന് അദേഹം സാക്ഷ്യപ്പെടുത്തി. ഇന്ന് സിയർപിക്ക തന്റെ മകന് 'മൈക്കിൾ' എന്നാണ് പേരിട്ടിരിക്കുന്നത്.
"സൈനിക സേവനം എന്നത് കേവലം ആയുധം ഉപയോഗിക്കുക മാത്രമല്ല, മറിച്ച് തന്റെ സഹോദരനെ കരുതുന്നത് കൂടിയാണ്. അത് തന്നെയാണ് സുവിശേഷവും" - സിയർപിക്ക കൂട്ടിച്ചേർത്തു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.