ബെയ്റൂട്ട്: ലെബനനില്‍ ഇസ്രയേല്‍ നടത്തിയ നൂറിലധികം മിസൈല്‍ ആക്രമണങ്ങളില്‍ ഹിസ്ബുള്ള നേതാവ് അലി യൂസഫ് ഹര്‍ഷി അടക്കം നിരവധി പേര്‍ കൊല്ലപ്പെട്ടു. കഴിഞ്ഞ ഇരുപത്തിനാല് മണിക്കൂറിനിടെ നടത്തിയ ആക്രമണങ്ങളില്‍ ഇതുവരെ 254 പേരാണ് കൊല്ലപ്പെട്ടത്. 1,150 ലധികം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.
ഹിസ്ബുള്ളയുടെ ഭരണപരമായ കാര്യങ്ങളില്‍ നിര്‍ണായക പങ്ക് വഹിച്ചിരുന്നയാളാണ് അലി യൂസഫ് ഹര്‍ഷി. ഇയാളെ ലക്ഷ്യമിട്ടതിലൂടെ സംഘടനയുടെ നേതൃനിരയെ തകര്‍ക്കുക എന്ന തന്ത്രപരമായ നീക്കമാണ് 'ഓപ്പറേഷന്‍ എറ്റേണല്‍ ഡാര്‍ക്ക്നസ്' എന്ന് പേരിട്ട ഈ സൈനിക നടപടിയിലൂടെ ഇസ്രയേല്‍ നടപ്പിലാക്കിയത്.
ഹിസ്ബുള്ള തലവന്‍ നയീം ഖാസമിന്റെ അനന്തരവനും അദേഹത്തിന്റെ പേഴ്സണല്‍ സെക്രട്ടറിയുമായിരുന്നു അലി യൂസഫ് ഹര്‍ഷി. ഖാസമിന്റെ ഓഫീസിന്റെ സുരക്ഷയും ദൈനംദിന കാര്യങ്ങളും നിയന്ത്രിച്ചിരുന്നതും ഇദേഹമായിരുന്നു.
ബെയ്റൂട്ട്, സിഡോണ്‍, ടയര്‍, ബിഖ താഴ് വര എന്നിവിടങ്ങളിലെ ഹിസ്ബുള്ളയുമായി ബന്ധപ്പെട്ട ആയുധ സംഭരണ കേന്ദ്രങ്ങളും നിര്‍മാണ കേന്ദ്രങ്ങളും ലക്ഷ്യമിട്ടാണ് ആക്രമണം നടത്തിയതെന്ന് ഇസ്രയേല്‍ വ്യക്തമാക്കി.
ആക്രമണത്തില്‍ ലബനന്‍ സര്‍ക്കാര്‍ ദേശീയ ദുഖാചരണം പ്രഖ്യാപിച്ചു. ഐക്യരാഷ്ട്രസഭ സെക്രട്ടറി ജനറല്‍ ആക്രമണത്തെ ശക്തമായി അപലപിച്ചു. ലബനന് നേരെയുള്ള ആക്രമണം തുടര്‍ന്നാല്‍ ശക്തമായി തിരിച്ചടിക്കുമെന്ന് മുന്നറിയിപ്പ് നല്‍കിയ ഇറാന്‍ ഉടന്‍ തന്നെ ഹോര്‍മുസ് കടലിടുക്ക് അടയ്ക്കുകയും ചെയ്തു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.