വേ ഫെങ്ഹെ, ലി ഷാങ്ഫു
ബെയ്ജിങ്: അഴിമതിക്കേസില്‍ ചൈനീസ് മുന്‍ പ്രതിരോധ മന്ത്രിമാരായ വേ ഫെങെയ്ക്കും ലി ഷാങ്ഫുവിനും വധശിക്ഷ വിധിച്ച് ഷി ജിന്‍പിങ് സര്‍ക്കാര്‍ ഉത്തരവിട്ടു. ചൈനീസ് ഔദ്യോഗിക വാര്‍ത്താ ഏജന്‍സിയായ ഷിന്‍ഹുവ ഇക്കാര്യം സ്ഥിരീകരിച്ചു.
പ്രതിരോധ മന്ത്രിയായിരുന്ന ലി ഷാങ്ഫുവിനെതിരെ 2024 ലാണ് അന്വേഷണം ആരംഭിക്കുകയും തുടര്‍ന്ന് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കുകയും ചെയ്തിരുന്നു. ഔദ്യോഗിക പദവി ദുരുപയോഗം ചെയ്ത് വന്‍ തുകകളും വിലപിടിപ്പുള്ള വസ്തുക്കളും കൈക്കൂലിയായി വാങ്ങിയെന്നാണ് അന്വേഷണ ഏജന്‍സികളുടെ കണ്ടെത്തല്‍.
സൈനിക നിയമനങ്ങളില്‍ സ്വന്തം താല്‍പര്യങ്ങള്‍ സംരക്ഷിക്കാന്‍ ഇടപെട്ടതായും ഷാങ്ഫുവിനെതിരെ ആരോപണമുണ്ട്. ചൈനയുടെ കരുത്തുറ്റ സെന്‍ട്രല്‍ മിലിട്ടറി കമ്മീഷനില്‍ അംഗമായിരുന്ന ഇദേഹം 2023 ല്‍ പെട്ടെന്ന് പൊതുരംഗത്ത് നിന്ന് അപ്രത്യക്ഷനാകുകയും പിന്നീട് മന്ത്രി സ്ഥാനത്ത് നിന്ന് നീക്കം ചെയ്യപ്പെടുകയുമായിരുന്നു.
ലി ഷാങ്ഫുവിന് മുന്‍പ് പ്രതിരോധ മന്ത്രി സ്ഥാനം വഹിച്ചിരുന്ന വേ ഫെങെയും സമാനമായ അഴിമതി ആരോപണങ്ങളെ തുടര്‍ന്നാണ് ശിക്ഷിക്കപ്പെട്ടത്. ചൈനീസ് പീപ്പിള്‍സ് ലിബറേഷന്‍ ആര്‍മിയിലെ ഉന്നത ഉദ്യോഗസ്ഥരെ ലക്ഷ്യം വെച്ച് നടത്തുന്ന വിപുലമായ ശുദ്ധീകരണ പ്രക്രിയയുടെ ഭാഗമാണിതെന്നാണ് വിവരം.
കഴിഞ്ഞ വര്‍ഷം മാത്രം സെന്‍ട്രല്‍ മിലിട്ടറി കമ്മീഷന്‍ വൈസ് ചെയര്‍മാനായിരുന്ന ഹേ വെയ്ഡോങ് ഉള്‍പ്പെടെയുള്ള ഒമ്പത് പ്രമുഖ ജനറല്‍മാരെയാണ് അഴിമതിയും അച്ചടക്ക ലംഘനവും ആരോപിച്ച് സൈന്യത്തില്‍ നിന്ന് പുറത്താക്കിയത്.
ഷി ജിന്‍ പിങിന്റെ അഴിമതി വിരുദ്ധ നീക്കങ്ങളില്‍ മുന്‍ വിദേശകാര്യ മന്ത്രി ചിന്‍ ഗാങ് ഉള്‍പ്പെടെയുള്ള പ്രമുഖര്‍ക്കും നേരത്തെ നടപടി നേരിടേണ്ടി വന്നിട്ടുണ്ട്. അഴിമതി തുടച്ചു നീക്കുക എന്നതിലുപരി, സൈന്യത്തിന് മേല്‍ തന്റെ ആധിപത്യം കൂടുതല്‍ ശക്തമാക്കാനാണ് പ്രസിഡന്റ് ഷി ജിന്‍ പിങ് ഇതിലൂടെ ശ്രമിക്കുന്നതെന്നാണ് വിലയിരുത്തപ്പെടുന്നത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.