സിഡ്‌നി: ആധുനിക കാലഘട്ടത്തിലെ വെല്ലുവിളികളെ നേരിടാൻ സിഡ്‌നി അതിരൂപതയെ സജ്ജമാക്കുന്നതിനും സഭയുടെ അടുത്ത 40 വർഷത്തെ പ്രവർത്തനപദ്ധതികൾക്ക് രൂപം നൽകുന്നതിനുമായി നിശ്ചയിച്ചിട്ടുള്ള ‘സിഡ്‌നി സിനഡിന്’ മുന്നോടിയായുള്ള പരിശീലന പരിപാടികൾ പൂർത്തിയായി.
ഏപ്രിൽ 30 മുതൽ മെയ് മൂന്ന് വരെ നടക്കുന്ന സിനഡിന്റെ ലക്ഷ്യങ്ങളും ചർച്ചാവിഷയങ്ങളും വിശദീകരിക്കുന്നതിനായി സംഘടിപ്പിച്ച ‘ഫോർമേഷൻ നൈറ്റുകളിൽ’ നൂറുകണക്കിന് പ്രതിനിധികൾ പങ്കെടുത്തു. സെന്റ് മേരീസ് കത്തീഡ്രൽ കോളേജ് ഹാളിൽ നടന്ന സമ്മേളനത്തിൽ സിനഡ് വർക്കിങ് പാർട്ടി അംഗങ്ങളായ ബിഷപ്പ് ഡാനിയൽ മേഗർ, സിസ്റ്റർ അനസ്താസിയ റീവ്സ് ഒ.പി, സിഡ്‌നി സെന്റർ ഫോർ ഇവാഞ്ചലൈസേഷൻ ഡയറക്ടർ ഡാനിയൽ ആങ് എന്നിവർ സിനഡിന്റെ കാഴ്ചപ്പാടുകൾ അവതരിപ്പിച്ചു.
ആരാധനാക്രമങ്ങളിൽ കൂടുതൽ ആത്മീയതയും ഗൗരവവും ഉറപ്പാക്കുക, ഇടവകകളും വിവിധ കമ്മ്യൂണിറ്റികളും ക്രിസ്തുവിലൂന്നിയ പ്രവർത്തനങ്ങൾക്ക് മുൻഗണന നൽകുക, സുവിശേഷ പ്രഘോഷണത്തിലും കാരുണ്യപ്രവർത്തനങ്ങളിലും സഭയുടെ സാന്നിധ്യം ശക്തമാക്കുക തുടങ്ങിയ വിശ്വാസി സമൂഹം ആഗ്രഹിക്കുന്ന മൂന്ന് പ്രധാന മാറ്റങ്ങളെ മുൻനിർത്തിയായിരിക്കും സിനഡ് ചർച്ചകൾ നടക്കുകയെന്ന് ബിഷപ്പ് ഡാനിയൽ മേഗർ വ്യക്തമാക്കി.
ആർച്ച് ബിഷപ്പ് ആന്റണി ഫിഷർ ഒ.പി മുന്നോട്ടുവെച്ച 18 സുപ്രധാന നിർദേശങ്ങളാണ് സിനഡിൽ വോട്ടെടുപ്പിനും ചർച്ചയ്ക്കും വിധേയമാകുന്നത്. ഇടവകകളിലെ അധ്യാപകർക്ക് കൂടുതൽ ശാസ്ത്രീയമായ പരിശീലനം നൽകുക, വിശുദ്ധ കുർബാനയിലെ സംഗീതം മെച്ചപ്പെടുത്തുന്നതിനായി പ്രത്യേക ഘടനകൾ രൂപീകരിക്കുക തുടങ്ങിയ പ്രായോഗിക നിർദേശങ്ങൾ ഇതിൽ ഉൾപ്പെടുന്നു. സിനഡിന്റെ ഫലങ്ങൾ പെട്ടെന്ന് ദൃശ്യമാകില്ലെങ്കിലും വരുംതലമുറയ്ക്കുള്ള അടിത്തറയാണിതെന്ന് ബിഷപ്പ് മേഗർ ഓർമ്മിപ്പിച്ചു.
സിനഡ് കേവലം ചടങ്ങല്ലെന്നും ഓരോ അംഗത്തിന്റെയും അഭിപ്രായങ്ങൾക്ക് വിലയുണ്ടെന്നും സിസ്റ്റർ അനസ്താസിയ റീവ്സ് പറഞ്ഞു. യുവജനങ്ങളുടെയും മുതിർന്നവരുടെയും അനുഭവ സമ്പത്ത് സഭയുടെ വളർച്ചയ്ക്കായി പ്രയോജനപ്പെടുത്തുമെന്നും പരിശുദ്ധാത്മാവിന്റെ പ്രേരണയാൽ സഭയുടെ പൊതുനന്മയ്ക്കായുള്ള തീരുമാനങ്ങളാണ് പ്രതീക്ഷിക്കുന്നതെന്നും അവർ കൂട്ടിച്ചേർത്തു.
സിഡ്‌നി അതിരൂപതയിലെ വിവിധ ഇടവകകളിൽ നിന്നും സംഘടനകളിൽ നിന്നുമുള്ള തിരഞ്ഞെടുക്കപ്പെട്ട പ്രതിനിധികളാണ് മൂന്ന് ദിവസം നീണ്ടുനിൽക്കുന്ന സിനഡിൽ പങ്കെടുക്കുന്നത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.