ന്യൂയോർക്ക്: നിരാലംബരുടെയും രോഗികളുടെയും കണ്ണീരൊപ്പാൻ ജീവിതം മാറ്റിവെച്ച സിസ്റ്റർ സൂസൻ ലാച്ചപെല്ലിന്റെ സ്മരണാർത്ഥം ന്യൂയോർക്ക് സിറ്റിയിലെ തെരുവിന് സന്യാസിനിയുടെ പേര് നൽകി. ഈസ്റ്റ് ഹാർലെമിലെ തെരുവ് ഇനി മുതൽ "സിസ്റ്റർ സൂസൻ ലാച്ചപെല്ല് വേ" എന്നറിയപ്പെടും. ഏപ്രിൽ 25 ശനിയാഴ്ച നടന്ന ചടങ്ങിൽ നൂറുകണക്കിന് ആളുകളാണ് തങ്ങളുടെ പ്രിയപ്പെട്ട സിസ്റ്ററോടുള്ള ആദരസൂചകമായി ഒത്തുകൂടിയത്.
ഏകദേശം 45 വർഷത്തോളം ഈസ്റ്റ് ഹാർലെം കേന്ദ്രീകരിച്ച് സിസ്റ്റർ സൂസൻ നടത്തിയ നിസ്തുലമായ സേവനങ്ങളാണ് നഗരസഭയെ ഇത്തരമൊരു തീരുമാനത്തിലേക്ക് നയിച്ചത്. ലിറ്റിൽ സിസ്റ്റർ ഓഫ് ദി അസംപ്ഷൻ സന്യാസ സമൂഹാംഗമായ അവർ ദുർബലരായ കുടുംബങ്ങൾക്കും കുട്ടികൾക്കും അടിസ്ഥാന ആവശ്യങ്ങൾ ലഭ്യമാക്കുന്നതിൽ നിർണായക പങ്ക് വഹിച്ചു.
1962-ൽ സന്യാസ സമൂഹത്തിൽ ചേർന്ന അവർ 'സിസ്റ്റർ സൂസന്ന മേരി ഓഫ് ദി സേക്രഡ് ഹാർട്ട്' എന്ന പേര് സ്വീകരിച്ചു. 1971 ലായിരുന്നു നിത്യവ്രത വാഗ്ദാനം. ലിറ്റിൽ സിസ്റ്റർ ഓഫ് ദി അസംപ്ഷൻ ഫാമിലി ഹെൽത്ത് സർവീസസ് എന്ന സംഘടനയുടെ പ്രവർത്തനങ്ങൾക്ക് ചുക്കാൻ പിടിച്ച സിസ്റ്റർ ആയിരക്കണക്കിന് സാധാരണക്കാരുടെ ജീവിതത്തിലാണ് വെളിച്ചം എത്തിച്ചത്.
സന്നദ്ധ സംഘടനയുടെ വളർച്ചയിലും അതിന്റെ ലക്ഷ്യങ്ങൾ നിശ്ചയിക്കുന്നതിലും സിസ്റ്റർ ലാച്ചപെല്ലെ വലിയ സ്വാധീനം ചെലുത്തിയതായി സഹപ്രവർത്തകർ അനുസ്മരിച്ചു. നഗരത്തിലെ തിരക്കേറിയ ഒരു തെരുവിന് സിസ്റ്ററുടെ പേര് നൽകുന്നതിലൂടെ അവർ സമൂഹത്തിന് നൽകിയ അസാധാരണമായ സ്നേഹത്തിന്റെയും കാരുണ്യത്തിന്റെയും സന്ദേശം വരും തലമുറകളിലേക്കും കൈമാറപ്പെടുകയാണ്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള് സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.