തൃശൂര്‍: മുണ്ടത്തിക്കോട് വെടിക്കെട്ട് അപകടത്തെ സംസ്ഥാനത്തെ സവിശേഷ ദുരന്തമായി പ്രഖ്യാപിക്കാന്‍ മന്ത്രിസഭാ യോഗ തീരുമാനം. ദുരന്തത്തില്‍ ജുഡീഷ്യല്‍ അന്വേഷണവും പ്രഖ്യാപിച്ചു. ജസ്റ്റിസ് സി.എന്‍ രാമചന്ദ്രനാണ് അന്വേഷണം നടത്തുക.
സവിശേഷ ദുരന്തമായി പ്രഖ്യാപിക്കുന്നതിന് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിക്ക് ആവശ്യമായ നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും മന്ത്രിസഭാ യോഗത്തിന് ശേഷം നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ റവന്യൂ മന്ത്രി കെ. രാജന്‍ വ്യക്തമാക്കി.
'ഈ അപകടം സംസ്ഥാത്തെ സവിശേഷ ദുരന്തമായി പ്രഖ്യാപിച്ചാല്‍ മാത്രമേ മെച്ചപ്പെട്ട സഹായങ്ങളും മറ്റ് കാര്യങ്ങളും ചെയ്യാന്‍ കഴിയൂ. അപകടത്തില്‍ മരിച്ചവരുടെ കുടുംബത്തിന് സംസ്ഥാന ദുരന്ത പ്രതികരണ നിധിയില്‍ നിന്ന് നാല് ലക്ഷം രൂപയും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്ന് 10 ലക്ഷം രൂപയും അടക്കം 14 ലക്ഷം രൂപ നല്‍കും.
പരിക്കേറ്റവര്‍ക്ക് ദുരന്ത പ്രതികരണ നിധി പ്രകാരം അനുവദിക്കുന്ന തുക നല്‍കും. അതിന് പുറമേ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്ന് രണ്ട് ലക്ഷം രൂപയും നല്‍കും.
ആറ് മാസത്തിലധികമായി ചികിത്സ വേണ്ടി വന്നാല്‍ മെഡിക്കല്‍ ബോര്‍ഡിന്റെ തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ ശുപാര്‍ശ ചെയ്യപ്പെട്ട സ്വകാര്യ ആശുപത്രികളില്‍ ചികിത്സാ ചെലവ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്നും അനുവദിക്കും. തിരച്ചിലും രക്ഷാ പ്രവര്‍ത്തനവും സുഗമമാക്കുന്നതിനായി പ്രദേശത്തെ സ്വകാര്യ വ്യക്തികളുടെ മതില്‍ പൊളിക്കുകയും വയല്‍ നികത്തുകയും ചെയ്തിട്ടുണ്ട്.
അവ പൂര്‍വ്വ സ്ഥിതിയില്‍ ആക്കുന്നതിന് ചെലവാകുന്ന യഥാര്‍ത്ഥ തുക ജില്ലാ കളക്ടറുടെ ശുപാര്‍ശയുടെ അടിസ്ഥാനത്തില്‍ ദുരന്ത പ്രതികരണ നിധിയില്‍ നിന്നും അനുവദിക്കും. ദുരന്തവുമായി ബന്ധപ്പെട്ട് മൃതദേഹങ്ങള്‍ മറവു ചെയ്യുന്നതിനും ഡിഎന്‍എ പരിശോധനയ്ക്ക് സാമ്പിളുകള്‍ ശേഖരിക്കുന്നതിനുമായി സ്റ്റാന്‍ഡേര്‍ഡ് ഓപ്പറേറ്റിംഗ് പ്രൊസീജ്യര്‍ (എസ്ഒപി) പുറപ്പെടുവിക്കുന്നതിന് ആവശ്യമായ നിര്‍ദേശം സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയുടെ സ്റ്റേറ്റ് എക്‌സിക്യൂട്ടിവ് കമ്മിറ്റിക്ക് നല്‍കിയിട്ടുണ്ട്.
അടിയന്തര പ്രതികരണത്തിനായി 50 ലക്ഷം രൂപ ദുരന്ത പ്രതികരണ നിധിയില്‍ നിന്നും ഇന്നലെ അനുവദിച്ചിരുന്നു. ദുരന്ത പ്രതികരണവുമായി ബന്ധപ്പെട്ട് ഉണ്ടായിട്ടുള്ള ചെലവുകള്‍ ഈ തുകയില്‍ നിന്നും ചെലവഴിക്കാന്‍ ജില്ലാ കലക്ടര്‍ക്ക് അനുമതി നല്‍കിയിട്ടുണ്ട്.
സ്‌ഫോടനംമൂലം സമീപ വീടുകള്‍ക്കുണ്ടായ നാശനഷ്ടത്തിന്റെ തോത് കണക്കാക്കി അടിയന്തിരമായി റിപ്പോര്‍ട്ട് സമര്‍പ്പിച്ച് എസ്ഡിആര്‍എഫില്‍ നിന്നും തുക ലഭ്യമാക്കാന്‍ ജില്ലാ കളക്ടറെ ചുമതലപ്പെടുത്തിയതായി കെ. രാജന്‍ പറഞ്ഞു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.