ഇന്ത്യയെ ലക്ഷ്യം വെയ്ക്കുന്ന ഭീകരവാദികള്‍ക്ക് പാകിസ്ഥാന്‍ സംരക്ഷണം നല്‍കുന്നു; വെളിപ്പെടുത്തലുമായി അമേരിക്ക

ഇന്ത്യയെ ലക്ഷ്യം വെയ്ക്കുന്ന ഭീകരവാദികള്‍ക്ക് പാകിസ്ഥാന്‍ സംരക്ഷണം നല്‍കുന്നു; വെളിപ്പെടുത്തലുമായി അമേരിക്ക

വാഷിങ്ടണ്‍: ഇന്ത്യയെ ലക്ഷ്യം വെയ്ക്കുന്ന ഭീകരവാദ ഗ്രൂപ്പുകള്‍ക്ക് പാകിസ്ഥാന്‍ ഇപ്പോഴും അഭയം നല്‍കുന്നുവെന്ന് അമേരിക്ക. യു.എസ് കോണ്‍ഗ്രഷണല്‍ റിസര്‍ച്ച് സര്‍വീസ് (CRS) റിപ്പോര്‍ട്ടിലാണ് ഇത്തരമൊരു വിവരം ഉള്ളത്. ഇന്ത്യയെയും കാശ്മീരിനെയും ലക്ഷ്യം വെയ്ക്കുന്ന തീവ്രവാദ ഗ്രൂപ്പുകള്‍ ഉള്‍പ്പെടെ നിരവധി ഭീകര സംഘടനകള്‍ക്ക് പാകിസ്ഥാന്‍ തങ്ങളുടെ മണ്ണില്‍ ഇപ്പോഴും അഭയം നല്‍കുന്നത് തുടരുകയാണെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.

വര്‍ഷങ്ങള്‍ നീണ്ട സൈനിക നടപടികള്‍ക്കും നയപരമായ തീരുമാനങ്ങള്‍ക്ക് ശേഷവും ഭീകര സംഘടനകള്‍ പാകിസ്ഥാന്റെ മണ്ണില്‍ പ്രവര്‍ത്തനം തുടരുന്നു എന്ന് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. 2008 ലെ മുംബൈ ഭീകരാക്രമണത്തിന് ഉത്തരവാദികളായ ലഷ്‌കറെ തൊയ്ബയും 2001 ലെ ഇന്ത്യന്‍ പാര്‍ലമെന്റ് ആക്രമണവുമായി ബന്ധമുള്ള ജെയ്‌ഷെ മുഹമ്മദും പാകിസ്ഥാന്‍ പ്രദേശത്ത് നിന്ന് പ്രവര്‍ത്തനം തുടരുന്നുവെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.

അഫ്ഗാനിസ്ഥാനില്‍ താലിബാന്‍ അധികാരത്തില്‍ വന്നതിന് പിന്നാലെ ഭീകരവാദം ശക്തമായി. തുടര്‍ന്ന് ഭീകരവാദം ഏറ്റവും കൂടുതല്‍ ബാധിച്ച രാജ്യമായി പാകിസ്ഥാന്‍ മാറിയെന്ന് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. മിക്ക ഭീകരവാദ ഗ്രൂപ്പുകളും 'ഇസ്ലാമിസ്റ്റ് തീവ്രവാദ പ്രത്യയശാസ്ത്രത്താല്‍' പ്രേരിതരാണെന്ന് തങ്ങള്‍ കണ്ടെത്തിയതായി യു.എസ് കോണ്‍ഗ്രസിന്റെ ഗവേഷണ വിഭാഗം അവകാശപ്പെടുന്നു.

അമേരിക്കന്‍ കോണ്‍ഗ്രസ് അംഗങ്ങള്‍ക്ക് തീരുമാനങ്ങള്‍ എടുക്കാന്‍ സഹായിക്കുന്നതിനായി വിവിധ വിഷയങ്ങളില്‍ റിപ്പോര്‍ട്ടുകള്‍ തയ്യാറാക്കുന്ന ഒരു സ്വതന്ത്ര ഗവേഷണ വിഭാഗമാണ് കോണ്‍ഗ്രഷണല്‍ റിസര്‍ച്ച് സര്‍വീസ്. എന്നാല്‍ അവരുടെ റിപ്പോര്‍ട്ടുകള്‍ കോണ്‍ഗ്രസിന്റെ ഔദ്യോഗിക നിലപാടായി പരിഗണിക്കില്ല.

ഭീകര ഗ്രൂപ്പുകളെ അഞ്ച് പ്രധാന വിഭാഗങ്ങളായാണ് തിരിച്ചിരിക്കുന്നത്. ആഗോള തലത്തിലുള്ളവ, അഫ്ഗാനിസ്ഥാന്‍ കേന്ദ്രീകരിച്ചുള്ളവ, ഇന്ത്യ-കാശ്മീര്‍ കേന്ദ്രീകരിച്ചുള്ളവ, ആഭ്യന്തരമായി പ്രവര്‍ത്തിക്കുന്നവ, വിഭാഗീയ ഗ്രൂപ്പുകള്‍ എന്നിങ്ങനെയാണ് തിരിച്ചിരിക്കുന്നത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.