മദർ ആഞ്ചലിക്കയുടെ ഓർമ്മകൾക്ക് ഒരു പതിറ്റാണ്ട്; ലോക സുവിശേഷവൽക്കരണത്തിന് മാധ്യമക്കരുത്തേകിയ ചൈതന്യം

മദർ ആഞ്ചലിക്കയുടെ ഓർമ്മകൾക്ക് ഒരു പതിറ്റാണ്ട്; ലോക സുവിശേഷവൽക്കരണത്തിന് മാധ്യമക്കരുത്തേകിയ ചൈതന്യം

വാഷിങ്ടൺ: ആഗോള കത്തോലിക്കാ മാധ്യമരംഗത്ത് പുതുചരിത്രം കുറിച്ച മദർ ആഞ്ചലിക്ക നിത്യതയിലേക്ക് യാത്രയായിട്ട് പത്ത് വർഷം തികയുന്നു. ലോക സുവിശേഷവൽക്കരണത്തിന് ഡിജിറ്റൽ യുഗത്തിൽ പുതിയ ഊർജ്ജം പകർന്ന ഇറ്റേണൽ വേഡ് ടെലിവിഷൻ നെറ്റ് വർക്കിന്റെ സ്ഥാപകയായ മദർ ആഞ്ചലിക്ക 2016 മാർച്ച് 27 നാണ് അന്തരിച്ചത്. പത്താം ചരമവാർഷികത്തോടനുബന്ധിച്ച് വത്തിക്കാനിലെ സെന്റ് പീറ്റേഴ്‌സ് ബസിലിക്കയിൽ പ്രത്യേക അനുസ്മരണ ബലി അർപ്പിച്ചു.

സെന്റ് പീറ്റേഴ്‌സ് ബസിലിക്കയിലെ ചാപ്പൽ ഓഫ് ദി ക്വയറിൽ നടന്ന ചടങ്ങിൽ ബയോ എത്തിക്‌സ് പ്രൊഫസർ ഫാ. മൈക്കൽ ബാഗോട്ട് മുഖ്യകാർമ്മികനായിരുന്നു. അറിവും ആഴമേറിയ വിശ്വാസവും സമന്വയിപ്പിച്ച വ്യക്തിത്വമായിരുന്നു മദർ ആഞ്ചലിക്കയെന്ന് അദേഹം അനുസ്മരിച്ചു.
"കർത്താവിനു വേണ്ടി എന്തെങ്കിലും ചെയ്യാൻ ആഗ്രഹിക്കുന്നുണ്ടെങ്കിൽ അത് ചെയ്യുക. ഭയമുണ്ടെങ്കിലും ആദ്യ ചുവട് മുന്നോട്ട് വയ്ക്കുക. ആ ചുവടുവയ്പിലാണ് കൃപ ലഭിക്കുന്നത്. ഭയപ്പെടുന്നത് പ്രശ്നമല്ല, പക്ഷേ ഭയം കാരണം ഒന്നും ചെയ്യാതിരിക്കുന്നത് തെറ്റാണ്."- ഫാ. മൈക്കൽ പറഞ്ഞു.

1981 ൽ അമേരിക്കയിലെ അലബാമയിൽ ഒരു ചെറിയ ഗാരേജിൽ നിന്നാണ് മദർ ആഞ്ചലിക്ക ഇ.ഡബ്ല്യു.റ്റി.എൻ എന്ന മാധ്യമ വിപ്ലവത്തിന് തുടക്കമിട്ടത്. ഇന്ന് ലോകത്തിലെ ഏറ്റവും വലിയ ക്രൈസ്തവ മാധ്യമ ശൃംഖലയായി വളർന്ന ഈ ചാനൽ 144 രാജ്യങ്ങളിൽ സജീവമാണ്. പാവപ്പെട്ട ക്ലാര സന്യാസിനീ സമൂഹാംഗമായിരുന്നിട്ടും മാധ്യമങ്ങളുടെ കരുത്ത് തിരിച്ചറിഞ്ഞ് അത് സുവിശേഷ പ്രഘോഷണത്തിനായി വിനിയോഗിച്ചു എന്നതാണ് മദർ ആഞ്ചലിക്കയെ വ്യത്യസ്തയാക്കുന്നത്.

92-ാം വയസിൽ അന്തരിച്ച മദർ ആഞ്ചലിക്കയുടെ സംസ്കാര ശുശ്രൂഷയിൽ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള രണ്ടായിരത്തോളം പ്രമുഖർ പങ്കെടുത്തിരുന്നു. ഒരു പതിറ്റാണ്ട് പിന്നിടുമ്പോഴും ലോകമെമ്പാടുമുള്ള ദശലക്ഷക്കണക്കിന് വിശ്വാസികൾക്ക് ഇന്നും മദർ ആഞ്ചലിക്കയുടെ പ്രഭാഷണങ്ങളും മാധ്യമ പ്രവർത്തനങ്ങളും വലിയൊരു വഴികാട്ടിയാണ്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.