മുഖ്യമന്ത്രി ആരെന്നതില്‍ തര്‍ക്കമില്ലെന്ന് വി.ഡി സതീശന്‍; ഇപ്പോഴത്തെ ലക്ഷ്യം അധികാരം പിടിക്കുക എന്നത് മാത്രമെന്ന് ചെന്നിത്തല

മുഖ്യമന്ത്രി ആരെന്നതില്‍ തര്‍ക്കമില്ലെന്ന് വി.ഡി സതീശന്‍; ഇപ്പോഴത്തെ ലക്ഷ്യം അധികാരം പിടിക്കുക എന്നത് മാത്രമെന്ന് ചെന്നിത്തല

കൊച്ചി: മുഖ്യമന്ത്രി ആരെന്നത് സംബന്ധിച്ച് ഒരു ചര്‍ച്ചയും പാര്‍ട്ടിയില്‍ ഇല്ലെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. ഇതേപ്പറ്റി മുതിര്‍ന്ന നേതാക്കള്‍ തമ്മില്‍ കൃത്യമായ ധാരണയുണ്ട്.

അഖിലേന്ത്യ കോണ്‍ഗ്രസ് കമ്മിറ്റിക്ക് ഒരു നടപടിക്രമം ഉണ്ട്. അതിനനുസരിച്ച് തിരഞ്ഞെടുപ്പ് കഴിയുമ്പോള്‍ തെലങ്കാനയിലും കര്‍ണാടകയിലും ചെയ്തതു പോലെ മുഖ്യമന്ത്രിയെ തിരഞ്ഞെടുക്കുമെന്ന് വി.ഡി സതീശന്‍ പറഞ്ഞു.

അതേസമയം ഇപ്പോള്‍ മുഖ്യമന്ത്രിയാരെന്ന ചര്‍ച്ചയുടെ സമയമല്ലെന്ന് രമേശ് ചെന്നിത്തല പറഞ്ഞു. പാര്‍ട്ടിക്ക് മുന്നില്‍ ഇപ്പോള്‍ ഉള്ള ലക്ഷ്യം അധികാരത്തിലെത്തുക എന്നതു മാത്രമാണെന്നും ചെന്നിത്തല വ്യക്തമാക്കി.

പറവൂരിലെ അപര സ്ഥാനാര്‍ത്ഥിയെ സംബന്ധിച്ച ചോദ്യത്തിന് മുന്‍പും പറവൂരില്‍ തനിക്കെതിരെ അപരനെ നിര്‍ത്തിയിട്ടുണ്ടെന്നും അപ്പോഴെക്കെ താന്‍ ജയിച്ചു വന്നിട്ടുണ്ടെന്നും വി.ഡി സതീശന്‍ പറഞ്ഞു. അത് കാര്യമായി എടുക്കുന്നില്ല. അപരനെ നിര്‍ത്തിയത് ബിജെപിയും സിപിഎമ്മും ചേര്‍ന്നാണ്.

തന്റെ ആസ്തി വിവരം മറച്ചുവച്ചുവെന്ന് പറയുന്നത് ശുദ്ധ അബദ്ധമാണ്. റിട്ടേണിങ് ഓഫീസര്‍ക്ക് മറുപടി നല്‍കിയ അപ്പോള്‍ തന്നെ നാമനിര്‍ദേശ പത്രിക സ്വീകരിച്ചു. യാതൊരു അടിസ്ഥാനവുമില്ലാത്ത നാല് കാര്യങ്ങളാണ് തനിക്കെതിരെ ഇരുകൂട്ടരും പരാതിയായി നല്‍കിയതെന്നും സതീശന്‍ പറഞ്ഞു.

ബിജെപി ഈ തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നു പോലുമില്ല. അവര്‍ സിപിഎമ്മിനെ സഹായിക്കുകയാണ് ചെയ്യുന്നത്. കോണ്‍ഗ്രസ് അധികാരത്തില്‍ വരരുതെന്നാണ് ബിജെപി ആഗ്രഹിക്കുന്നത്. എന്നാല്‍ സിപിഎം തകര്‍ച്ചയിലേക്ക് പോകുകയാണ്. ഇത്രയേറെ നേതാക്കളും പ്രവര്‍ത്തകരും പാര്‍ട്ടി വിട്ട കാലം വേറെ ഉണ്ടായിട്ടില്ലെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.