പരിമിതികളെ ദൈവ വിശ്വാസത്താൽ അതിജീവിച്ച നിക് വുയിചിച്ചിന്റെ ജീവിതം സിനിമയാകുന്നു; ‘നോ ലിംബ്‌സ്, നോ ലിമിറ്റ്‌സ്’ സെപ്റ്റംബർ 25ന് തിയറ്ററുകളിൽ

പരിമിതികളെ ദൈവ വിശ്വാസത്താൽ അതിജീവിച്ച നിക് വുയിചിച്ചിന്റെ ജീവിതം സിനിമയാകുന്നു; ‘നോ ലിംബ്‌സ്, നോ ലിമിറ്റ്‌സ്’ സെപ്റ്റംബർ 25ന് തിയറ്ററുകളിൽ

മെൽബൺ: കൈകാലുകളില്ലാത്ത അവസ്ഥയിൽ ജനിച്ച് അതിദാരുണമായ പ്രതിസന്ധികളെ ദൈവവിശ്വാസത്തിന്റെ കരുത്തോടെ ചവിട്ടുപടിയാക്കി ലോകപ്രശസ്തനായ മോട്ടിവേഷണൽ സ്പീക്കർ നിക് വുയിചിച്ചിന്റെ ജീവിതകഥ സിനിമയാകുന്നു. ദൈവ വിശ്വാസവും അളവറ്റ ആത്മവിശ്വാസവും കൊണ്ട് വിധിയെപ്പോലും തോൽപ്പിച്ച നിക്കിന്റെ വികാരനിർഭരവും പ്രചോദനാത്മകവുമായ ജീവിതയാത്ര പറയുന്ന ‘നോ ലിംബ്‌സ്, നോ ലിമിറ്റ്‌സ്: ദി നിക്വി സ്റ്റോറി’ എന്ന ഡോക്യുമെന്ററി ചിത്രം സെപ്റ്റംബർ 25 ന് ലോകമെമ്പാടുമുള്ള തിയറ്ററുകളിൽ പ്രദർശനത്തിനെത്തുന്നു.

1982-ൽ ഓസ്‌ട്രേലിയയിലെ മെൽബണിലാണ് നിക് വുയിചിച്ചിന്റെ ജനനം. ‘ടെട്ര-അമേലിയ സിൻഡ്രോം’ എന്ന അപൂർവ അവസ്ഥ മൂലം ജനനസമയത്ത് തന്നെ അദ്ദേഹത്തിന് കൈകാലുകൾ ഇല്ലായിരുന്നു. എന്നാൽ ശാരീരികമായ പരിമിതികളെ ഒരിക്കലും തന്റെ ആത്മവിശ്വാസത്തിന് തടസമാക്കാൻ അദേഹം അനുവദിച്ചില്ല.

17-ാം വയസിൽ വിദ്യാലയത്തിലെ ഒരു ജീവനക്കാരന്റെ പ്രേരണയാലാണ് നിക് ആദ്യമായി പൊതുവേദികളിൽ പ്രഭാഷണങ്ങൾ നടത്തിത്തുടങ്ങിയത്. ആ ചെറിയ പ്രസംഗങ്ങൾ പിന്നീട് ലോകമെമ്പാടുമുള്ള ദശലക്ഷക്കണക്കിന് ആളുകളിലേക്ക് ദൈവത്തിന്റെ സ്നേഹവും പ്രത്യാശയും എത്തിക്കുന്ന വലിയൊരു ശുശ്രൂഷയായി വളർന്നു.

ഇന്ന് നീന്തലും സ്‌കൈ ഡൈവിംഗും ഉൾപ്പെടെയുള്ള സാഹസിക വിനോദങ്ങളിൽ ഏർപ്പെടുന്ന നിക് രണ്ട് ബിരുദങ്ങൾ സ്വന്തമാക്കിയ വ്യക്തി കൂടിയാണ്. നാല് മക്കളുടെ സ്നേഹനിധിയായ പിതാവായ അദേഹം ഇതിനകം 80-ലേറെ രാജ്യങ്ങൾ സഞ്ചരിച്ചു കഴിഞ്ഞു. ലോകമെമ്പാടുമുള്ള കോടിക്കണക്കിന് മനുഷ്യർക്ക് പ്രത്യാശ നൽകുന്ന ‘ലൈഫ് വിത്തൗട്ട് ലിംബ്‌സ്’ എന്ന ക്രൈസ്തവ സംഘടനയുടെ സ്ഥാപകൻ കൂടിയാണ് അദേഹം.

"ഈ സിനിമ എന്റെ നേട്ടങ്ങളെ മഹത്വവൽക്കരിക്കാനുള്ളതല്ല, മറിച്ച് കൈകാലുകളില്ലാത്ത ഒരു മനുഷ്യനിലൂടെ ദൈവത്തിന് എന്തെല്ലാം ചെയ്യാൻ കഴിയുമെന്ന് കാണിച്ചുതരാനുള്ളതാണ്. നിങ്ങളുടെ പരിമിതികൾ ദൈവത്തിന്റെ കയ്യിൽ ഏൽപ്പിച്ചാൽ അത് ഒരിക്കലും നിങ്ങളുടെ സാധ്യതകളെ തടയില്ല. ഈ സിനിമ കണ്ട് തിയേറ്ററിൽ നിന്ന് പുറത്തിറങ്ങുന്ന ഓരോ വ്യക്തിയും ജീവിതത്തിൽ പുതിയൊരു പ്രത്യാശ കണ്ടെത്തിയാൽ അതാണ് ഇതിന്റെ യഥാർത്ഥ വിജയം," നിക് വുയിചിത് വ്യക്തമാക്കുന്നു.

പ്രതിസന്ധികളുടെ നടുവിലും ദൈവത്തിലുള്ള ഉറച്ച വിശ്വാസവും പ്രത്യാശയും മുറുകെപ്പിടിച്ച് മുന്നേറുന്നവർക്ക് എങ്ങനെ തങ്ങളുടെ ജീവിതത്തെയും ലോകത്തെ തന്നെയും മാറ്റിമറിക്കാൻ സാധിക്കുമെന്നതിന്റെ ജീവിക്കുന്ന സാക്ഷ്യമാണ് ഈ ചിത്രം. വിശ്വാസ സമൂഹത്തിന് വലിയൊരു ആത്മീയ പ്രചോദനം കൂടിയായിരിക്കും ഈ ഡോക്യുമെന്ററി സിനിമാവിഷ്ക്കാരം.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.