ന്യൂഡല്‍ഹി: പാര്‍ലമെന്റിന്റെ വര്‍ഷകാല സമ്മേളനത്തിന് മുന്നോടിയായുള്ള സര്‍വകക്ഷി യോഗം ബഹിഷ്‌കരിച്ച് പ്രതിപക്ഷം. തൃണമൂല്‍ കോണ്‍ഗ്രസില്‍ നിന്ന് വിട്ടുപോയ ഇരുപതോളം വിമത എംപിമാരുടെ 'നാഷണലിസ്റ്റ് സിറ്റിസണ്‍സ് പാര്‍ട്ടി ഓഫ് ഇന്ത്യ'യ്ക്ക് യോഗത്തിലേക്ക് സര്‍ക്കാര്‍ ക്ഷണം നല്‍കിയതാണ് പ്രതിഷേധത്തിന് കാരണമായത്.
പ്രതീകാത്മകമായി ബഹിഷ്‌കരണം നടത്തിയ ശേഷം യോഗത്തിലേക്ക് തിരിച്ചെത്തിയ പ്രതിപക്ഷ നേതാക്കള്‍, നാഷണലിസ്റ്റ് സിറ്റിസന്‍സ് പാര്‍ട്ടി ഓഫ് ഇന്ത്യ (എന്‍സിപിഐ) എങ്ങനെ സര്‍വകക്ഷി യോഗത്തിന്റെ ഭാഗമാകുമെന്ന് ചോദിച്ചു.
സ്പീക്കര്‍ ഔദ്യോഗികമായി അംഗീകരിച്ചിട്ടില്ലെന്ന് മാത്രമല്ല, പാര്‍ലമെന്റിലെ വെബ്സൈറ്റില്‍ പേരു പോലുമില്ലാത്ത പാര്‍ട്ടിയെ യോഗത്തിലേക്ക് ക്ഷണിച്ചതാണ് പ്രതിപക്ഷത്തെ പ്രകോപിപ്പിച്ചത്. വെബ്‌സൈറ്റില്‍ ഇപ്പോഴും ഈ എംപിമാരെ തൃണമൂല്‍ അംഗങ്ങളായിട്ടാണ് രേഖപ്പെടുത്തിയിട്ടുള്ളത്.
വരാനിരിക്കുന്ന സമ്മേളനത്തില്‍ സഭയില്‍ ഉന്നയിക്കപ്പെടേണ്ട പ്രധാന വിഷയങ്ങള്‍ ചര്‍ച്ച ചെയ്യാനായിരുന്നു സര്‍ക്കാരിന്റെ നീക്കമെങ്കിലും വിമതരെച്ചൊല്ലിയുള്ള തര്‍ക്കം യോഗത്തിന്റെ അന്തരീക്ഷം കലുഷിതമാക്കി.
വിമതര്‍ക്കെതിരെയുള്ള അയോഗ്യതാ ഹര്‍ജികള്‍ നിലനില്‍ക്കുന്ന സാഹചര്യത്തില്‍ ഔദ്യോഗിക പട്ടികയില്‍ തൃണമൂല്‍ കോണ്‍ഗ്രസിന് 28 അംഗങ്ങളുണ്ടായിരിക്കെ ഏത് അടിസ്ഥാനത്തിലാണ് പാര്‍ലമെന്ററി കാര്യ മന്ത്രി വിമതരെ ക്ഷണിച്ചതെന്ന് തൃണമൂല്‍ എംപി മഹുവ മോയിത്ര ചോദിച്ചു.
പാര്‍ലമെന്റിന്റെ വര്‍ഷകാല സമ്മേളനം തിങ്കളാഴ്ച ആരംഭിക്കുകയാണ്. മോഡി സര്‍ക്കാരിനേയും ബിജെപിയേയും പ്രതിരോധിക്കാനാണ് പ്രതിപക്ഷത്തിന്റെ തീരുമാനം. അതേസമയം, കൂറുമാറിയവരുടെയും പുതിയ രാജ്യസഭാംഗങ്ങളുടെയും പിന്തുണയോടെ എന്‍ഡിഎ അംഗബലം കൂട്ടിയിട്ടുണ്ട്. തൃണമൂല്‍ വിമതരും ഉദ്ധവ് വിഭാഗം ശിവസേനയിലെയും ആംആദ്മി പാര്‍ട്ടിയിലെയും ഒരുവിഭാഗം എംപിമാരും എന്‍ഡിഎ പക്ഷത്താണ്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.