പുതിയ കെപിസിസി അധ്യക്ഷന്‍ ഉടന്‍ വേണമെന്ന ആവശ്യം ശക്തം; ചര്‍ച്ചകള്‍ക്കായി വി.ഡി സതീശന്‍ ഡല്‍ഹിയിലേക്ക്

പുതിയ കെപിസിസി അധ്യക്ഷന്‍ ഉടന്‍ വേണമെന്ന ആവശ്യം ശക്തം; ചര്‍ച്ചകള്‍ക്കായി വി.ഡി സതീശന്‍ ഡല്‍ഹിയിലേക്ക്

ന്യൂഡല്‍ഹി: യുഡിഎഫ് സര്‍ക്കാര്‍ അധികാരത്തില്‍ എത്തിയതിന് പിന്നാലെ കോണ്‍ഗ്രസില്‍ ചില അസ്വാരസ്യങ്ങള്‍ ഉടലെടുത്ത സാഹചര്യത്തില്‍ പുതിയ കെപിസിസി അധ്യക്ഷനെ ഉടന്‍ നിയമിക്കണമെന്ന ആവശ്യം പാര്‍ട്ടിയില്‍ ശക്തമായി. ഇതുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ക്കായി മുഖ്യമന്ത്രി വി.ഡി സതീശന്‍ ഇന്ന് ഡല്‍ഹിയിലെത്തും.

പാര്‍ലമെന്റ് സമ്മേളനം നടന്നുകൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ വിവിധ കേന്ദ്ര മന്ത്രിമാരുമായി കൂടിക്കാഴ്ച നടത്താനാണ് യാത്രയെന്ന് ഔദ്യോഗിക ഭാഷ്യമുണ്ടെങ്കിലും ഈ സന്ദര്‍ശനത്തിന്റെ പ്രധാന അജണ്ട കെപിസിസി അധ്യക്ഷ സ്ഥാനത്തെ ചൊല്ലിയുള്ള അനിശ്ചിതത്വം പരിഹരിക്കുക എന്നതാണെന്നാണ് സൂചനകള്‍.

സംസ്ഥാന കോണ്‍ഗ്രസില്‍ കെപിസിസി അധ്യക്ഷനില്ലാത്തത് നിലവില്‍ വലിയ സംഘടനാ പ്രതിസന്ധികള്‍ക്ക് കാരണമാകുന്നുണ്ട്. ഈ പശ്ചാത്തലത്തില്‍ എത്രയും വേഗം പുതിയ അധ്യക്ഷനെ നിയമിക്കേണ്ടത് അത്യാവശ്യമാണെന്ന നിലപാടിലാണ് എഐസിസി നേതൃത്വം.

നാളെ വി.ഡി സതീശന്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന ഖാര്‍ഗെ, രാഹുല്‍ ഗാന്ധി എന്നിവരുമായി കൂടിക്കാഴ്ച നടത്താന്‍ സാധ്യതയുണ്ട്. ഈ ചര്‍ച്ചകളില്‍ കേരളത്തിലെ പുതിയ അധ്യക്ഷനെ സംബന്ധിച്ച തന്റെ നിലപാട് അദേഹം കേന്ദ്ര നേതൃത്വത്തെ അറിയിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

എന്നാല്‍ മുഖ്യമന്ത്രിയുടെ ഓഫീസോ അദേഹവുമായി അടുത്ത വൃത്തങ്ങളോ എഐസിസി നേതൃത്വവുമായുള്ള ചര്‍ച്ചകള്‍ ഇതുവരെ ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല. എന്നിരുന്നാലും സതീശന്‍ ഡല്‍ഹിയിലെത്തുന്ന സാഹചര്യത്തില്‍ ദേശീയ നേതൃത്വവുമായുള്ള ചര്‍ച്ചകള്‍ തള്ളിക്കളയാനാവില്ലെന്ന് കോണ്‍ഗ്രസ് വൃത്തങ്ങള്‍ വ്യക്തമാക്കുന്നു.

ചൊവ്വാഴ്ച വൈകുന്നേരത്തോടെ സതീശന്‍ ഡല്‍ഹിയില്‍ നിന്നും മടങ്ങുമെന്നാണ് വിവരം. ബുധനാഴ്ച സംസ്ഥാനത്ത് മന്ത്രിസഭാ യോഗം ചേരുന്ന പശ്ചാത്തലത്തിലാണ് ഈ മടക്കം. അതുകൊണ്ടുതന്നെ നാളെ നടക്കുന്ന കൂടിക്കാഴ്ചകള്‍ കേരളത്തിലെ പാര്‍ട്ടി പുനസംഘടനയില്‍ ഏറെ നിര്‍ണായകമായിരിക്കും.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.