ടെഹ്‌റാന്: ഇറാന്‍ സുരക്ഷാ കൗണ്‍സില്‍ മേധാവി അലി ലാരിജാനി(67)യെപ്പറ്റി ഇസ്രയേലിന് രഹസ്യ വിവരം നല്‍കിയത് ടെഹ്‌റാനിലെ പ്രദേശവാസികള്‍ തന്നെയാണന്ന് റിപ്പോര്‍ട്ട്. ടെഹ്‌റാന് കിഴക്ക് പര്‍ദിസ് മേഖലയിലുള്ള മകളുടെ വസതിയില്‍ വച്ചാണ് ലാരിജാനിയെ ഇസ്രയേല്‍ ബോംബാക്രമണത്തില്‍ കൊലപ്പെടുത്തിയത്.
യുദ്ധം തുടങ്ങിയത് മുതല്‍ രഹസ്യ കേന്ദ്രങ്ങളില്‍ മാറിമാറി താമസിക്കുകയായിരുന്നു ലാരിജാനി. കഴിഞ്ഞ വെള്ളിയാഴ്ച പാലസ്തീന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചുള്ള ഖുദ്‌സ് ദിന റാലിയില്‍ പങ്കെടുക്കാന്‍ ലാരിജാനി ടെഹ്‌റാനിലെ തെരുവില്‍ ജനങ്ങള്‍ക്കൊപ്പം അണിനിരന്നിരുന്നു. അന്ന് മുതല്‍ ഇസ്രയേലി ഇന്റലിജന്‍സിന്റെ ചാരക്കണ്ണുകള്‍ ലാരിജാനിയെ പിന്തുടരുകയായിരുന്നു.
ചൊവ്വാഴ്ച പ്രാദേശിക സമയം പുലര്‍ച്ചെ 1.50 ഓടെ ഇസ്രയേലി വ്യോമസേനയുടെ ജെറ്റുകള്‍ ടെഹ്‌റാന് മുകളിലെത്തി. ലാരിജാനിയുടെ മകളുടെ വസതിക്ക് മുകളിലേക്ക് ബോംബിട്ടു. ലാരിജാനിയും മകന്‍ മൊര്‍ത്തേസയും അംഗരക്ഷകരും കൊല്ലപ്പെട്ടു. മകളും മരിച്ചതായാണ് വിവരമെങ്കിലും സ്ഥിരീകരിച്ചിട്ടില്ല.
അലി ലാരിജാനിയ്ക്ക് അന്ത്യയാത്രയേകാന്‍ ആയിരക്കണക്കിന് പേരാണ് ഇന്നലെ ടെഹ്‌റാനിലെ റെവല്യൂഷന്‍ സ്‌ക്വയറില്‍ ഒത്തുകൂടിയത്. ഐറിസ് ദേന യുദ്ധക്കപ്പല്‍ തകര്‍ന്ന് കൊല്ലപ്പെട്ട 84 നാവിക സേനാംഗങ്ങളുടെ മൃതദേഹങ്ങള്‍ വഹിച്ചുള്ള വിലാപയാത്രയും ഇതോടൊപ്പം നടന്നു. തുടര്‍ന്ന് മഷാദ് നഗരത്തില്‍ ലാരിജാനിയുടെ മൃതദേഹം സംസ്‌കരിച്ചു.
ഇറാന്റെ പരമോന്നത നേതാവ് അയത്തൊള്ള അലി ഖൊമേനിയെ അമേരിക്കയും ഇസ്രയേലും ചേര്‍ന്ന് വധിച്ചതോടെ ഇറാന്റെ ശബ്ദമായി മാറിയത് ലാരിജാനിയായിരുന്നു. ഖൊമേനിയുടെ മകന്‍ മൊജ്താബയെ പുതിയ പരമോന്നത നേതാവായി തിരഞ്ഞെടുത്തതിന് ശേഷവും ഇറാന്റെ നിലപാടുകള്‍ ലോകത്തെ അറിയിച്ചത് ലാരിജാനിയാണ്.
രാജ്യത്തിന്റെ പ്രതിരോധ, സുരക്ഷാ, നയതന്ത്ര സംവിധാനങ്ങളുടെ ബുദ്ധി കേന്ദ്രമായിരുന്ന ലാരിജാനി, ഖൊമേനിക്ക് ശേഷം കൊല്ലപ്പെട്ട ഇറാന്റെ ഏറ്റവും ശക്തനായ നേതാവാണ്. ഇസ്രയേലിന്റെ ഹിറ്റ്ലിസ്റ്റിലെ ഒന്നാം നമ്പര്‍ ടാര്‍ജറ്റ് കൂടിയായിരുന്നു അലി ലാരിജാനി.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.