ആലപ്പുഴ: കായലോളങ്ങളെ സാക്ഷി നിര്‍ത്തി പുന്നമട മടത്തട്ടില്‍ ഇനി ആവേശത്തിന്റെ തുഴച്ചില്‍ മേളങ്ങള്‍ മാത്രം. കായല്‍ രാജാക്കന്മാര്‍ മാറ്റുരയ്ക്കുന്ന എഴുപത്തിരണ്ടാമത് നെഹ്റു ട്രോഫി ജലോത്സവത്തിന് ഇന്ന് പുന്നമടയില്‍ കൊടിയേറും. 22 ചുണ്ടന്‍ വള്ളങ്ങള്‍ ഉള്‍പ്പെടെ ആകെ 71 വള്ളങ്ങളാണ് ഇത്തവണ ജലരാജപട്ടത്തിനായി പോരാട്ടത്തിനിറങ്ങുന്നത്. രാവിലെ 11 ന് മല്‍സരങ്ങള്‍ക്ക് തുടക്കമാകും.
ഉല്‍ഘാടന സമ്മേളനത്തിന് ശേഷം ചുണ്ടന്‍വള്ളങ്ങളുടെ ഹീറ്റ് മത്സരങ്ങളും വിവിധ ചെറുവള്ളങ്ങളുടെ ഫൈനല്‍ പോരാട്ടങ്ങളും അരങ്ങേറും. ചുണ്ടന്‍വള്ളങ്ങളുടെ വിഭാഗത്തില്‍ ആറ് ഹീറ്റ്‌സുകളാണുള്ളത്. നിലവിലെ ചാമ്പ്യന്മാരായ വില്ലേജ് ബോട്ട് ക്ലബ് ഒന്നാം ഹീറ്റ്സില്‍ ഒന്നാം ട്രാക്കില്‍ തന്നെയാണ് ഇത്തവണയും തുഴയെറിയുന്നത്. മുന്‍ ചാമ്പ്യന്മാരായ യുബിസി ഇത്തവണ മത്സരരംഗത്തില്ലെങ്കിലും അവരുടെ ഓര്‍മ നിലനിര്‍ത്തി യുബിസി ഫാന്‍സ് ക്ലബ് എന്ന പേരില്‍ പുതിയ സംഘം പുന്നമടയില്‍ എത്തുന്നുണ്ട്. കഴിഞ്ഞ തവണ നഷ്ടമായ കിരീടം തിരിച്ചുപിടിക്കാന്‍ വാശിയേറിയ തയ്യാറെടുപ്പുകളോടെയാണ് പള്ളാത്തുരുത്തി ബോട്ട് ക്ലബ് കടന്നുവരുന്നത്.
ജലോത്സവത്തിന്റെ നടത്തിപ്പ് ചരിത്രത്തിലാദ്യമായി ഒരു ഇവന്റ് മാനേജ്മെന്റ് ഗ്രൂപ്പിനെ ഏല്‍പ്പിച്ച ഘടനയിലാണ് ഇത്തവണത്തെ ക്രമീകരണങ്ങള്‍. കാണികള്‍ക്ക് ഇരിപ്പിടങ്ങള്‍ തിരിച്ചറിയാന്‍ പ്രത്യേക കളര്‍ കോഡ് സംവിധാനവും ഏര്‍പ്പെടുത്തിയിട്ടുണ്ട്. ജലോത്സവത്തോട് അനുബന്ധിച്ച് ആലപ്പുഴ ജില്ലയിലെ മുഴുവന്‍ സര്‍ക്കാര്‍ ഓഫീസുകള്‍ക്കും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ഇന്ന് അവധി പ്രഖ്യാപിച്ചിട്ടുണ്ട്. എന്നാല്‍ മുന്‍കൂട്ടി നിശ്ചയിച്ച പൊതുപരീക്ഷകള്‍ക്ക് മാറ്റമുണ്ടാകില്ല. സുരക്ഷ ശക്തമാക്കുന്നതിന്റെ ഭാഗമായി കായലില്‍ സ്പീഡ് ബോട്ടുകളുടെ സഞ്ചാരത്തിനും ഡ്രോണുകള്‍ പറത്തുന്നതിനും കര്‍ശന നിയന്ത്രണമുണ്ട്.
മത്സരം കാണാനെത്തുന്ന കാണികളുടെ സൗകര്യത്തിനായി നഗരത്തിലും പരിസര പ്രദേശങ്ങളിലും സമഗ്രമായ ഗതാഗത ക്രമീകരണങ്ങളാണ് പൊലീസ് ഏര്‍പ്പെടുത്തിയിട്ടുള്ളത്. എറണാകുളം, കൊല്ലം, ആലപ്പുഴ-ചങ്ങനാശേരി പാതകളില്‍ നിന്ന് വരുന്ന കെ.എസ്.ആര്‍.ടി.സി ബസുകള്‍ നഗരത്തിലേക്ക് കടക്കാതെ നിശ്ചിത ജംഗ്ഷനുകള്‍ വഴി തിരിച്ചുവിടും. കാണികളുടെ വാഹനങ്ങള്‍ക്ക് റീക്രിയേഷന്‍ ഗ്രൗണ്ടിലും ആലപ്പുഴ ബീച്ച് പൊലീസ് എയ്ഡ് പോസ്റ്റിന് തെക്കുവശം എലിവേറ്റഡ് ബൈപ്പാസിന് താഴെയുമാണ് പാര്‍ക്കിങ് സൗകര്യം ഒരുക്കിയിരിക്കുന്നത്. ഇതിനുപുറമേ പൊലീസ് പരേഡ് ഗ്രൗണ്ടില്‍ നിന്ന് ബോട്ട് ജെട്ടി ഭാഗത്തേക്ക് കെ.എസ്.ആര്‍.ടി.സി ഫീഡര്‍ ബസുകളും നാല് പ്രധാന ബോട്ട് ജെട്ടികളില്‍ നിന്ന് കാണികളെ കയറ്റിപ്പോകാന്‍ പ്രത്യേക യാത്രാ ബോട്ടുകളും സര്‍വീസ് നടത്തുന്നുണ്ട്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.