ഇറാനിൽ ക്രൈസ്തവ സാറ്റലൈറ്റ് ചാനലുകൾ നിരോധിച്ച് ഭരണകൂടം; കടുത്ത നിയന്ത്രണങ്ങളുമായി രഹസ്യാന്വേഷണ വിഭാഗം

ഇറാനിൽ ക്രൈസ്തവ സാറ്റലൈറ്റ് ചാനലുകൾ നിരോധിച്ച് ഭരണകൂടം; കടുത്ത നിയന്ത്രണങ്ങളുമായി രഹസ്യാന്വേഷണ വിഭാഗം

ടെഹ്‌റാൻ: തീവ്ര ഇസ്ലാമിക നിലപാടുകൾ ശക്തമായ ഇറാനിൽ, പേർഷ്യൻ ഭാഷയിൽ പ്രവർത്തിക്കുന്ന ക്രൈസ്തവ സാറ്റലൈറ്റ് ടെലിവിഷൻ ചാനലുകളെ നിരോധിത വിഭാഗത്തിൽ ഉൾപ്പെടുത്തി. ഈ ചാനലുകൾ കാണുന്നതും അവയുമായി ഏതെങ്കിലും തരത്തിലുള്ള സഹകരണം പുലർത്തുന്നതും രാജ്യത്തെ നിയമപ്രകാരം ഇനി കുറ്റകരമായിരിക്കുമെന്ന് ക്രൈസ്തവ പീഡനങ്ങൾ നിരീക്ഷിക്കുന്ന സംഘടനയായ 'ഓപ്പൺ ഡോർസ്' റിപ്പോർട്ട് ചെയ്യുന്നു. ക്രൈസ്തവ ചാനലുകളെ സർക്കാരിന്റെ പ്രധാന പ്രതിപക്ഷ മാധ്യമങ്ങളുടെ പട്ടികയിലാണ് ഇറാനിലെ ഇന്റലിജൻസ് മന്ത്രാലയം ഉൾപ്പെടുത്തിയിരിക്കുന്നത്.

നവീകരിച്ച ഇറാന്റെ ചാരവൃത്തി നിയമങ്ങളുടെ അടിസ്ഥാനത്തിലാണ് ഈ കടുത്ത നടപടി. ഇത്തരം മാധ്യമങ്ങളുമായി സഹകരിക്കുന്നവർ കടുത്ത നിയമനടപടികൾ നേരിടേണ്ടിവരുമെന്ന് അധികാരികൾ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. കഴിഞ്ഞ നാല് പതിറ്റാണ്ടുകളായി പേർഷ്യൻ ഭാഷ സംസാരിക്കുന്നവർക്കിടയിലുള്ള ക്രൈസ്തവ ശുശ്രൂഷകളെ ഇറാൻ ഭരണകൂടം ആസൂത്രിതമായി നിയന്ത്രിച്ചുവരികയാണ്.

ക്രൈസ്തവ ആരാധനാലയങ്ങൾ അടച്ചുപൂട്ടുക, വീടുകളിൽ നടക്കുന്ന രഹസ്യ ആരാധനാ കൂട്ടായ്മകളിൽ റെയ്ഡ് നടത്തുക, ബൈബിളുകളും ക്രൈസ്തവ പ്രസിദ്ധീകരണങ്ങളും കണ്ടുകെട്ടുക എന്നിവയാണ് സർക്കാരിന്റെ പ്രധാന നടപടികൾ.

ഇസ്‌ലാം മതം ഉപേക്ഷിച്ച് ക്രൈസ്തവ വിശ്വാസം സ്വീകരിക്കുന്നവരെ ദേശീയ സുരക്ഷയ്ക്ക് വിരുദ്ധമായി പ്രവർത്തിക്കുന്നുവെന്ന വ്യാജാരോപണം ചുമത്തി അറസ്റ്റ് ചെയ്യുന്നത് ഇറാനിൽ പതിവ് സംഭവമായി മാറിയിട്ടുണ്ട്. ഇത്തരം ദുരിതപൂർണമായ സാഹചര്യങ്ങളിൽ ബൈബിൾ പഠനങ്ങൾക്കും ഓൺലൈൻ ശുശ്രൂഷകൾക്കും ആത്മീയ ഉണർവ് പകരുന്ന പരിപാടികൾക്കുമായി പേർഷ്യൻ ക്രൈസ്തവ സാറ്റലൈറ്റ് ചാനലുകളെയായിരുന്നു ഇറാനിലെ വിശ്വാസികൾ വലിയ തോതിൽ ആശ്രയിച്ചിരുന്നത്.

എന്നാൽ പുതിയ നിരോധനം ഈ ആത്മീയ ആശ്വാസ മാർഗങ്ങൾ കൂടി പൂർണമായും ഇല്ലാതാക്കുമെന്ന ആശങ്കയിലാണ് വിശ്വാസ സമൂഹം.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.