എട്ട് പതിറ്റാണ്ടിന്റെ സമാധാന പാത ഉപപേക്ഷിക്കുന്നു: പ്രതിരോധ ബജറ്റിലും സൈനിക നയത്തിലും ചരിത്രപരമായ മാറ്റങ്ങള്‍ക്ക് ജപ്പാന്‍

 എട്ട് പതിറ്റാണ്ടിന്റെ സമാധാന പാത ഉപപേക്ഷിക്കുന്നു: പ്രതിരോധ ബജറ്റിലും സൈനിക നയത്തിലും ചരിത്രപരമായ മാറ്റങ്ങള്‍ക്ക് ജപ്പാന്‍

ടോക്കിയോ: രണ്ടാം ലോകമഹായുദ്ധത്തിന്റെ പശ്ചാത്തലത്തില്‍ എട്ട് പതിറ്റാണ്ടായി പിന്തുടര്‍ന്നുപോന്ന സമാധാനപൂര്‍ണവും ആക്രമണരഹിതവുമായ സമാധാന നയങ്ങളില്‍ നിന്ന് ജപ്പാന്‍ പിന്മാറുന്നു. അയല്‍ രാജ്യങ്ങളായ ചൈനയുടെ അതിവേഗത്തിലുള്ള സൈനിക വളര്‍ച്ച, റഷ്യയുടെ ഭൗമരാഷ്ട്രീയ ഭീഷണികള്‍, വടക്കന്‍ കൊറിയയുടെ ആണവ പരീക്ഷണങ്ങള്‍ എന്നിവ മുന്‍നിര്‍ത്തിയാണ് ജപ്പാന്‍ തങ്ങളുടെ പ്രതിരോധ തന്ത്രങ്ങള്‍ക്ക് പുതിയ രൂപം നല്‍കുന്നത്.

ഇതിന്റെ ഭാഗമായി രാജ്യത്തിന്റെ ജിഡിപിയുടെ ഒരു ശതമാനമായി നിജപ്പെടുത്തിയിരുന്ന പ്രതിരോധ വിഹിതം രണ്ട് ശതമാനമായി ഉയര്‍ത്താന്‍ തീരുമാനമായി. 2027 ഓടെ നിര്‍ദ്ദിഷ്ട നയം പൂര്‍ണമായി നടപ്പിലാകുന്നതോടെ ലോകത്തില്‍ പ്രതിരോധത്തിനായി ഏറ്റവും കൂടുതല്‍ തുക നീക്കിവെക്കുന്ന മൂന്നാമത്തെ രാജ്യമായി ജപ്പാന്‍ മാറും. ഇതിനകം തന്നെ 2026 സാമ്പത്തിക വര്‍ഷത്തിലേക്ക് 58 ബില്യണ്‍ ഡോളറിന്റെ ബജറ്റാണ് മാറ്റിവെച്ചിരിക്കുന്നത്. കേവലം സ്വയം പ്രതിരോധത്തിന് അപ്പുറം ശത്രു രാജ്യങ്ങളിലെ സൈനിക കേന്ദ്രങ്ങളെ നേരിട്ട് ആക്രമിക്കാന്‍ ശേഷിയുള്ള ദീര്‍ഘദൂര മിസൈലുകള്‍ സ്വന്തമാക്കാനും നീക്കങ്ങള്‍ ആരംഭിച്ചിട്ടുണ്ട്.

ആഗോള തലത്തിലുള്ള സുരക്ഷാ സാഹചര്യം മുന്‍നിര്‍ത്തി മാരകായുധങ്ങള്‍ വിദേശത്തേക്ക് കയറ്റുമതി ചെയ്യുന്നതിന് നിലനിന്നിരുന്ന 80 വര്‍ഷത്തെ നിരോധനം ഒഴിവാക്കാന്‍ സര്‍ക്കാര്‍ തയ്യാറായി. ഇതിലൂടെ ഇന്ത്യ ഉള്‍പ്പെടെ 17 പങ്കാളിത്ത രാജ്യങ്ങളിലേക്ക് ആയുധങ്ങള്‍ കൈമാറാന്‍ സൗകര്യമൊരുങ്ങും. ഇതോടൊപ്പം അമേരിക്കന്‍ മാതൃകയില്‍ രാജ്യത്തിന് മാത്രമായി കേന്ദ്രീകൃത ഇന്റലിജന്‍സ് ഏജന്‍സി രൂപീകരിക്കാന്‍ പ്രധാനമന്ത്രി സനേ തകൈച്ചിയുടെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ നടപടികള്‍ സ്വീകരിച്ചതും വലിയ തന്ത്രപരമായ മാറ്റമായി വിലയിരുത്തപ്പെടുന്നു.

ജപ്പാന്റെ ഈ സൈനിക നയം മാറ്റത്തില്‍ ചൈന ശക്തമായ അമര്‍ഷവും ആശങ്കയും രേഖപ്പെടുത്തി. മേഖലയില്‍ മറ്റൊരു ശക്തമായ സൈനിക വിന്യാസം വരുന്നത് തങ്ങള്‍ക്ക് ഭീഷണിയാണെന്നും ഇത് ഏഷ്യയിലെ സമാധാനാന്തരീക്ഷം തകര്‍ക്കുമെന്നും ബീജിങ് കുറ്റപ്പെടുത്തി. രണ്ടാം ലോകമഹായുദ്ധ കാലത്തെ ഓര്‍മ്മകള്‍ വീണ്ടും കൊണ്ടുവരാനാണ് അമേരിക്കയുടെ പിന്തുണയോടെയുള്ള ഈ നീക്കമെന്നാണ് ചൈനീസ് നിലപാട്. എന്നാല്‍ സ്വയം പ്രതിരോധത്തിനും പ്രാദേശിക സുസ്ഥിരതയ്ക്കും ഇത്തരം നവീകരണങ്ങള്‍ അത്യന്താപേക്ഷിതമാണെന്ന് ജപ്പാന്‍ വ്യക്തമാക്കുന്നു.

ആണവാക്രമണത്തിന് ഇരയായ ഏക രാജ്യമെന്ന നിലയില്‍ ആണവായുധങ്ങളോട് ജപ്പാന്‍ പരമ്പരാഗതമായി വച്ചുപുലര്‍ത്തുന്ന വിയോജിപ്പിലും മാറ്റങ്ങള്‍ പ്രതിഫലിക്കുന്നുണ്ട്. 1967 ല്‍ മുന്‍ പ്രധാനമന്ത്രി സാറ്റോ ഈസാക്കു നടപ്പിലാക്കിയ മൂന്ന് നോണ്‍-ന്യൂക്ലിയര്‍ തത്വങ്ങള്‍ അനുസരിച്ച് ആണവായുധ നിര്‍മാണം, സൂക്ഷിപ്പ്, വിദേശ ആണവായുധങ്ങളുടെ കടന്നുവരവ് എന്നിവ ജപ്പാനില്‍ പൂര്‍ണമായി നിരോധിച്ചിരുന്നു. എന്നാല്‍ മാറുന്ന ഭൗമരാഷ്ട്രീയ സാഹചര്യത്തില്‍ ആണവ സുരക്ഷ നയങ്ങള്‍ പുനപരിശോധിക്കണമെന്ന വികാരം ഭരണകൂടത്തില്‍ ശക്തമാണ്.

രാജ്യത്തെ 75 ശതമാനത്തോളം വരുന്ന ജനങ്ങളും സമാധാന നയങ്ങളില്‍ ഉറച്ചുനില്‍ക്കുന്നുണ്ടെങ്കിലും പുതിയ പ്രതിരോധ മാറ്റങ്ങളിലൂടെ ഏഷ്യ-പസഫിക് മേഖലയുടെ ഭാവി നിര്‍ണയിക്കുന്നതില്‍ ജപ്പാന്‍ നിര്‍ണായക പങ്കുവഹിക്കുമെന്ന കാര്യത്തില്‍ സംശയമില്ല.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.