അന്ന് പെരുമ്പാവൂരിലെ സെക്യൂരിറ്റി പയ്യന്‍ ഇന്ന് സംസ്ഥാനത്തെ മന്ത്രി!.. തൊഴിലുറപ്പ് തൊഴിലാളിയായ അമ്മ പുഷ്പയ്ക്കും കേരളത്തിനും ഇത് അഭിമാന നിമിഷം

അന്ന് പെരുമ്പാവൂരിലെ സെക്യൂരിറ്റി പയ്യന്‍ ഇന്ന് സംസ്ഥാനത്തെ മന്ത്രി!.. തൊഴിലുറപ്പ് തൊഴിലാളിയായ അമ്മ പുഷ്പയ്ക്കും കേരളത്തിനും ഇത് അഭിമാന നിമിഷം

മന്ത്രി ഒ.ജെ ജനീഷ് അമ്മ പുഷ്പയ്ക്കും ഭാര്യ  ശ്രീലക്ഷ്മിക്കുമൊപ്പം.

കൊച്ചി:  വി.ഡി സതീശന്‍ മന്ത്രിസഭയില്‍ അവസാന നിമിഷം എല്ലാവരേയും അത്ഭുതപ്പെടുത്തിക്കൊണ്ടായിരുന്നു യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ ഒ.ജെ ജനീഷിന്റെ മാസ് എന്‍ട്രി. പല പ്രമുഖരുടെയും പേരുകള്‍ മാറി മറിഞ്ഞ ചര്‍ച്ചകള്‍ അന്തിമ ഘട്ടത്തിലെത്തിയപ്പോഴാണ് മുപ്പത്തേഴുകാരനായ ജനീഷിന് നറുക്ക് വീഴുന്നത്.

ഈഴവ പ്രാതിനിധ്യവും തൃശൂര്‍ ജില്ലയ്ക്കുള്ള പരിഗണനയും യുവത്വത്തിന് നല്‍കിയ മുന്‍ഗണനയും ജനീഷിന് തുണയായി. പുതിയ കാബിനറ്റിലെ ഏറ്റവും പ്രായം കുറഞ്ഞ അംഗമായ ജനീഷ് സ്വന്തം അധ്വാനത്തിലും നിശ്ചയ ദാര്‍ഢ്യത്തിലും പടുത്തുയര്‍ത്തര്‍ത്തിയതാണ് ജീവിതം.

അമ്മ തൊഴിലുറപ്പ് തൊഴിലാളിയായിരുന്നു. പെരുമ്പാവൂര്‍ പോളിടെക്‌നിക്കില്‍ രണ്ടാം വര്‍ഷ ഡിപ്ലോമ വിദ്യാര്‍ഥിയായിരിക്കെ ചാലക്കുടിയിലെ ബാര്‍ ജീവനക്കാരനായിരുന്ന അച്ഛന്‍ ജനരഞ്ജന്‍ ജോലി സ്ഥലത്ത് കുഴഞ്ഞു വീണു മരിച്ചു.

അതോടെ കുടുംബത്തിന്റെ ഭാരം മുഴുവന്‍ അമ്മ പുഷ്പയുടെ ചുമലിലായി. തൊഴിലുറപ്പ് ജോലിക്കു പോയി രണ്ട് മക്കളെ അമ്മ പുഷ്പ പോറ്റി വളര്‍ത്തി. വീട്ടിലെ ദുരിതം കണ്ടറിഞ്ഞ ജനീഷ് പഠനച്ചെലവിനായി പെരുമ്പാവൂരില്‍ സെക്യൂരിറ്റി ജീവനക്കാരനായി പാര്‍ട്ട് ടൈം ജോലി ചെയ്തു. പിന്നീട് ഇന്റര്‍നെറ്റ് കഫേയിലെ തൊഴിലാളിയായും പണിയെടുത്തു. ജീവിത സാഹചര്യങ്ങളോട് പടവെട്ടി വന്ന ജനീഷ് ഇന്ന് സംസ്ഥാനത്തെ മന്ത്രിയാണ്.

ജീവിതത്തിലെ കഠിന സാഹചര്യങ്ങളിലും മിടുക്കനായി പഠിക്കാന്‍ ജനീഷ് മറന്നില്ല. കുഴൂര്‍ ഗവണ്‍മെന്റ് ഹൈസ്‌കൂളിലും പുത്തന്‍വേലിക്കര വിസിഎസ്എച്ച്എസ്എസിലുമായിരുന്നു സ്‌കൂള്‍ പഠനം. പെരുമ്പാവൂര്‍ ഗവണ്‍മെന്റ് പോളിടെക്‌നിക്കില്‍ നിന്ന് ഇലക്ട്രോണിക്‌സ് ആന്‍ഡ് കമ്മ്യൂണിക്കേഷന്‍ ഡിപ്ലോമയും, തൃശൂര്‍ ഗവണ്‍മെന്റ് ലോ കോളജില്‍ നിന്ന് ബിബിഎ എല്‍എല്‍ബി ബിരുദവും നേടി.

കെ.എസ്.യുവിലൂടെയാണ് രാഷ്ട്രീയത്തില്‍ സജീവമായത്. പോളിടെക്‌നിക്കിലെ കെ.എസ്.യു യൂണിറ്റ് പ്രസിഡന്റായി തുടങ്ങിയ യാത്ര 2007 ല്‍ മാള നിയോജക മണ്ഡലം പ്രസിഡന്റ്, 2012 ല്‍ തൃശൂര്‍ ജില്ലാ വൈസ് പ്രസിഡന്റ്, 2017 ല്‍ ജില്ലാ പ്രസിഡന്റ് എന്നീ പദവികളിലെത്തിച്ചു.

യൂത്ത് കോണ്‍ഗ്രസ് കൊടുങ്ങല്ലൂര്‍ നിയോജക മണ്ഡലം വൈസ് പ്രസിഡന്റായും 2020-23 കാലയളവില്‍ തൃശൂര്‍ ജില്ലാ പ്രസിഡന്റായും തിളങ്ങി. പാലിയേക്കര ടോള്‍ പ്ലാസയ്‌ക്കെതിരെ ഹൈക്കോടതി മുതല്‍ സുപ്രീം കോടതി വരെ ജനീഷ് നടത്തിയ നിയമയുദ്ധം രാഷ്ട്രീയ കേരളത്തില്‍ വലിയ കയ്യടി നേടിക്കൊടുത്തു. മുന്‍ സര്‍ക്കാരിന്റെ നവകേരള സദസ്സിനെതിരെയുള്ള പ്രതിഷേധങ്ങളുടെ ഭാഗമായി 21 ദിവസം ജയില്‍വാസവും അനുഭവിച്ചിട്ടുണ്ട്.

2023 മുതല്‍ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റായിരുന്ന ജനീഷ്, രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ ഉയര്‍ന്ന വിവാദങ്ങളെ തുടര്‍ന്ന് കഴിഞ്ഞ ഒക്ടോബറിലാണ് സംസ്ഥാന അധ്യക്ഷനായി ചുമതലയേല്‍ക്കുന്നത്. നിയമസഭാ തിരഞ്ഞെടുപ്പില്‍ ഇടതുപക്ഷത്തിന്റെ ശക്തമായ കോട്ടയായ കൊടുങ്ങല്ലൂരില്‍ പാര്‍ട്ടി ജനീഷിനെ ഇറക്കുമ്പോള്‍ കോണ്‍ഗ്രസ് നേതൃത്വം പോലും അത്ര വലിയ വിജയം പ്രതീക്ഷിച്ചിരുന്നില്ല.

എന്നാല്‍ പരമ്പരാഗത വോട്ടുകള്‍ ഉറപ്പിച്ചും ഇടതു വോട്ടുകളില്‍ വിള്ളലുണ്ടാക്കിയും ജനീഷ് നടത്തിയ പ്രചാരണം ഫലം കണ്ടു. എല്‍ഡിഎഫിലെ അതികായനായ സിപിഐയിലെ വി.ആര്‍ സുനില്‍ കുമാറിനെ 8,308 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് സഭയിലെ പുതുമുഖമായ ജനീഷ് പരാജയപ്പെടുത്തിയത്.

ആ പോരാട്ട വീര്യത്തിനുള്ള സമ്മാനമായാണ് ഹൈക്കമാന്‍ഡ് നിര്‍ദേശ പ്രകാരം ജനീഷ് ഇപ്പോള്‍ മന്ത്രിസഭയില്‍ എത്തിയത്. അഡ്വ. ശ്രീലക്ഷ്മിയാണ് ഭാര്യ. സഹോദരന്‍ ധനേഷ്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.