എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ ഇന്ന്; ആകാംഷയില്‍ രാഷ്ട്രീയ മുന്നണികള്‍

 എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ ഇന്ന്; ആകാംഷയില്‍ രാഷ്ട്രീയ മുന്നണികള്‍

കൊച്ചി: കേരളം ഉള്‍പ്പെടെ അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭ തിരഞ്ഞെടുപ്പ് ഫലം മെയ് നാലിനറിയാം. പശ്ചിമ ബംഗാളില്‍ ഇന്ന് നടക്കുന്ന രണ്ടാം ഘട്ട പോളിങ് കൂടി കഴിയുന്നതോടെ അഞ്ച് സംസ്ഥാനങ്ങളിലെയും എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ ഇന്ന് പുറത്തു വരും.

ഭരണ വിരുദ്ധ വികാരത്തിനൊപ്പം ഉയര്‍ന്ന പോളിങ് ശതമാനവും തങ്ങള്‍ക്ക് ഗുണകരമാകുമെന്ന പ്രതീക്ഷയിലാണ് യുഡിഎഫ് നേതൃത്വം. എന്നാല്‍ ഭരണ വിരുദ്ധ വികാരം ഉണ്ടായിട്ടില്ലെന്നും മൂന്നാം പിണറായി സര്‍ക്കാര്‍ അധികാരത്തില്‍ വരുമെന്നുമാണ് എല്‍ഡിഎഫ് നേതാക്കള്‍ വ്യക്തമാക്കുന്നത്. ഇതിനിടയില്‍ മൂന്ന് മുതല്‍ അഞ്ച് സീറ്റുകള്‍ വരെ വിജയിക്കുമെന്ന പ്രതീക്ഷയിലാണ് എന്‍ഡിഎ നേതൃത്വം.

അഞ്ചിലധികം ഏജന്‍സികളുടെ ഏക്‌സിറ്റ് പോള്‍ ഫലങ്ങളാണ് ഇന്ന് പ്രതീക്ഷിക്കുന്നത്. ബംഗാളിലെ എക്‌സിറ്റ് പോള്‍ സര്‍വെകള്‍ നാളെയും മറ്റന്നാളുമായി പ്രസിദ്ധീകരിക്കാനാണ് ചില പ്രധാന ഏജന്‍സികളുടെ തീരുമാനം.

എന്‍ഡിടിവി, ഇന്ത്യ ടുഡെ, ടൈംസ് നൗ, ന്യൂസ് എക്‌സ്, റിപ്പബ്‌ളിക് ടിവി, ന്യൂസ് 18 തുടങ്ങിയ ദേശീയ മാധ്യമങ്ങള്‍ എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ നല്‍കും എന്ന് അറിയിച്ചിട്ടുണ്ട്. മാട്രിസ്, വിഎംആര്‍, സി വോട്ടര്‍, ജെവിസി, പോള്‍സ്‌ട്രോറ്റ്, ജന്‍കി ബാത്ത്, വോട്ട് വൈബ് തുടങ്ങിയ ഏജന്‍സികളുടെ എക്‌സിറ്റ് പോളുകള്‍ ഇന്നു പ്രസിദ്ധീകരിക്കും.

അക്‌സിസ് മൈ ഇന്ത്യ കേരളം, ആസം തുടങ്ങിയ സംസ്ഥാനങ്ങളിലെ എക്‌സിറ്റ് പോള്‍ ഇന്ന് നല്‍കിയേക്കും. ടുഡെയ്‌സ് ചാണക്യ കേരളം അടക്കം എല്ലാം സംസ്ഥാനങ്ങളുടെയും എക്‌സിറ്റ് പോള്‍ നാളയെ പ്രസിദ്ധീകരിക്കുവെന്ന് അറിയിച്ചിട്ടുണ്ട്. മനോരമ ന്യൂസ് സി വോട്ടര്‍ എക്‌സിറ്റ് പോളും ഇന്ന് സംപ്രേഷണം ചെയ്യും.

വോട്ടെടുപ്പിന് ശേഷം വോട്ടര്‍മാരുടെ അഭിപ്രായം ശേഖരിച്ചു തയാറാക്കിയ ' മെഗാ എക്‌സിറ്റ് പോള്‍ ' ഇന്ന് രാത്രി ഏഴിനാണ് സംപ്രേഷണം ചെയ്യുന്നത്. ആരു ജയിക്കും എന്ന ആകാംക്ഷയിലാണ് രാഷ്ട്രീയ കേരളം.

കേരളത്തിന് പുറമെ, തമിഴ്‌നാട്, പശ്ചിമ ബംഗാള്‍, അസം, പുതുച്ചേരി സംസ്ഥാനങ്ങളിലാണ് നിയമസഭ തിരഞ്ഞെടുപ്പ് നടന്നത്. കേരളത്തിലും പുതുച്ചേരിയിലും ആസമിലും ഏപ്രില്‍ ഒമ്പതിന് ഒറ്റ ഘട്ടത്തിലായിരുന്നു വോട്ടെടുപ്പ്. തമിഴ്‌നാട്ടില്‍ 23 നും, ബംഗാളില്‍ ഏപ്രില്‍ 23, 29 തിയതികളിലുമായിട്ടായിരുന്നു വോട്ടെടുപ്പ്.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.