അഡിസ് അബാബ: ആഭ്യന്തര സംഘര്‍ഷം രൂക്ഷമായ എത്യോപ്യയില്‍ പട്ടിണി മരണം വര്‍ധിക്കുന്നു. വടക്കന്‍ എത്യോപ്യയിലെ ടിഗ്രേ മേഖലയില്‍ പട്ടിണിയും മരുന്നിന്റെ അഭാവവും മൂലം 1,300 ലധികം അഭയാര്‍ഥികള്‍ മരിച്ചതായി പ്രാദേശിക ഭരണകൂടം അറിയിച്ചു.
ടിഗ്രേ സോഷ്യല്‍ അഫയേഴ്സ് ഓഫീസിലെ ഡയറക്ടര്‍ ഗെബ്രെസെലാസി താരെകെയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.
2020 മുതല്‍ 2022 വരെ നടന്ന ആഭ്യന്തര യുദ്ധത്തിന് ശേഷം മേഖലയില്‍ ഏകദേശം 10 ലക്ഷത്തോളം ആളുകള്‍ ഇപ്പോഴും അഭയാര്‍ഥി ക്യാമ്പുകളിലാണ് കഴിയുന്നത്.
ഫെഡറല്‍ സര്‍ക്കാരില്‍ നിന്നുള്ള സാമ്പത്തിക സഹായം നിലച്ചതും അന്താരാഷ്ട്ര സന്നദ്ധ സംഘടനകള്‍ സഹായം കുറച്ചതും സ്ഥിതിഗതികള്‍ വഷളാക്കിയതായി റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.
അമേരിക്കയും ഐക്യരാഷ്ട്ര സംഘടനയും നേരത്തെ ഭക്ഷ്യസഹായം താല്‍ക്കാലികമായി നിര്‍ത്തി വെച്ചത് മേഖലയിലെ ദശലക്ഷക്കണക്കിന് ആളുകളെ പട്ടിണിയിലേക്ക് തള്ളി വിട്ടിരുന്നു. ടിഗ്രേ യുദ്ധത്തില്‍ മാത്രം ആറ് ലക്ഷത്തിലധികം ആളുകള്‍ കൊല്ലപ്പെട്ടതായാണ് ആഫ്രിക്കന്‍ യൂണിയന്റെ കണക്ക്.
മേഖലയില്‍ രാഷ്ട്രീയ സംഘര്‍ഷങ്ങള്‍ വീണ്ടും വര്‍ധിക്കുന്ന സാഹചര്യത്തില്‍, അന്താരാഷ്ട്ര സമൂഹം അടിയന്തരമായി ഇടപെടണമെന്നും അല്ലാത്ത പക്ഷം മരണ സംഖ്യ ഇനിയും ഉയരുമെന്നും അധികൃതര്‍ മുന്നറിയിപ്പ് നല്‍കുന്നു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.