പതിമൂന്ന് വര്‍ഷമായി കോമയില്‍ കഴിയുന്ന യുവാവിന് ദയാവധം; അനുമതി നല്‍കി സുപ്രീം കോടതി

പതിമൂന്ന്  വര്‍ഷമായി കോമയില്‍ കഴിയുന്ന  യുവാവിന് ദയാവധം; അനുമതി നല്‍കി സുപ്രീം കോടതി

ന്യൂഡല്‍ഹി: പതിമൂന്ന് വര്‍ഷമായി കോമയില്‍ കഴിയുന്ന യുവാവിന്റെ ദയാവധത്തിന് അനുമതി നല്‍കി സുപ്രീം കോടതി. ഡല്‍ഹി നോയിഡ സ്വദേശി ഹരീഷ് റാണയുടെ (31) വൃദ്ധ മാതാപിതാക്കളുടെ ഹര്‍ജിലാണ് കോടതി അനുമതി നല്‍കിയത്.

വെന്റിലേറ്ററിന്റെ സഹായത്തോടെ മാത്രം ജീവന്‍ തുടരുന്നതില്‍ അര്‍ത്ഥമില്ലെന്ന ഡോക്ടര്‍മാരുടെ അഭിപ്രായവും പരിഗണിച്ചു. ഹരീഷ് റാണയ്ക്ക് നല്‍കി വരുന്ന വെന്റിലേറ്റര്‍ സഹായം പിന്‍വലിക്കാമെന്നും സുപ്രീം കോടതി വ്യക്തമാക്കി. ജസ്റ്റിസുമാരായ ജെ.ബി പര്‍ദിവാല, കെ.വി വിശ്വനാഥന്‍ എന്നിവരടങ്ങിയ ബെഞ്ചിന്റെതാണ് നിര്‍ണായക വിധി.

ദയാവധം ആവശ്യപ്പെട്ട് ഹരീഷ് റാണയുടെ മാതാപിതാക്കള്‍ കഴിഞ്ഞ ഒക്ടോബറിലാണ് സുപ്രീം കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചത്. 2013 ഓഗസ്റ്റ് 20 ന് രക്ഷാബന്ധന്‍ ദിനത്തിലാണ് പഞ്ചാബ് സര്‍വകലാശാലയിലെ എന്‍ജിനിയറിങ് വിദ്യാര്‍ത്ഥിയായിരുന്ന ഹരീഷ് റാണ അവിടുത്തെ പേയിങ് ഗസ്റ്റ് ഹൗസിന്റെ നാലാം നിലയില്‍ നിന്നു താഴേക്കു വീണത്.

തലയ്ക്ക് ഗുരുതര ക്ഷതമേറ്റ് ചലനശേഷി പൂര്‍ണമായും നഷ്ടപ്പെട്ടു. ജീവന്‍ രക്ഷാ ഉപകരണങ്ങള്‍ മുഖേനയാണ് ശ്വാസമെടുക്കുന്നത്. ട്യൂബ് വഴിയാണ് ഭക്ഷണം നല്‍കികൊണ്ടിരിക്കുന്നത്. നിലവില്‍ ഡല്‍ഹിയിലെ ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസില്‍ (എയിംസ്) ആണ് ഹരീഷ് റാണ കഴിയുന്നത്.

മകന് വേണ്ടി സമ്പത്തിന്റെ പരമാവധി ചെലവഴിച്ചതായി മാതാപിതാക്കള്‍ ഹര്‍ജിയില്‍ വ്യക്തമാക്കി. ഡല്‍ഹി മഹാവീര്‍ എന്‍ക്ലേവിലെ വീടു വിറ്റു. ഗാസിയാബാദിലെ കുഞ്ഞു വീട്ടിലേക്ക് മാറി. ഹരീഷ് ജീവിതത്തിലേക്ക് തിരിച്ചുവരുമെന്ന പ്രതീക്ഷ മാതാപിതാക്കള്‍ക്കും സഹോദരങ്ങള്‍ക്കും പൂര്‍ണമായും നഷ്ടമായിരിക്കുന്നു.

ഇനിയും അനുഭവിക്കാതെ സ്വച്ഛവും ശാന്തവുമായ മരണം യുവാവ് അര്‍ഹിക്കുന്നുവെന്ന് കുടുംബം വ്യക്തമാക്കി. 2024 ജൂലൈയില്‍ ദയാവധത്തിനായി ഡല്‍ഹി ഹൈക്കോടതിയെ സമീപിച്ചെങ്കിലും ആവശ്യം തള്ളി. തുടര്‍ന്ന് കുടുംബം സുപ്രീം കോടതിയെ സമീപിക്കുകയായിരുന്നു.

കൃത്രിമ ജീവന്‍രക്ഷാ ഉപകരണങ്ങളിലൂടെ ആയുസ് നീട്ടുന്നത് അവരുടെ അന്തസിന് വിരുദ്ധമാണെന്നും വീണ്ടെടുക്കല്‍ പ്രതീക്ഷയില്ലെന്ന് പറയുമ്പോള്‍ ഒരു വ്യക്തിക്ക് മരണം തിരഞ്ഞെടുക്കാമെന്നും സുപ്രീം കോടതി വിധിച്ചു.

ഭേദപ്പെടുത്താനാകാത്ത വിധം രോഗാവസ്ഥയിലാകുന്നവര്‍ക്ക് മരുന്നും ഭക്ഷണവും മറ്റും ക്രമേണ നിര്‍ത്തിയുള്ള മരണം (പാസീവ് യുത്തനേസ്യ) അനുവദിക്കാറുണ്ട്. എന്നാല്‍, ഡോക്ടറുടെ മേല്‍നോട്ടത്തില്‍ മരുന്നും ഇന്‍ജക്ഷനും മറ്റും ഉപയോഗിച്ചുള്ള മരണം (ആക്ടീവ് യുത്തനേസ്യ) ഇന്ത്യയില്‍ ഇതുവരെ അനുവദിച്ചിട്ടില്ല.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.