മാഡ്രിഡ്: സ്പെയിനിൽ 25 വയസുകാരിയായ നോയലിയ കാസ്റ്റിലോ റാമോസിന് ദയാവധം നൽകിയ നടപടിയിൽ അഗാധമായ ദുഖവും പ്രതിഷേധവും രേഖപ്പെടുത്തി സ്പാനിഷ് കത്തോലിക്കാ സഭ. ഇത് വ്യക്തിസ്വാതന്ത്ര്യത്തിന്റെ വിജയമല്ല മറിച്ച് വേദനകളിലൂടെ കടന്നു പോകുന്ന ഒരാളെ ചേർത്തുപിടിക്കുന്നതിൽ പരാജയപ്പെട്ട സമൂഹത്തിന്റെ പാളിച്ചയാണെന്ന് സ്പാനിഷ് ബിഷപ്പ് കോൺഫറൻസ് പ്രസ്താവനയിൽ വ്യക്തമാക്കി.
നോയലിയ നേരിട്ടത് ഭേദമാക്കാൻ കഴിയാത്ത ശാരീരിക രോഗങ്ങളല്ല, മറിച്ച് ആഴത്തിലുള്ള മനശാസ്ത്രപരമായ മുറിവുകളാണെന്ന് ബിഷപ്പുമാർ ചൂണ്ടിക്കാട്ടി. "മനുഷ്യന്റെ ക്ലേശങ്ങൾക്ക് പരിഹാരമായി മരണത്തെ കാണുന്നത് സമൂഹത്തിന്റെ പരാജയമാണ്. ദയാവധം ഒരിക്കലും ഒരു ചികിത്സയല്ല, മറിച്ച് പരിപാലനയുടെ പവിത്രമായ ബന്ധം തകർക്കുന്ന പ്രവൃത്തിയാണ്," സഭയുടെ സബ്കമ്മിറ്റി അറിയിച്ചു. ജീവന്റെ പരിപാവനത ഒരാളുടെ ആരോഗ്യത്തെയോ ജീവിതത്തോടുള്ള കാഴ്ചപ്പാടിനെയോ അടിസ്ഥാനമാക്കി നിശ്ചയിക്കേണ്ടതല്ലെന്നും സഭ ഓർമ്മിപ്പിച്ചു.
ജീവിതത്തിൽ മുറിവുകൾ ഉണ്ടാകുമ്പോൾ യാത്ര അവസാനിപ്പിക്കുകയല്ല മറിച്ച് ഒരുമിച്ച് യാത്ര തുടരുകയാണ് വേണ്ടതെന്ന് സഭ സന്ദേശത്തിൽ പറഞ്ഞു. ഒരു വ്യക്തിയുടെ മാനസികാഘാതങ്ങളെ ചികിത്സിക്കുന്നതിനു പകരം അവർക്ക് മരണം അനുവദിക്കുന്നത് നീതിപൂർവ്വമായ ഒരു സമൂഹത്തിന് ചേർന്നതല്ലെന്നും സ്പാനിഷ് ബിഷപ്പ് കോൺഫറൻസ് പ്രസിഡന്റ് ആർച്ച് ബിഷപ്പ് ലൂയിസ് അർഗുവല്ലോ എക്സിൽ കുറിച്ചു. ഈ സംഭവം ആഗോളതലത്തിൽ ദയാവധ നിയമങ്ങളെക്കുറിച്ചുള്ള പുതിയ ചർച്ചകൾക്ക് തുടക്കമിട്ടിരിക്കുകയാണ്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.