ന്യൂഡല്‍ഹി: ഇന്ത്യ-വിയറ്റ്‌നാം ഉഭയകക്ഷി ചര്‍ച്ചയുടെ ഭാഗമായി വിയറ്റ്‌നാം പ്രസിഡന്റ് തോ ലാം ഇന്ന് പ്രധാനമന്ത്രി നരേന്ദ്ര മോഡിയുമായി ഡല്‍ഹിയില്‍ കൂടിക്കാഴ്ച നടത്തും. ഇന്ന് രാവിലെ രാഷ്ട്രപതി ഭവനിലെത്തുന്ന വിയറ്റ്‌നാം പ്രസിഡന്റിന് ആചാരപരമായ ഔദ്യോഗിക സ്വീകരണം നല്‍കും.
മൂന്ന് ദിവസത്തെ ഔദ്യോഗിക സന്ദര്‍ശനത്തിനായി ഇന്നലെ ഡല്‍ഹിയിലെത്തിയ അദേഹത്തെ കേന്ദ്ര ആഭ്യന്തര സഹമന്ത്രി നിത്യാനന്ദ് റായ് വിമാനത്താവളത്തിയാണ് സ്വീകരിച്ചത്. ഏപ്രിലില്‍ വിയറ്റ്‌നാം പ്രസിഡന്റായി ചുമതലയേറ്റ ശേഷം തോ ലാം നടത്തുന്ന ആദ്യത്തെ ഇന്ത്യ സന്ദര്‍ശനമാണിത്. അദേഹത്തോടൊപ്പം വിയറ്റ്‌നാമിലെ മുതിര്‍ന്ന മന്ത്രിമാരും ഉന്നത ഉദ്യോഗസ്ഥരും പ്രമുഖ വ്യവസായികളും അടങ്ങുന്ന ഉന്നതതല പ്രതിനിധി സംഘവും ഉണ്ട്.
പ്രധാനമന്ത്രി മോഡിയുമായി നടത്തുന്ന വിപുലമായ ചര്‍ച്ചകളില്‍ ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം, പ്രാദേശികവും ആഗോളവുമായ പ്രസക്തമായ വിഷയങ്ങള്‍ എന്നിവ ഉന്നയിക്കപ്പെടും. ഈ ചര്‍ച്ചകള്‍ക്ക് ശേഷം സുപ്രധാനമായ നിരവധി ധാരണാ പത്രങ്ങളില്‍ ഇരു രാജ്യങ്ങളും ഒപ്പുവെയ്ക്കും. വൈകുന്നേരം അദേഹം രാഷ്ട്രപതി ദ്രൗപതി മുര്‍മുവിനെ സന്ദര്‍ശിക്കും.
കൂടാതെ ലോക്‌സഭാ സ്പീക്കര്‍ ഓം ബിര്‍ളയുമായും അദേഹം കൂടിക്കാഴ്ച നടത്തുമെന്ന് അറിയിച്ചിട്ടുണ്ട്. സന്ദര്‍ശനത്തിന്റെ ഭാഗമായി ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് വേള്‍ഡ് അഫയേഴ്‌സ് സംഘടിപ്പിക്കുന്ന 56 ാമത് സപ്രു ഹൗസ് പ്രഭാഷണവും തോ ലാം നിര്‍വഹിക്കും. ഇന്ത്യയും വിയറ്റ്‌നാമും തമ്മിലുള്ള നയതന്ത്ര ബന്ധം 'കോംപ്രിഹെന്‍സീവ് സ്ട്രാറ്റജിക് പാര്‍ട്ണര്‍ഷിപ്പ്' ആയി ഉയര്‍ത്തിയതിന്റെ പത്താം വാര്‍ഷിക വേളയിലാണ് ഈ സന്ദര്‍ശനം.
2016 ല്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ വിയറ്റ്‌നാം സന്ദര്‍ശന വേളയിലായിരുന്നു ഈ നിര്‍ണായക തീരുമാനം.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.