കോണ്‍ഗ്രസ് പ്രചാരണത്തിന് ആവേശം പകരാന്‍ പ്രിയങ്ക ഗാന്ധി ഇന്നെത്തും
തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിന് ഇനി ഏഴ് നാള്‍ മാത്രം ശേഷിക്കെ സംസ്ഥാനത്ത് പ്രചാരണം ശക്തമാകുന്നു. കളം പിടിക്കാന്‍ തന്ത്രങ്ങള്‍ മെനയുകയാണ് മൂന്ന് മുന്നണികളും. തിരഞ്ഞെടുപ്പിനുള്ള എല്‍ഡിഎഫ്-യുഡിഎഫ് മുന്നണികളുടെ പ്രകടന പത്രിക ഇന്ന് പുറത്തിറക്കും.
മുഖ്യമന്ത്രി പിണറായി വിജയനാണ് ഇടത് മുന്നണിയുടെ പ്രകടന പത്രിക പുറത്തിറക്കുക. കോഴിക്കോട് നടക്കുന്ന ചടങ്ങില്‍ എം.വി ഗോവിന്ദന്‍, എല്‍ഡിഎഫ് കണ്‍വീനര്‍, മുന്നണിയിലെ മറ്റ് പ്രമുഖ നേതാക്കള്‍ തുടങ്ങിയവര്‍ പങ്കെടുക്കും. ക്ഷേമപെന്‍ഷനുകള്‍, ലൈഫ് മിഷന്‍, കെ. ഫോണ്‍ തുടങ്ങിയ പദ്ധതികളുടെ അടുത്ത ഘട്ട പ്രഖ്യാപനങ്ങള്‍ പത്രികയില്‍ ഉണ്ടായേക്കും.
കൊച്ചിയില്‍ നടക്കുന്ന ചടങ്ങില്‍ തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡി, കെ.സി വേണുഗോപാല്‍, വി.ഡി സതീശന്‍ എന്നിവര്‍ ചേര്‍ന്ന് യുഡിഎഫ് പ്രകടന പത്രിക പുറത്തിറക്കും. നിലവില്‍ യുഡിഎഫ് അവതരിപ്പിച്ച ഇന്ദിര ഗ്യാരണ്ടിക്ക് പുറമെ മറ്റ് പ്രഖ്യാപനങ്ങളും പ്രകടന പത്രികയില്‍ ഉണ്ടാകും.
കോണ്‍ഗ്രസിന്റെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ആവേശം പകരാന്‍ പ്രിയങ്ക ഗാന്ധി ഇന്ന് കേരളത്തിലെത്തും. രാവിലെ തിരുവനന്തപുരത്ത് എത്തുന്ന പ്രിയങ്ക ഗാന്ധി ചിറയിന്‍കീഴ് മണ്ഡലത്തില്‍ നടക്കുന്ന പൊതുയോഗത്തില്‍ പങ്കെടുക്കും. പിന്നീട് കൊല്ലത്തെ തിരഞ്ഞെടുപ്പ് പ്രചാരണത്തിലും പങ്കെടുക്കും. വൈകുന്നേരം തിരുവനന്തപുരം വട്ടിയൂര്‍ക്കാവില്‍ നടക്കുന്ന പൊതുസമ്മേളനത്തില്‍ പ്രിയങ്ക പ്രവര്‍ത്തകരെ അഭിസംബോധന ചെയ്യും.
സിപിഎം-ബിജെപി ഡീല്‍, ശബരിമല സ്വര്‍ണകൊള്ള അടക്കമുള്ള വിഷയങ്ങള്‍ പ്രിയങ്കാ ഗാന്ധി പൊതുസമ്മേളനങ്ങളില്‍ ഉന്നയിച്ചേക്കും. വരും ദിവസങ്ങളില്‍ കോണ്‍ഗ്രസിന്റെ കൂടുതല്‍ താരപ്രചാരകര്‍ കേരളത്തില്‍ എത്തും. കോഴിക്കോട് ജില്ലയിലാണ് ഇന്ന് മുഖ്യമന്ത്രിയുടെ പ്രചാരണം.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.