നൈജീരിയയിൽ തീവ്രവാദികളാൽ തട്ടിക്കൊണ്ടുപോകപ്പെട്ട കുട്ടികൾക്കായി മാതാപിതാക്കളുടെ കണ്ണീർ സമരം; മോചനം വൈകുന്നു

നൈജീരിയയിൽ തീവ്രവാദികളാൽ തട്ടിക്കൊണ്ടുപോകപ്പെട്ട കുട്ടികൾക്കായി മാതാപിതാക്കളുടെ കണ്ണീർ സമരം; മോചനം വൈകുന്നു

അബുജ: നൈജീരിയയിലെ ബോർണോ സംസ്ഥാനത്ത് നിന്ന് തീവ്രവാദികൾ തട്ടിക്കൊണ്ടുപോയ കുട്ടികളെ മോചിപ്പിക്കാൻ അടിയന്തര നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് രക്ഷിതാക്കൾ തെരുവിൽ പ്രതിഷേധവുമായി രംഗത്തെത്തി. കുട്ടികളെ തട്ടിക്കൊണ്ടുപോയിട്ട് നൂറിലധികം ദിവസങ്ങളായെങ്കിലും ഇതുവരെ മോചനം ലഭിച്ചിട്ടില്ല. കഴിഞ്ഞ മെയ് 15 നാണ് സംബിസ വനമേഖലയ്ക്കു സമീപമുള്ള മുസ്സ ഗ്രാമത്തിലെ ക്ലാസ് മുറികളിൽ നിന്ന് കുട്ടികളെ തീവ്രവാദികൾ തട്ടിക്കൊണ്ടുപോയത്.

ഇസ്ലാമിക് സ്റ്റേറ്റ് വെസ്റ്റ് ആഫ്രിക്ക പ്രൊവിൻസ്, ബൊക്കോ ഹറാം തുടങ്ങിയ തീവ്രവാദി ഗ്രൂപ്പുകൾ സാധാരണക്കാർക്കും സ്‌കൂളുകൾക്കും നേരെ നടത്തുന്ന ആക്രമണങ്ങൾ നൈജീരിയയിൽ തുടരുകയാണ്. മുസ്സയിൽ നിന്ന് തട്ടിക്കൊണ്ടുപോയവരിൽ 45 ഓളം കുട്ടികൾ ഇനിയും തിരിച്ചെത്താനുണ്ട്. ഇതിനുപുറമേ, മുസ്സയ്ക്ക് സമീപമുള്ള ലാസ്സയിൽ ജൂൺ 29-ന് നടന്ന ആക്രമണത്തിൽ 36 വിദ്യാർഥികളെയും ഒരു അധ്യാപകനെയും കാണാതായിട്ടുണ്ട്. ഇവർ ഇപ്പോഴും ഭീകരരുടെ തടവിലാണ്.

മൂന്നരയും എട്ടരയും വയസ്സുള്ള തങ്ങളുടെ രണ്ട് മക്കളെ നഷ്ടപ്പെട്ട പീസ് നിക്കോളസ് ഉൾപ്പെടെയുള്ള രക്ഷിതാക്കൾ വലിയ മാനസിക സംഘർഷത്തിലൂടെയാണ് കടന്നുപോകുന്നത്. “ഞങ്ങൾ ദിവസവും ഭയത്തിലാണ്. ഭക്ഷണം കഴിക്കാൻ പോലും കഴിയുന്നില്ല. മക്കളെ രക്ഷപെടുത്താൻ സർക്കാരിനോട് അപേക്ഷിക്കുകയാണ്” എന്ന് പീസ് നിക്കോളസ് പറയുന്നു.

വർഷങ്ങളായി സൈനിക നടപടികൾ തുടരുന്നുണ്ടെങ്കിലും വടക്കുകിഴക്കൻ നൈജീരിയയിൽ ഇത്തരം തട്ടിക്കൊണ്ടുപോകലുകൾക്ക് കുറവൊന്നും വന്നിട്ടില്ല. പിഞ്ചുകുട്ടികളെ മാതാപിതാക്കളിൽ നിന്ന് വേർപെടുത്തി കൊണ്ടുപോകുന്നതിനേക്കാൾ വലിയൊരു വേദന മറ്റൊന്നില്ലെന്നാണ് കമ്മ്യൂണിറ്റി നേതാക്കൾ വ്യക്തമാക്കുന്നത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.