വിശുദ്ധവാരത്തിൽ മുറിവേറ്റ് കത്തോലിക്കാ സഭ; മെക്സിക്കോയിലെ ദേവാലയത്തിൽ നിന്ന് തിരുവോസ്തി മോഷണം പോയി; പരിഹാര പ്രാർത്ഥനയ്ക്ക് ആഹ്വാനം

വിശുദ്ധവാരത്തിൽ മുറിവേറ്റ് കത്തോലിക്കാ സഭ; മെക്സിക്കോയിലെ ദേവാലയത്തിൽ നിന്ന് തിരുവോസ്തി മോഷണം പോയി; പരിഹാര പ്രാർത്ഥനയ്ക്ക് ആഹ്വാനം

ത്ലാക്സ്കല (മെക്സിക്കോ): വിശുദ്ധവാരത്തിന്റെ പുണ്യദിനങ്ങളിൽ മെക്സിക്കോയിലെ സാൻ ലൂക്കാസ് ക്വാട്ടെലുൽപാൻ ദേവാലയത്തിൽ നടുക്കുന്ന അതിക്രമം. ദുഖശനിയാഴ്ച നടന്ന അപ്രതീക്ഷിത നീക്കത്തിലൂടെ പള്ളിയിൽ സൂക്ഷിച്ചിരുന്ന വിശുദ്ധ കുർബാന (തിരുവോസ്തി) സാമൂഹിക വിരുദ്ധർ മോഷ്ടിച്ചു. സംഭവത്തിൽ അതിശക്തമായ പ്രതിഷേധവും വേദനയും രേഖപ്പെടുത്തി ത്ലാക്സ്കല രൂപത അധ്യക്ഷൻ ബിഷപ്പ് സാൽസെഡോ രംഗത്തെത്തി.

കർത്താവിന്റെ ശരീരം കാണാതെ മഗ്ദലന മറിയം അനുഭവിച്ച അതേ ആത്മീയ വേദനയിലൂടെയാണ് രൂപത കടന്നുപോകുന്നതെന്ന് ബിഷപ്പ് സാൽസെഡോ പറഞ്ഞു. "അവർ കർത്താവിനെ കല്ലറയിൽ നിന്ന് എടുത്തുമാറ്റിയിരിക്കുന്നു, അവനെ എവിടെയാണ് വച്ചിരിക്കുന്നതെന്ന് ഞങ്ങൾക്കറിയില്ല" എന്ന ബൈബിൾ വചനങ്ങൾ ഉദ്ധരിച്ചുകൊണ്ട്, സഭ ഇപ്പോൾ വലിയൊരു ശൂന്യത അനുഭവിക്കുകയാണെന്ന് ബിഷപ്പ് കൂട്ടിച്ചേർത്തു.

വിശുദ്ധ കുർബാന മോഷ്ടിച്ചവർക്ക് തെറ്റ് തിരുത്താനും മാനസാന്തരപ്പെടാനും വേണ്ടി വിശ്വാസികൾ ഒന്നുചേർന്ന് പ്രാർത്ഥിക്കണമെന്ന് ബിഷപ്പ് ആഹ്വാനം ചെയ്തു. മോഷണം പോയ തിരുവോസ്തി എത്രയും വേഗം തിരികെ നൽകാൻ അവർ തയ്യാറാകണമെന്നും അദേഹം ആവശ്യപ്പെട്ടു.

സംഭവത്തെത്തുടർന്ന് രൂപതയിൽ പ്രത്യേക പരിഹാര ശുശ്രൂഷകൾ പ്രഖ്യാപിച്ചിട്ടുണ്ട്. രൂപതയിലെ എല്ലാ ഇടവകകളിലും പ്രത്യേക പ്രാർത്ഥനാ ദിനങ്ങൾ സംഘടിപ്പിക്കാൻ വികാരിമാർക്ക് നിർദേശം നൽകി. ഏപ്രിൽ 11 ശനിയാഴ്ച സാൻ ലൂക്കാസ് ക്വാട്ടെലുൽപാൻ പള്ളിയിൽ ബിഷപ്പിന്റെ നേതൃത്വത്തിൽ സവിശേഷമായ പരിഹാര ശുശ്രൂഷകൾ നടക്കും.

വിശുദ്ധവാരത്തിൽ നടന്ന ഈ ദാരുണമായ സംഭവം ലോകമെമ്പാടുമുള്ള വിശ്വാസികൾക്കിടയിൽ വലിയ ഞെട്ടലാണ് ഉണ്ടാക്കിയിരിക്കുന്നത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.