കണ്ണൂരിൽ വിശ്വാസക്കടലിരമ്പി; സാമുദായിക കരുത്ത് വിളിച്ചോതി കത്തോലിക്ക കോൺഗ്രസ് മഹാറാലി

കണ്ണൂരിൽ വിശ്വാസക്കടലിരമ്പി; സാമുദായിക കരുത്ത് വിളിച്ചോതി കത്തോലിക്ക കോൺഗ്രസ് മഹാറാലി

കണ്ണൂർ: സാമുദായിക ഐക്യത്തിന്റെ പ്രകമ്പനം കൊള്ളിച്ചുകൊണ്ട് ലക്ഷക്കണക്കിന് വിശ്വാസികൾ അണിനിരന്ന കത്തോലിക്ക കോൺഗ്രസ് മഹാറാലി കണ്ണൂർ നഗരത്തെ ഇളക്കിമറിച്ചു. അവകാശ സംരക്ഷണത്തിനായും സമുദായ ശാക്തീകരണത്തിനായും ഇരുവർണ്ണ പതാകകളേന്തി വിശ്വാസികൾ തെരുവിലിറങ്ങിയപ്പോൾ കണ്ണൂർ പോലീസ് മൈതാനിയിലെ ബിഷപ്പ് മാർ സെബാസ്റ്റ്യൻ വള്ളോപ്പിള്ളി നഗർ ജനസമുദ്രമായി മാറി.

35 രൂപതകളിൽ നിന്നും 48 വിദേശ രാജ്യങ്ങളിൽ നിന്നുമുള്ള പ്രതിനിധികൾ മഹാറാലിയിൽ പങ്കെടുത്തു. തലശേരി അതിരൂപതയിലെ 19 ഫൊറോനകളിൽ നിന്നുള്ള വിശ്വാസികൾ റാലിയുടെ ഭാഗമായി. സീറോ മലബാർ സഭ മേജർ ആർച്ച് ബിഷപ്പ് മാർ റാഫേൽ തട്ടിൽ ഉൾപ്പെടെയുള്ള ബിഷപ്പുമാരും കത്തോലിക്ക കോൺഗ്രസ് നേതാക്കളും റാലിയുടെ മുൻനിരയിൽ അണിനിരന്നു.
സമുദായ മഹാ റാലിക്ക് തുടക്കം കുറിച്ചു കൊണ്ട് മാർ ജോർജ് വലിയമറ്റം പിതാവ് പ്രസിഡൻ്റ് രാജീവ് കൊച്ചുപറമ്പിലിന് പതാക കൈമാറുന്നു

ബാൻഡ് മേളങ്ങളുടെയും മുദ്രാവാക്യങ്ങളുടെയും അകമ്പടിയോടെ നഗരം ചുറ്റിയ റാലി അവസാനിക്കാൻ മണിക്കൂറുകളെടുത്തു. റാലിയുടെ മുൻനിര സമ്മേളന നഗരിയിൽ എത്തുമ്പോഴും പിൻനിര നീങ്ങി തുടങ്ങിയിരുന്നില്ല. സമ്മേളനത്തെ അഭിസംബോധന ചെയ്തുകൊണ്ട് നിർണായകമായ രാഷ്ട്രീയ നിലപാടാണ് സഭ സ്വീകരിച്ചത്. കത്തോലിക്കാ സമുദായത്തെ 'മൈക്രോ മൈനോറിറ്റി' ആയി പ്രഖ്യാപിക്കുന്നവർക്ക് വോട്ട് നൽകാൻ സമുദായം തയ്യാറാകണമെന്ന് മേജർ ആർച്ച് ബിഷപ്പ് ആഹ്വാനം ചെയ്തു.

സമുദായത്തിലെ വിദ്യാർത്ഥികൾക്ക് അർഹമായ സംവരണം ഉറപ്പാക്കണം. വിദ്യാഭ്യാസത്തിനും തൊഴിലിനുമായി യുവജനങ്ങൾ അലയുന്ന സാഹചര്യം മാറണം. സമുദായം സാമ്പത്തികമായി ഒറ്റക്കെട്ടായി വളരാൻ പഠിപ്പിക്കുന്ന സംഘടനയാണ് കത്തോലിക്ക കോൺഗ്രസ് എന്ന് മേജർ ആർച്ച് ബിഷപ്പ് ഓർമ്മിപ്പിച്ചു.



കെ.സി.വൈ.എം, മാതൃവേദി, മിഷൻ ലീഗ്, ഇൻഫാം തുടങ്ങി വിവിധ സംഘടനകളുടെ നേതാക്കളും പ്രവർത്തകരും റാലിയിൽ പങ്കെടുത്തു. സമുദായത്തിന്റെ അവകാശങ്ങൾ നേടിയെടുക്കാൻ വിശ്വാസികൾ ഒരൊറ്റ മനസ്സോടെ മുന്നേറണമെന്ന സന്ദേശത്തോടെയാണ് മഹാറാലി സമാപിച്ചത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.