ബെയ്ജിങ്: പശ്ചിമേഷ്യയിലെ യുദ്ധ വിരാമത്തിന് നാലിന നിര്‍ദേശവുമായി ചൈന. ഈ ആഴ്ച തന്നെ അമേരിക്കയും ഇറാനും തമ്മില്‍ നടത്താനിരിക്കുന്ന രണ്ടാംഘട്ട സമാധാന ചര്‍ച്ചകള്‍ക്ക് മുന്നോടിയായാണ് ചൈനീസ് പ്രസിഡന്റ് ഷി ജിങ് പിങിന്റെ ഇടപെടല്‍.
മേഖലയിലെ സമാധാനപരമായ സഹവര്‍ത്തിത്വം, വികസനങ്ങള്‍ക്കും സുരക്ഷാ നയങ്ങള്‍ക്കും ഇടയിലെ മികച്ച ഏകോപനം, അന്താരാഷ്ട്ര നിയമം ഉയര്‍ത്തിപ്പിടിക്കല്‍, ദേശീയ പരമാധികാരത്തോടുള്ള പരസ്പര ബഹുമാനം എന്നീ നാല് നിര്‍ദേശങ്ങളാണ് ഷി ജിങ് പിങ് മുന്നോട്ടു വെച്ചത്. എന്നാല്‍ അമേരിക്കയും ഇറാനും പ്രതികരിച്ചിട്ടില്ല.
പശ്ചിമേഷ്യയിലെ ഗള്‍ഫ് രാജ്യങ്ങള്‍ അടുത്ത അയല്‍ക്കാരാണ്. അവരെ പിന്തുണയ്ക്കുക എന്നത് പ്രധാനമാണ്. ഗള്‍ഫ് മേഖലയുടെ പൊതുവായ സഹകരണവും സുസ്ഥിരമായ സുരക്ഷാ ഘടനയും കെട്ടിപ്പടുക്കാനായി പ്രവര്‍ത്തിക്കുക, സമാധാനപരമായ സഹവര്‍ത്തിത്വത്തിനുള്ള അടിത്തറ ഏകീകരിക്കുക തുടങ്ങിയ കാര്യങ്ങള്‍ പ്രധാനമാണെന്നും ഷി പറഞ്ഞു.
യുഎഇയും ചൈനയും തമ്മിലുള്ള ഉഭയകക്ഷി ബന്ധം കൂടുതല്‍ ശക്തമാക്കുന്നതിന്റെ ഭാഗമായി അബുദാബി കിരീടവകാശി ഷെയ്ഖ് ഖാലിദ് ബിന്‍ മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്‍ ചൈന സന്ദര്‍ശിച്ചിരുന്നു. ഇരു രാജ്യങ്ങളും തമ്മിലുള്ള തന്ത്രപ്രധാന പങ്കാളിത്തം ആഴത്തിലാക്കുന്നതിനും വിവിധ മുന്‍ഗണനാ മേഖലകളില്‍ സഹകരണ വര്‍ധിപ്പിക്കുന്നതിനുമായിരുന്നു സന്ദര്‍ശനമെന്നാണ് റിപ്പോര്‍ട്ട്.
ഈ കൂടിക്കാഴ്ചയില്‍ വെച്ചാണ് പശ്ചിമേഷ്യയിലെ സമാധാനവും സ്ഥിരതയും ലക്ഷ്യം വെച്ച് ഷി നാല് നിര്‍ദേശങ്ങള്‍ മുമ്പോട്ട് വെച്ചതെന്ന് സിന്‍ഹുവ വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്യുന്നു. നിരന്തര സംഘര്‍ഷങ്ങള്‍ക്കിടയില്‍ പ്രാദേശിക വികസന കാര്യങ്ങളില്‍ സ്ഥിരത കൈവരിക്കാനുള്ള ശ്രമങ്ങളും കൂടിക്കാഴ്ചയില്‍ ചര്‍ച്ചയായതായാണ് വിവരം.
അതേസമയം ഇറാന്റെ തുറമുഖങ്ങള്‍ക്കെതിരായ അമേരിക്കന്‍ ഉപരോധം അപകടകരവും നിരുത്തരവാദപരവുമാണെന്ന് ചൈന പ്രതികരിച്ചു. അമേരിക്കയുടെ നടപടി സംഘര്‍ഷം വര്‍ധിപ്പിക്കാനേ ഉപകരിക്കൂ. വെടിനിര്‍ത്തല്‍ കരാറിനെ ഇത് പ്രതികൂലമായി ബാധിക്കും.
കടലിടുക്കില്‍ കൂടിയുള്ള ഗതാഗതത്തെ ഇത് കൂടുതല്‍ സങ്കീര്‍ണമാക്കുമെന്നും ചൈനീസ് വിദേശകാര്യമ ന്ത്രാലയ വക്താസ് ഗുവോ ജിയാകുന്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. ട്രംപ് ഏര്‍പ്പെടുത്തിയ നാവിക ഉപരോധത്തെ മറികടന്ന് അമേരിക്കന്‍ ഉപരോധമുള്ള 'റിച്ച് സ്റ്റാറി' എന്ന ചൈനീസ് കപ്പല്‍ ഇതിനിടെ ഹോര്‍മുസ് കടലിടുക്ക് കടക്കുകയും ചെയ്തു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.