ബ്രിസ്ബെയ്ൻ: അഞ്ചാമത്തെ പ്രസവത്തിൽ സ്വാഭാവിക ഗര്‍ഭധാരണത്തിലൂടെ കാഴ്ചയിൽ ഒരേപോലെയുള്ള (ഐഡന്റിക്കല്‍) നാല് പെണ്‍കുഞ്ഞുങ്ങൾക്ക് ജന്മം നൽകി ജെനിറ്റര്‍ -ജോര്‍ഥാം ദമ്പതികൾ. ഒരുകോടി അൻപത് ലക്ഷം ഗര്‍ഭധാരണങ്ങളില്‍ ഒന്നില്‍ മാത്രം സംഭവിക്കുന്ന ഈ അപൂര്‍വ സന്തോഷം ഓസ്ട്രേലിയയില്‍ ആദ്യമായാണ് റിപ്പോർട്ട് ചെയ്യപ്പെടുന്നത്. ദൈവകൃപയാൽ എല്ലാ പ്രതിസന്ധികളെയും അതിജീവിച്ച് തങ്ങൾക്ക് ലഭിച്ച ഈ അപൂർവ്വ അനുഗ്രഹത്തിന്റെ സന്തോഷത്തിലാണ് ഈ ക്രിസ്ത്യൻ ദമ്പതികൾ.
ഓസ്ട്രേലിയയിലെ ക്വീൻസ്ലാന്റിലുള്ള ബ്രിസ്ബെയ്ൻ റോയൽ ആന്റ് വിമൻസ് ആശുപത്രിയില്‍ ജൂലൈ 14നാണ് കുഞ്ഞുങ്ങൾ പിറന്നത്. എമിലി, ഹരിയറ്റ്, കാതറിന്‍, അലെക്‌സ എന്നിങ്ങനെയാണ് കുഞ്ഞുങ്ങൾക്ക് പേരിട്ടിരിക്കുന്നത്. ഗര്‍ഭകാലത്തുടനീളം വലിയ തോതിലുള്ള ആരോഗ്യപ്രശ്നങ്ങളും അപകടസാധ്യതകളും ഉണ്ടായിരുന്നെങ്കിലും, പ്രാർത്ഥനയോടെ ആ റിസ്‌ക് ഏറ്റെടുക്കാൻ മാതാപിതാക്കൾ തയ്യാറാകുകയായിരുന്നു.
ഒരൊറ്റ പ്ലാസന്റ (മറുപിള്ള) പങ്കിട്ടാണ് നാല് ഭ്രൂണങ്ങളും വളര്‍ന്നതെന്നത് വൈദ്യശാസ്ത്രത്തിന് പോലും അവിശ്വസനീയമായ കാര്യമായിരുന്നു. അത്യപൂര്‍വ്വവും അപകടസാധ്യത നിറഞ്ഞതുമായ ഗര്‍ഭധാരണമായതിനാല്‍ 25-ാം ആഴ്ചയില്‍ തന്നെ ജെനിറ്ററിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. 28 ആഴ്ച തികയുക എന്നതായിരുന്നു ഡോക്ടര്‍മാര്‍ക്കു മുന്നിലുണ്ടായിരുന്ന പ്രധാന വെല്ലുവിളി. ദൈവപരിപാലനയിൽ പ്രതിസന്ധികളെല്ലാം തരണം ചെയ്ത് 28 ആഴ്ചയും നാല് ദിവസവും തികഞ്ഞപ്പോള്‍ സുരക്ഷിതമായി സിസേറിയൻ നടത്താൻ സാധിച്ചു.
തീവ്രപരിചരണ വിഭാഗത്തില്‍ കഴിയുന്ന കുഞ്ഞുങ്ങൾ ഇപ്പോൾ ആരോഗ്യത്തോടെയും സുരക്ഷിതമായും ഇരിക്കുന്നു. ഗര്‍ഭകാലത്തുടനീളം വലിയ ആത്മവിശ്വാസത്തോടെ ഒപ്പം നിന്ന് ശുശ്രൂഷിക്കുകയും പ്രസവത്തിന് നേതൃത്വം നല്‍കുകയും ചെയ്ത ഡോ. അലെക്‌സ ബെന്‍ഡാലിനോടുള്ള നന്ദിസൂചകമായാണ് നവജാത ശിശുക്കളിലൊരാൾക്ക് മാതാപിതാക്കൾ 'അലെക്‌സ' എന്ന് പേരിട്ടത്.
ഒന്നിനും പത്തിനും ഇടയില്‍ പ്രായമുള്ള കാള്‍, സെലീന, ഡെനെസ, ക്ലോഹി എന്നീ നാല് മക്കൾക്കൊപ്പം പുതിയ അതിഥികൾ കൂടി എത്തിയതോടെ എട്ട് മക്കളുള്ള വലിയൊരു കുടുംബമായി ഈ ദമ്പതികളുടെ കൂട്ടുമാറി. തങ്ങൾക്ക് ലഭിച്ച ഈ വലിയ ദൈവാനുഗ്രഹത്തിന് ഹൃദയംഗമമായ നന്ദി അർപ്പിക്കുകയാണ് ജെനിറ്ററും ജോര്‍ഥാമും. ഒപ്പം, നാല് അനുജത്തിമാരെ ഒന്നിച്ചു ലഭിച്ചതിന്റെ വലിയ ആഹ്ലാദത്തിലാണ് മറ്റു സഹോദരങ്ങളും.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.